10:30pm 31 October 2026
NEWS
മന്ത്രിയും സർക്കാരും ഒന്നും അറിഞ്ഞില്ല; കേരളത്തിൽ പുതുതായി മൂന്ന് ബാറുകൾക്ക് ലൈസൻസ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
31/10/2026  07:53 AM IST
nila
മന്ത്രിയും സർക്കാരും ഒന്നും അറിഞ്ഞില്ല; കേരളത്തിൽ പുതുതായി മൂന്ന് ബാറുകൾക്ക് ലൈസൻസ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുൻപേ മൂന്ന് ബീയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പിൽ നടപടി. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അറിവില്ലാതെ ലൈസൻസ് അനുവദിച്ചതിനെത്തുടർന്ന് രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരെ സസ്പെൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ്, കോട്ടയം ജില്ലയുടെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ പി.എൽ. ഷിബു എന്നിവർക്കെതിരെയാണ് നടപടി.

മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ ബീയർ–വൈൻ പാർലറുകൾക്കാണ് പുതിയ ബാർ ലൈസൻസ് അനുവദിച്ചത്. സംഭവത്തിൽ അതൃപ്തി അറിയിച്ച മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന് നിർദേശം നൽകിയിരുന്നു. ലൈസൻസ് അനുവദിച്ചത് തന്റെ അറിവോടെയല്ലെന്ന് കമ്മിഷണർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.

മുൻ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ ബാർ ലൈസൻസ് നഷ്ടപ്പെട്ട് ബീയർ–വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്ക് ത്രീസ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ക്ലാസിഫിക്കേഷൻ ലഭിച്ചാൽ വീണ്ടും ബാർ ലൈസൻസ് അനുവദിക്കാമെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മൂന്ന് ഹോട്ടലുകൾ പുതിയ സർക്കാരിന്റെ കാലത്ത് അപേക്ഷ സമർപ്പിച്ചത്.

മൂവാറ്റുപുഴയിലെ ഹോട്ടൽ ജൂൺ 23ന് നൽകിയ അപേക്ഷയിൽ അടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിച്ചു. കൊച്ചിയിലെ ഹോട്ടലിന്റെ ജൂൺ 25ലെ അപേക്ഷ ജൂൺ 29ന് അംഗീകരിച്ചു. പാലായിലെ ഹോട്ടൽ സെപ്റ്റംബർ 29ന് അപേക്ഷ നൽകിയപ്പോൾ ഒക്ടോബർ മൂന്നിനാണ് ലൈസൻസ് ലഭിച്ചത്.

പുതിയ സർക്കാർ അധികാരമേറ്റശേഷം ബാർ ലൈസൻസിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടതില്ലെന്നും പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാവൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ബീയർ–വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകുന്ന കാര്യവും തന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നുവെന്ന് മന്ത്രി എക്സൈസ് കമ്മിഷണറെ അറിയിച്ചിരുന്നു.

അതേസമയം, നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ മാത്രമേ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ. അല്ലാത്തപക്ഷം ലൈസൻസ് ഉടമകൾക്ക് കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കാനാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img