03:47pm 14 September 2026
NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും മനസ്സിലിരിപ്പും സ്ഥാനാർത്ഥികളുടെ സാധ്യതകളും
26/04/2025  04:55 PM IST
നെല്ലിക്കുത്ത് ഹനീഫ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും മനസ്സിലിരിപ്പും സ്ഥാനാർത്ഥികളുടെ സാധ്യതകളും

നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ രാജ്യത്തെ ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും, പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. മെയ് അവസാന വാരത്തിലാകും തെരഞ്ഞെടുപ്പ്. തീയതി പിന്നീട് പ്രഖ്യാപിക്കും. 1100-ന് മുകളിൽ വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകൾ കൂടി നിലവിൽ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണിത്. നിലമ്പൂരിൽ 204 പോളിംഗ് ബൂത്തുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്രാവശ്യം അവയുടെ എണ്ണം 260 ആയി ഉയരും. വോട്ടിംഗ് സുഗമമായി നടത്താനും, വോട്ടർമാരുടെ നീണ്ടവരി  ഇല്ലാതാക്കാനും വേണ്ടിയാണിത്. സ്ഥലം മാറാതെയാണ് അധിക ബൂത്തുകൾ സ്ഥാപിക്കുക. ഇക്കാര്യത്തിൽ രാഷ്ട്രീയ കക്ഷികളുടെ സഹകരണം വേണമെന്ന് ജില്ലാകളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. യോഗത്തിൽ നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി സുരേഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി. എം സനീറ, വിവിധ കക്ഷി പ്രതിനിധികൾ എന്നിവർ എന്നിവരും സംബന്ധിച്ചു.

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്നതോടെ, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ പിരിമുറുക്കം വർദ്ധിച്ചിരിക്കുകയാണ്. നിലമ്പൂർ മണ്ഡലത്തിൽ 2,26,541 വോട്ടർമാരുണ്ട്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, അമരമ്പലം എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളും, നിലമ്പൂർ നഗരസഭയും ഉൾപ്പെട്ടതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ പോത്തുകല്ല്, അമരമ്പലം എന്നീ പ ഞ്ചായത്തുകളും, നിലമ്പൂർ നഗര സഭയും ഇടതുപക്ഷത്താണ്. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫി നേയും തുണയ്ക്കുന്നു. യു.ഡി.എഫിൽ എ.പി അനിൽകുമാർ എം.എൽ.എ യും, എൽ.ഡി.എഫിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനുമാണ് തെരഞ്ഞെടുപ്പ് ചുമതല. 

പി.വി അൻവർ രാജിവെച്ച നിലമ്പൂരിൽ നിർണ്ണായക ഘടകം അൻവർ തന്നെയാണ്. അൻവർ യു.ഡി. എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയം അൻവറിന് യു.ഡി.എഫിലേക്കുള്ള ചവിട്ട് പടിയായി മാറുകയും ചെയ്യും. നിലമ്പൂരിൽ യു.ഡി.എഫ് വിജയിച്ചാൽ അൻവറിന്റെ നേട്ടമായി വിലയിരുത്തപ്പെടുമെന്നതിനാൽ സി.പി.എമ്മിന് നിലമ്പൂരിലേത് അഭിമാനപ്പോരാട്ടം തന്നെയാണ്. പുതിയ വോട്ടർമാരെ ചേർക്കലും, മറുവശത്തെ അനർഹമായ വോട്ടുകൾ ഒഴിവാക്കലും ഇരുമുന്നണി പ്രവർത്തകരും വാശിയോടെ ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സ്ഥാനാർത്ഥി നിർണ്ണയമാണ് ഇരു മുന്നണികൾക്കും സങ്കീർണ്ണമായിട്ടുള്ളത്. രൂക്ഷമായ തർക്കമുള്ളത് കോൺഗ്രസ്സിലാണ്. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്തും, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയിയും തമ്മിലാണ് പ്രധാന തർക്കമുള്ളത്. സീറ്റിനായി രണ്ട് പേരും ഒരുപോലെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.  മണ്ഡലത്തിൽ ഇരുവരും വാശിയോടെ സജീവവുമാണ്. ഈ തർക്കം മുറുകുന്നതിനിടയിൽ, മൂന്നാമതൊരാൾക്ക് സാധ്യത തെളിയുമെന്ന കാഴ്ചപ്പാടിൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബാബുമോഹനക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം എൻ എ കരീം തുടങ്ങി പലരും സീറ്റിനായി ചരട് വലി നടത്തുന്നുമുണ്ട്. 

നിലമ്പൂർ ചരിതം

രണ്ടാം പിണറായി സർക്കാറിന്റെ കാലത്തുണ്ടാകുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. ഈ ഉപതെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അവരുടെ സിറ്റിംഗ് സീറ്റ് നിലനിർത്തുകയായിരുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് സീറ്റുകൾ യു.ഡി.എഫും, സിറ്റിംഗ് സീറ്റായ ചേലക്കര എൽ.ഡി.എഫും നിലനിർത്തി. നിലമ്പൂരിൽ ഇരുമുന്നണികളിലും സ്ഥാനാർത്ഥി ആരാകുമെന്നത് വ്യക്തമാക്കാൻ കഴിയാത്ത നിലയിലാണ് പ്രാദേശിക രാഷ്ട്രീയ വൃത്താന്തം. ദീർഘകാലം കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് ആധിപത്യം സ്ഥാപിച്ച മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേയ്ക്ക് ചാഞ്ഞത് പി.വി അൻവറിലൂടെയാണ്. 2016-ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പി.വി അൻവർ നിലമ്പൂർ മണ്ഡലം കയ്യടക്കിയത്. അതേസമയം 2016-ലും, 2021-ലും നിലമ്പൂരിൽ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് പോര് മൂലമാണ് പരാജയമുണ്ടായതെന്ന് കോൺഗ്രസ്സുകാരും പറയുന്നു. അതുകൊണ്ട് തന്നെ ഇത്തവണ അത്യന്തം കരുതലോട് കൂടിയാണ് അവരുടെ നീക്കം. സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസ്സിന് ഒരു കീറാമുട്ടി തന്നെയാണ്. കോൺഗ്രസ്സ് പാർട്ടി യോഗങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. വോട്ട് ചേർക്കൽ സജീവമായി നടക്കുന്നുമുണ്ട്. പാലക്കാട് മണ്ഡലത്തിൽ നടത്തിയത് പോലെ പരമാവധി ലഭിക്കാവുന്ന വോട്ടുകൾ ഉറപ്പാക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ഒപ്പം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളും ചൂടുപിടിച്ച് മുന്നേറുകയാണ്.

ആരാകും  സ്ഥാനാർത്ഥികൾ?

 കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡി.സി.സി പ്രസിഡണ്ട് വി.എസ്  ജോയിയും തമ്മിലാണ് സ്ഥാനാർത്ഥിയാകുന്നതിൽ പ്രധാന വടംവലിയുള്ളത്. ഇവരിൽ ആരെ കൊള്ളും, ആരെ തള്ളും എന്നതാണ് കോൺഗ്രസ്സിന് മുന്നിലുള്ള പ്രധാന വിഷയം. കൂടാതെ സ്ഥാനാർത്ഥിപ്പട്ടികയുടെ വലിയ ലിസ്റ്റ് വേറേയുമുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടു പ്പിൽ പട്ടാമ്പി സീറ്റ് ആര്യാടൻ ഷൗക്കത്തിന് നൽകിയെങ്കിലും, നിലമ്പൂരിൽ മത്സരിക്കാനാണ് തനിയ്ക്ക് താത്പ്പര്യമെന്ന് പറഞ്ഞ് ഷൗക്കത്ത് കളം മാറി. എന്നാലന്ന് വി.വി പ്രകാശിനാണ് നിലമ്പൂർ സീറ്റ് നൽകിയത്. ഇതോടെ ഷൗക്കത്തും, പാർട്ടിയും തമ്മിൽ ഭിന്നതയിലായിരുന്നു. അത് പരിഹരിച്ച് ഷൗക്കത്ത് പിന്നീട് മണ്ഡലത്തിൽ സജീവമായി. മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനോട് മത്സരിച്ച് കഴിവ് പ്രകടിപ്പിച്ച വി.എസ് ജോയിയും ജില്ലയിൽ അറിയപ്പെടുന്ന യുവനേതാവാണ്. ഇതിൽ ആർക്കാണ് വിജയം ഉറപ്പിക്കാനാവുക എന്നത് കോൺഗ്രസ്സ് നേതൃത്വം രഹസ്യ സർവ്വേ നടത്തുന്നുമുണ്ട്. ഈ രണ്ടിലൊരാളെ നിശ്ചയിച്ചാൽ മറുപക്ഷം അടിയൊഴുക്കിന് ശ്രമിക്കുമോ എന്ന ആശങ്കയും പാർട്ടിയ്ക്കുണ്ട്. സമവായം എന്ന നിലയിൽ അപ്രതീക്ഷിത സ്ഥാനാർഥി ഗോദയിൽ വരാനും സാധ്യതയുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2026 മെയ് മാസം നടക്കുമെന്നാണ് പ്രതീക്ഷ. അതിന് മുമ്പുള്ള ഉപതെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി നിയമസഭാ അംഗമാകാനാണ് ആര്യാടൻ ഷൗക്കത്തിന്റെ ശ്രമം. നിലമ്പൂരിൽ ഇപ്പോൾ സ്ഥാനാർത്ഥി ആകാൻ കഴിഞ്ഞില്ലെങ്കിൽ, ജയസാധ്യതയുളള മറ്റൊരു സീറ്റ് കണ്ടെത്തുക പ്രയാസവുമാണ്. മാത്രമല്ല, പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പുറത്താവുകയും ചെയ്യും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകുന്ന ആൾക്ക് തന്നെയാകും നിലമ്പൂരിൽ അടുത്ത തവണയും നറുക്ക് വീഴുക. ഇതെല്ലാം മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ ഉപ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് കണ്ണുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഷൗക്കത്ത് പിൻമാറാൻ തയ്യാറാകില്ല എന്നാണ് അറിയുന്നത്. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും, അനൗദ്യോഗിക കൂടിക്കാഴ്ചകളും വോട്ടുറപ്പിക്കാനുളള തന്ത്രങ്ങളിലും വ്യാപൃതനാണ് ഷൗക്കത്ത്. സൗദി അറേബ്യ സന്ദർശിച്ച്, വിവിധ പ്രവിശ്യകളിലുള്ള നിലമ്പൂർ മണ്ഡലം പ്രാദേശിക കൂട്ടായ്മകളുമായും, കെ.എം.സി.സി ഘടകങ്ങളുമായും ആര്യാടൻ ഷൗക്കത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ചുളളിയോട് കൂട്ടായ്മ, അമരമ്പലം പഞ്ചായത്ത് കൂട്ടായ്മ, നിലമ്പൂർ പ്രവാസി അസോസിയേഷൻ തുടങ്ങി പ്രാദേശിക കൂട്ടായ്മകളുമായി  നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിഷയം  അദ്ദേഹം സംവദിച്ചിരുന്നു. യു.ഡി.എഫ് വിജയിക്കേണ്ടത്  അനിവാര്യമാണെന്നും, അതിനായി പ്രവാസ ലോകത്തുള്ള നിലമ്പൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ സജീവമായി പ്രചരണ രംഗത്തുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലമ്പൂർ മുൻ എം.എൽ.എ അൻവറിന്റെ പിന്തുണ അനുകൂല സാഹചര്യമായിരിക്കെ, സ്ഥാനാർഥി നിർണ്ണയ തർക്കത്തിലൂടെ അത് പ്രതികൂലമാക്കി മാറ്റരുതന്ന് ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ട്. മുസ്ലിം ലീഗടക്കമുള്ള ഘടക കക്ഷികളുടെ അഭിപ്രായവും സ്ഥാനാർത്ഥി തീരുമാന കാര്യത്തിൽ നിർണ്ണായകമായി വരുന്ന അവസ്ഥയാണ്.  

ശക്തനായ വി.എസ് ജോയ്

 നിലമ്പൂരിൽ യു.ഡി.എഫും, എൽ.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും, ഫലം നിർണ്ണായകമാവുക അൻവറിനാകും. വി.എസ് ജോയിയാണ് സ്ഥാനാർത്ഥിയെങ്കിൽ, അൻവർ അതിശക്തമായി രംഗത്തുണ്ടാകും. മറിച്ച് ഷൗക്കാത്താണെങ്കിലും പിന്തുണയ്ക്കാതെ തരമില്ല. യു.ഡി.എഫ് പരാജയപ്പെട്ടാൽ, മുന്നണിയിൽ കേറിപ്പറ്റുക അദ്ദേഹത്തിന് ദുഷ്ക്കരമാവുകയും ചെയ്യും. മലപ്പുറം ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയിയെ നിലമ്പൂരിൽ മത്സരിപ്പിച്ചാൽ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫിന് വേണ്ടി താൻ പിടിച്ചെടുത്ത നിലമ്പൂർ സീറ്റിൽ താനല്ലാതെ, മറ്റാര് മത്സരിച്ചാലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കരുത് എന്നത് അൻവറിന്റെ അഭിമാന വിഷയമാണ്. അതോടൊപ്പം, അൻവർ വി.എസ് ജോയിയെ നിർദ്ദേശിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടി നിരപ്പാക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ചിരുന്നുവെങ്കിലും, ക്രൈസ്തവ വോട്ടുകളുടെ ആധിക്യമുള്ള നിലമ്പൂരിൽ, മലയോര മേഖലയിലെ വന്യജീവി പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ വി.എസ് ജോയിക്ക് വിജയ സാധ്യതയും ഏറെയാണെന്ന് കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നുണ്ട്. കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ തുടങ്ങിയവരുടെ പിന്തുണയും വി.എസ് ജോയിക്കുണ്ട്. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായി രംഗ പ്രവേശം ചെയ്ത ആളാണ്   വി.എസ് ജോയി. 2016-ൽ ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് അൻവർ വിജയിച്ചത്. അതുകൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയ സാധ്യത സംബന്ധിച്ച് ആശങ്കയും നിലനിൽക്കുന്നുണ്ട്. രാഹുൽഗാന്ധി വയനാട് എം.പി സ്ഥാനം രാജി വെച്ച ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് നിലമ്പൂർ മണ്ഡലത്തിൽ നിന്നുണ്ടായത്. 65,132 വോട്ടുകളുടെ ഭൂരിപക്ഷം. ഈ കണക്കാണ് യു.ഡി.എഫിന്റെ പ്രതീക്ഷക്കടിസ്ഥാനം. അതോടൊപ്പം യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കാൻ ആവശ്യമായതെല്ലാം പി വി അൻവർ ചെയ്തുകൊള്ളുമെന്നും യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു. 

നീണ്ട പട്ടിക 

വയനാടിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആലിപ്പറ്റ ജമീല, അന്തരിച്ച മുൻ കോൺഗ്രസ്സ് നേതാവ് വി.വി പ്രകാശിന്റെ സഹോദരനും, കെ.എസ്.യു മുൻ ഭാരവാഹിയും, മാധ്യമ പ്രവർത്തകനുമായ പ്രശാന്ത് നിലമ്പൂർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബാബുമോഹനക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എൻ.എ കരീം തുടങ്ങിയ പേരുകളും മണ്ഡലത്തിൽ നിന്ന് ഉയർന്ന് വന്നിട്ടുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിച്ചിരുന്നത് ജമീലയാണ്. മുസ്ലിം പ്രാതിനിധ്യവും, വനിതാ പ്രാതിനിധ്യവും ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് ജമീലയെന്ന് ചിലർ പറയുന്നു. നിലവിൽ ഉമാ തോമസ് മാത്രമാണ് കോൺഗ്രസ്സിന്റെ പ്രതിനിധിയായി നിയമസഭയിലുള്ളത്. കോൺഗ്രസ്സിന്റെ ഒരു വനിത എം.എൽ.എ കൂടി നിയമസഭയിൽ എത്തിയാൽ, നിയമസഭാ തെരഞ്ഞെടുപ്പിന്റ സെമി ഫൈനലായ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പെടുപ്പ് പാർട്ടിയ്ക്ക് ഗുണം ചെയ്യും എന്ന് അവകാശപ്പെടുന്നവരുണ്ട്. നിലമ്പൂർ മണ്ഡലത്തിൽ ആഴത്തിൽ സ്വാധീനിച്ചിരുന്ന ആദർശ നേതാവായിരുന്നു അഡ്വ. വി.വി പ്രകാശ്. കെ.എസ്.യു മുൻ ഭാരവാഹിയായിരുന്ന വി.വി പ്രകാശിന്റെ സഹോദരനും, മാധ്യമ പ്രവർത്തകനുമായ പ്രശാന്തിന് വേണ്ടിയും കോൺഗ്രസ്സിലെ ഒരു വിഭാഗം രംഗത്തുണ്ട്. പാർട്ടിയ്ക്കുവേണ്ടി ജീവിച്ച്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച്, ഫലം കാത്തിരിക്കെ അന്തരിച്ച വി.വി പ്രകാശിനോട് നീതിപുലർത്തുന്നതാകും സഹോദരന്റെ സ്ഥാനാർത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

സി.പി.എം തന്ത്രങ്ങൾ

സി.പി.എമ്മിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഏറെയാണ്. പി.വി അൻവർ അപ്രതീക്ഷിതമായി കളം മാറിപ്പോയതോടെ തിരിച്ചടി നേരിട്ട സി.പി.എമ്മിന് ഈ ഉപതെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. പി.വി അൻവറിന്റെ വ്യക്തിപ്രഭാവം കൊണ്ടല്ല, ഇടതുമുന്നണി വോട്ടുകളാണ് നിലമ്പൂരിലുണ്ടായ വിജയത്തിന് പിന്നിലെന്ന് ബോധ്യപ്പെടുത്താൻ സി.പി.എമ്മിന് വിജയം അനിവാര്യമാണ്. സിറ്റിംഗ് സീറ്റ് കൈവിട്ടാൽ വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലേയും സാധ്യതയ്ക്ക് മങ്ങൽ വിഴും. യു.ഡി.എഫിന്റെ നീക്കം നിരീക്ഷിക്കുന്ന സി.പി.എം യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. 'സർപ്രൈസ്' സ്ഥാനാർത്ഥിയാകും എന്നാണ് സൂചന. സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കുന്ന നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.പി  അനിൽ ഒരു മുഴം മുമ്പെ വ്യക്തമാക്കിയതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് വരികയാണെങ്കിൽ, നിലമ്പൂരിലെ പ്രൊഫ. തോമസ് മാത്യു ഇടത് സ്ഥാനാർത്ഥിയാകും. നേരത്തെ രണ്ട് തവണ ആര്യാടൻ മുഹമ്മദിനെതിരെ മത്സരിച്ച പ്രൊഫ. തോമസ്മാത്യു രണ്ട് തവണയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മാത്രമല്ല നിലമ്പൂർ സ്വദേശിയായ പ്രൊഫ. തോമസ്മാത്യുവിന് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനവുമുണ്ട്. 

നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകി വിജയിപ്പിക്കുന്ന സി.പി.എം ഫോർമുല കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. 2021-ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വി.വി പ്രകാശിനെതിരെ 2,791 വോട്ട് നേടിയാണ് അൻവർ വിജയിച്ചത്. അൻവറിലൂടെ മണ്ഡലം പിടിച്ചടക്കിയ ഫോർമുലയിൽ, അൻവറിലൂടെ തന്നെ പാർട്ടിയ്ക്ക് കൈപൊള്ളിയ സാഹചര്യത്തിൽ ഇത്തവണ പാർട്ടി ചിഹ്നത്തിൽ, പാർട്ടി സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്ന ശ്രുതിയുമുണ്ട്. നിലമ്പൂരിലെ രാജാവെന്ന് വിശേഷിപ്പിച്ചിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിനെ നിലത്തടിക്കാൻ കഴിഞ്ഞത് താനവിടെ മത്സരിച്ചതുകൊണ്ടാണെന്ന് അൻവർ പല ഘട്ടങ്ങളിലും ആവർത്തിച്ചിരുന്നു. ഈ അവകാശവാദം മറികടക്കാൻ പാർട്ടി ചിഹ്നത്തിൽ ഒരാളെ വിജയിപ്പിക്കാനാകണം. നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ സി.പി.എം സ്ഥാനാർഥിയുണ്ടായിട്ടില്ല. പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.എം ഷൗക്കത്ത്, ഡി.വൈ.ഫ്.ഐ ജില്ലാ പ്രസിഡണ്ട് പി ഷബീർ, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.എം ഷൗക്കത്ത് എന്നീ പേരുകളാണ് സി.പി.എം പരിഗണനയിലുള്ളത്. 

അതേസമയം ഷൗക്കത്തിന് യു.ഡി.എഫ് സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കിൽ അദ്ദേഹത്തെ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും ഏറെയുണ്ട്. അങ്ങനെയാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ അത് സി.പി.എമ്മിന് രാഷ്ട്രീയ ലാഭമുണ്ടാക്കുകയും ചെയ്യും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിനായി പ്രഥമ പരിഗണന നൽകുന്നത് നിലമ്പൂരുകാരനും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജിനേയാണ്. സ്വരാജ് മത്സര ഗോദയിലെത്തിയാൽ വീറും, വാശിയും പതിൻമടങ്ങായി ഉയരുകയും ചെയ്യും. തൃപ്പൂണിത്തുറ മുൻ എം.എൽ.എ യായ എം. സ്വരാജ് സി.പി.എമ്മിൽ അറിയപ്പെടുന്ന മികച്ച സംഘാടകനും, വാഗ്മിയുമാണ്. കാലങ്ങളായി തൃപ്പൂണിത്തുറ എം.എൽ.എ ആയിരുന്ന കോൺഗ്രസ്സ് നേതാവ് കെ ബാബുവിനെ വീഴ്ത്താൻ എൽ.ഡി.എഫ് നിയോഗിച്ചത്  സ്വരാജിനെയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. 

കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്കാണ് എം സ്വരാജ് ബാബുവിനോട് പരാജയപ്പെട്ടതും. എൽ.ഡി.എഫിന് വലിയ വെല്ലുവിളി ഉയരുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ എൽ.ഡി.എഫിനെ നയിക്കാൻ പറ്റിയ ആൾ എം സ്വരാജ് ആണെന്ന വിശ്വാസം നിലമ്പൂരിലെ സഖാകൾക്കിടയിലുണ്ട്. അങ്ങനെ വന്നാൽ കനത്ത പോരാട്ടം തന്നെയാകും നിലമ്പൂരിൽ. പുറത്തുനിന്ന് കൊണ്ട് വരുന്ന സ്ഥാനാർത്ഥിയാകുമ്പോൾ, പാർട്ടി പ്രവർത്തകർക്കിടയിൽ എതിർപ്പുയരുകയും, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സി.പി.എം ആശങ്കപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിൽ എല്ലാവരേയും ഒറ്റച്ചരടിൽ കോർത്തുകൊണ്ട് പോകാൻ സ്വരാജിന് കഴിയുമെന്നും നിലമ്പൂരിലെ പാർട്ടി പ്രവർത്തകർ ശുഭാപ്തി പ്രകടിപ്പിക്കുന്നുണ്ട്. ബി.ജെ.പി കാര്യമായ പ്രതീക്ഷ പുലർത്തുന്നില്ലെങ്കിലും സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മത്സരമായതിനാൽ മുതിർന്ന നേതാക്കൾ ആരെങ്കിലും മത്സരിച്ചേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img