
ദോഹ:ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ഏറ്റവും സ്വാധീനശക്തിയുള്ള സി.ഇ.ഓമാരുടെ പട്ടികയിൽ ഖത്തറിൽ നിന്ന് 11 പ്രമുഖർ ഇടംപിടിച്ചു. ബാങ്കിങ്, ഊർജ്ജം, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കോർപ്പറേറ്റ് സാരഥികളാണ് ഈ നേട്ടം കൈവരിച്ചത്.
2026 ഒന്നാം പാദത്തിൽ 3,873 കോടി ഡോളർ ആസ്തിയും 120 കോടി ഡോളർ അറ്റാദായവും കൈവരിച്ച് ക്യു.എൻ.ബി ഗ്രൂപ്പ് സി.ഇ.ഓ അബ്ദുള്ള മുബാറക് അൽ ഖലീഫ പട്ടികയിൽ മുന്നിലെത്തി. ഈജിപ്ത്, സൈപ്രസ്, സിറിയ, കോംഗോ തുടങ്ങിയ ആഗോളതലത്തിലെ എണ്ണ-വാതക പര്യവേഷണ കരാറുകളിലൂടെ ഖത്തർ എനർജിയെ അന്താരാഷ്ട്ര തലത്തിൽ മുൻനിരയിലെത്തിച്ച സഅദ് ബിൻ ഷെരീദ അൽ കഅബി, ഡിജിറ്റൽ ഫൈബർ നെറ്റ്‌വർക്ക് വിപുലീകരണത്തിലൂടെ ടെലികോം രംഗത്ത് നേട്ടം കൊയ്ത ഉരീദു ഗ്രൂപ്പ് സി.ഇ.ഓ അസീസ് അൽ ഉസ്മാൻ ഫഖ്റൂ എന്നിവരും പട്ടികയിൽ ശ്രദ്ധേയരായി.
ഇസ്ലാമിക് ബാങ്കിങ് മേഖലയെ നയിക്കുന്ന ഖത്തർ ഇസ്ലാമിക് ബാങ്ക് സി.ഇ.ഓ ബാസൽ ജമാൽ, എ.ഐ സാങ്കേതികവിദ്യകളിലൂടെ ഇൻഷുറൻസ് രംഗത്ത് വളർച്ച കൈവരിച്ച ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പിന്റെ സേലം അൽ മന്നായി, സസ്റ്റൈനബിലിറ്റി-ഡിജിറ്റൽ ബോണ്ടുകൾ അവതരിപ്പിച്ച ദോഹ ബാങ്കിന്റെ ശെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ ഫഹദ് അൽ ഥാനി എന്നിവരും അംഗീകാരം നേടി.
ആഗോള എൽ.എൻ.ജി കപ്പൽ നിര വിപുലീകരണത്തിന് നേതൃത്വം നൽകുന്ന നഖിലാത്ത് സി.ഇ.ഓ അബ്ദുള്ള അൽ സുലൈത്തി, ഒന്നാം പാദത്തിൽ എണ്ണൂറിലധികം പുതിയ കമ്പനികൾക്ക് ലൈസൻസ് നൽകിയ ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ മൻസൂർ അൽ ഖാതർ, 830-ലേറെ കമ്പനികളെ ആകർഷിച്ച് അയ്യായിരത്തിലധികം കോടി ഡോളർ നിക്ഷേപം ഉറപ്പാക്കിയ ഫ്രീ സോൺസ് അതോറിറ്റിയുടെ ശെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ അൽ ഥാനി എന്നിവരും പട്ടികയിലുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 'തംകീൻ' പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് സി.ഇ.ഓ അബ്ദുൽ റഹ്മാൻ ബിൻ ഹിഷാം അൽ സുവൈദി, ഓപ്പൺ ബാങ്കിങ് പങ്കാളിത്തങ്ങളിലൂടെ സാമ്പത്തിക വളർച്ച കൈവരിച്ച ദുഖാൻ ബാങ്കിന്റെ അഹമ്മദ് ഹാഷിം എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഖത്തരി പ്രമുഖർ.










