05:16am 17 September 2026
NEWS
ഖനിരാജാവ് അഴികൾക്കുള്ളിൽ; എം എൽ എ സ്ഥാനവും നഷ്ടപ്പെട്ടു; ജനാർദ്ദൻറെഡ്ഡിയുടെ പതനത്തിന് പിന്നിൽ
14/06/2025  07:53 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
ഖനിരാജാവ് അഴികൾക്കുള്ളിൽ; എം എൽ എ സ്ഥാനവും നഷ്ടപ്പെട്ടു; ജനാർദ്ദൻറെഡ്ഡിയുടെ പതനത്തിന് പിന്നിൽ

ബിസിനസ്സും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ശതകോടികൾ സമ്പാദിച്ച് രാജാവിനെപ്പോലെ വാണരുളിയ നേതാവാണ് ഗാലി ജനാർദ്ദൻറെഡ്ഡി. ബെല്ലാരിരാജ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ചുളുവിൽ കൈവന്ന രാഷ്ട്രീയാധികാരം അതിസമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് റെഡ്ഡി ശതകോടികൾ കുഴിച്ചെടുത്തത്. 

കുമാരസ്വാമി ഗവണ്മെന്റ് മൂക്കുകുത്തിവീണ 2008 കാലം. മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കാതെ കുമാരസ്വാമി വിശ്വാസവഞ്ചന കാട്ടിയതിൽ പ്രതിഷേധിച്ച് യഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി പിന്തുണ പിൻവലിച്ചതിനാലാണ് മന്ത്രിസഭ വീണത്. ബിജെപിയ്ക്ക് അനുകൂലമായ ഒരു സഹതാപതരംഗം സംസ്ഥാനത്ത് രൂപപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോൾ യഡിയൂരപ്പയുടെ ഒറ്റയാൾ പോരാട്ടത്തിന് കരുത്ത് പകർന്നത് ജനാർദ്ദൻറെഡ്ഡിയായിരുന്നു. ഇരുമ്പയിര് ഖനനവും കയറ്റുമതിയുമായി മുന്നേറിക്കൊണ്ടിരുന്ന റെഡ്ഡിയായിരുന്നു 2008 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന ധനസ്രോതസ്. പകരമായി റെഡ്ഡി ആവശ്യപ്പെട്ടത് ബിജെപിയ്ക്ക് അത്ര സ്വാധീനമില്ലാത്ത ബെല്ലാരി മേഖലയിലെ ഇരുപത്തഞ്ചോളം മണ്ഡലങ്ങളാണ്. അവ വിട്ടുകൊടുക്കാൻ യഡിയൂരപ്പയ്ക്ക് പ്രയാസമുണ്ടായില്ല. ആ തെരഞ്ഞെടുപ്പിൽ തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞു. യഡിയൂരപ്പ മുഖ്യമന്ത്രിയായി. ബെല്ലാരി മേഖലയിൽനിന്ന് പതിനെട്ടു സീറ്റുകൾ നേടിക്കൊടുത്ത ജനാർദ്ദൻറെഡ്ഡി പാർട്ടിയിലെ കരുത്തനായി വളർന്നിരുന്നു. തനിയ്ക്കും കൂട്ടാളികൾക്കുമായി നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളാണ് റെഡ്ഡി നേടിയെടുത്തത്. ബെല്ലാരി മേഖലയുടെ ചുമതലയും റെഡ്ഡി ചോദിച്ചുവാങ്ങി. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ദിവസവും ഒന്നിലേറെ തവണ ബെല്ലാരിയിൽ നിന്ന് ബംഗളുരുവിലേക്കും, തിരിച്ചും പറക്കുന്നത് അത്ഭുതക്കാഴ്ചയായിരുന്നു. സ്വന്തമായി ഹെലികോപ്റ്ററുള്ള സൂപ്പർമന്ത്രിയായിരുന്നു റെഡ്ഡി. സംസ്ഥാന മുഖ്യമന്ത്രി ജനാർദ്ദൻ റെഡ്ഡിയാണോ എന്ന് പൊതുജനം സംശയിച്ചുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 

അറസ്റ്റും ജയിൽവാസവും 

രാഷ്ട്രീയാധികാരത്തിന്റെ കരുത്തിൽ അനധികൃത ഖനനവും കയറ്റുമതിയും റെഡ്ഡി പലമടങ്ങ് വിപുലപ്പെടുത്തി. ബെല്ലാരി ജില്ല കുഴിച്ചു കുഴിച്ച് ചെമ്മണ്ണു കൂനകൾ നിറഞ്ഞ ശ്മശാനഭൂമിയായി മാറിയിരുന്നു. ജില്ലയിലെ ചില പ്രദേശങ്ങളിൽ പുൽനാമ്പ് പോലും മുളയ്ക്കാതായി. കൃഷിചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട ഗ്രാമീണർ നട്ടംതിരിഞ്ഞു. റെഡ്ഡിയുടെ ഖനിപ്പണിയല്ലാതെ ആ നാട്ടിൽ മറ്റൊന്നുമില്ലാതായി. അപരിഹാര്യമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് അനധികൃത ഖനനത്തിലൂടെ റെഡ്ഡി സൃഷ്ടിച്ചത്. ആന്ധ്രയുടെ അതിർത്തി പ്രദേശങ്ങളിലേക്കും അദ്ദേഹം ഖനിക്കൊള്ള വ്യാപിപ്പിച്ചിരുന്നു. 2011 ആഗസ്റ്റിൽ  യഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിപദവി വിട്ടൊഴിയേണ്ടിവന്നത് ജനാർദ്ദൻ റെഡ്ഡിയുടെ ഖനിക്കൊള്ളയുമായി ബന്ധപ്പെട്ടാണ്. സിബിഐ കേസ് വന്നതോടെ റെഡ്ഡിയുടെ മന്ത്രിസ്ഥാനം പോയി. 2011 സപ്റ്റംബർ അഞ്ചിനാണ് സിബിഐ ജനാർദ്ദൻറെഡ്ഡിയെ അറസ്റ്റുചെയ്ത് ഹൈദരബാദിലെ ചഞ്ചൽഗുഡ ജയിലിലടച്ചത്.

2015 ജനവരി ഇരുപത്തിയൊന്നിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് റെഡ്ഡി ജയിൽ മോചിതനായത്. പക്ഷേ സ്വദേശമായ ബെല്ലാരിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മാത്രമാണ് ബെല്ലാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.

 2009 ൽ രജിസ്റ്റർ ചെയ്ത കേസ്സിൽ 2011 ഡിസംബർ മൂന്നിനാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. അനധികൃത ഖനനം സംബന്ധിച്ചുള്ള കേസ് ഹൈദരബാദിലെ പ്രത്യേക സിബി ഐ കോടതിയിലാണ് നടന്നുവന്നത്. പലവിധ കാരണങ്ങളാൽ നീണ്ടുപോയ കേസ്സിൽ ജനാർദ്ദനറെഡ്ഡിയും സഹായികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ജനാർദ്ദന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലിപുരം മൈനിങ് കോർപ്പറേഷൻ (ഒഎംസി) അനധികൃത ഖനനത്തിലൂടെ ഗവണ്മെന്റിന് 884.13 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. കർണാടകത്തിലെ ബെല്ലാരിയായിരുന്നു റെഡ്ഡിയുടെ ഖനിക്കൊളളയുടെ ആസ്ഥാനം. വ്യാപകമായ അനധികൃത ഖനനം മൂലം തകർന്നടിഞ്ഞ ബെല്ലാരി പൂർവ്വ സ്ഥിതിയിക്കാൻ പന്ത്രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകിയത്. വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെയാണ് ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ ജില്ലയിലും പരിസരങ്ങളിലും ജനാർദ്ദനറെഡ്ഡിയുടെ സ്ഥാപനം വ്യാപകമായി അനധികൃത ഖനനം നടത്തിയത്. മെയ് ആറിനാണ് പ്രത്യേകകോടതി വിധി പ്രസ്താവിച്ചത്. ജനാർദ്ദനറെഡ്ഡി ഉൾപ്പെടെയുള്ള കുറ്റവാളികൾ എഴുവർഷത്തെ തടവ് അനുഭവിക്കുന്നതിന് പുറമെ പിഴയും അടക്കേണ്ടതുണ്ട്. റെഡ്ഡിയുടെ സെക്രട്ടറി മെഹ്ഫസ് അലിഖാൻ, മൈൻസ് ആൻഡ് ജിയോളജി വിഭാഗം മുൻ ഡയറക്ടർ വി ഡി രാജഗോപാൽ, ഒഎംസി മാനേജിങ് ഡയറക്ടർ ബി വി ശ്രീനിവാസ റെഡ്ഡി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികൾ. 

വിധി വന്നതോടെ ജനാർദ്ദനറെഡ്ഡിയെയും കൂട്ടുപ്രതികളെയും സിബിഐ കസ്റ്റഡിയിലെടുത്ത് വീണ്ടും ജയിലിടച്ചു. പ്രത്യേക കോടതിയുടെ വിധി സ്റ്റേ ചെയ്തുകിട്ടാനുള്ള റെഡ്ഡിയുടെ ഹർജി അടിയന്തിരമായി പരിഗണിക്കാൻ ഹൈദരാബാദ് ഹൈക്കോടതി കൂട്ടാക്കിയില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും സി ബി ഐയുടെ വാദം കേൾക്കണമെന്നും നിരവധി പേജുകളുള്ള കേസ് ഫയൽ വിശദമായി പരിശോധിക്കാതെ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എൻ എൻ റാവു മാറ്റിവെച്ചു. 

ബിജെപിയിൽനിന്ന് പുറത്തായിരുന്ന ജനാർദ്ദനറെഡ്ഡി 2023 ൽ പ്രാദേശിക പാർട്ടിയുണ്ടാക്കി ഏതാനും നിയമസഭാസീറ്റുകളിൽ മത്സരിച്ചിരുന്നു. എന്നാൽ ഗംഗാവതിയിൽ നിന്ന് അദ്ദേഹത്തിന് മാത്രമേ ജയിക്കാനായുള്ളു. കഴിഞ്ഞ വർഷം ബിജെപിയിൽ തിരിച്ചെത്തി. കോടതി ശിക്ഷ വിധിച്ചതോടെ റെഡ്ഡിയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമായി.

ഗംഗാവതിയിൽ ഉപതെരഞ്ഞെടുപ്പ് 

ബിജെപിയിൽനിന്ന് പുറത്തായതിനാൽ കല്യാൺ രാജ്യ പ്രഗതി പക്ഷ (കെ ആർ പി പി)എന്ന പ്രാദേശിക പാർട്ടി രൂപീകരിച്ചാണ് റെഡ്ഡി 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വടക്ക് കിഴക്കൻ കർണാടകയിലെ ഇരുപതോളം മണ്ഡലങ്ങളിൽ അദ്ദേഹം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാൻ അതും ഒരു കാരണമായിരുന്നു. ബെല്ലാരി ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്ന റെഡ്ഡി കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ നിന്നാണ് ജനവിധി തേടിയത്. ആ മണ്ഡലത്തിൽ നിന്ന് മാത്രമേ കെആർപിപിയ്ക്ക് ജയിക്കാനായുള്ളൂവെങ്കിലും തന്നെ അകറ്റിനിർത്തിയ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ റെഡ്ഡിയ്ക്ക് കഴിഞ്ഞു. ബിജെപിയെയും കോൺഗ്രസ്സിനെയും ഒരുപോലെ തറപറ്റിച്ചാണ് ഗംഗാവതിയിൽ ജനാർദ്ദൻറെഡ്ഡി ജയിച്ചുകയറിയത്. റെഡ്ഡി 65791 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഇക്ബാൽ അൻസാരി 57997 വോട്ടുകൾ പിടിച്ചു. ബിജെപി സ്ഥാനാർത്ഥി പാരണ്ണ മുനാവലിയ്ക്ക് സമാഹരിക്കാനായത് 29167 വോട്ടുകൾ മാത്രം. 

കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. റെഡ്ഡിയുടെ തിരിച്ചുവരവും ആ മേഖലയിൽ ജനാക്രോശയാത്രയ്ക്കുണ്ടായ വിജയവും ബിജെപിയ്ക്ക് മുൻകൈ ഉണ്ടാക്കിയിട്ടുണ്ട്. ജനാർദ്ദൻറെഡ്ഡി ശിക്ഷിക്കപ്പെട്ട് ജയിലിലായത് ബിജെപിയ്ക്ക് ക്ഷീണമാണെങ്കിലും  അദ്ദേഹത്തിന്റെ അനുയായികൾ തിരിച്ചെത്തിയത് ആ പാർട്ടിയുടെ സ്വാധീനവും ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റിയ ഭരണമികവ് ഗംഗാവതിയിലും കോൺഗ്രസിനെ തുണയ്ക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കണക്കുകൂട്ടുന്നത്. ഉപതെരഞ്ഞെടുപ്പ് ഏതുനിമിഷവും പ്രഖ്യാപിക്കപ്പെടാം. ജനാർദ്ദൻറെഡ്ഡിയുടെ ഭാര്യ അരുണ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്നാണ് കരുതപ്പെടുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ കുറിച്ചും വ്യക്തത വന്നിട്ടില്ല. രണ്ടുപാർട്ടികളിലും ചർച്ചകൾ നടക്കുകയാണ്. ബിജെപിക്കെന്നപോലെ കോൺഗ്രസ്സിനും ഗംഗാവതിയിൽ വിജയം അനിവാര്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img