
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചത് നിയമവും നീതിയും വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെ കാര്യത്തിലും ഒരേപോലെ ബാധകമായിരിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ കേരളീയരും സഹർഷം സ്വാഗതം ചെയ്യുകയായിരുന്നു. നിയമവും നീതിയും സമൂഹത്തിലെ അധികാരവും സ്വാധീനവും സമ്പത്തുള്ളവരുടെ കാര്യത്തിൽ പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ കണ്ടുമടുത്തതുകൊണ്ടുകൂടിയാവാം അഴിമതി ആരോപണത്തിന്റെ കാര്യത്തിൽ കുപ്രസിദ്ധി നേടിയ ഒരു മുൻ ഡി.ജി.പിക്ക് ശിക്ഷ ലഭിക്കുമ്പോൾ ജനങ്ങൾ അതിനെ സ്വാഗതം ചെയ്തത്.
2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ ഐജിയായി സേവനം അനുഷ്ഠിക്കവേ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ്, ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷത്തെ കഠിനതടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിക്കുന്നത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും വരവിനേക്കാൾ 135.80 ശതമാനം അധികം സമ്പത്ത് കൈവശം വെച്ചെന്നും വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 1987 ൽ കേരള കേഡറിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരി ഡി.ജി.പി ഗ്രേഡോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ ആയി 2023 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള ലക്ഷ്യം കപ്പിനും ചുണ്ടിനും ഇടയിൽ നടക്കാതെ പോയി.
36 വർഷത്തെ സേവനകാലയളവിൽ സംസ്ഥാന പോലീസിലെ സുപ്രധാന പദവികൾ വഹിച്ചതിനൊപ്പം നിരവധി ആക്ഷേപങ്ങളും പരാതികളും ആരോപണങ്ങളും ഡിപ്പാർട്ട്‌മെന്റിനകത്തുനിന്നും പുറത്തുനിന്നും അദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. നിയമപാലകന്റെ ചുമതല വഹിച്ചുകൊണ്ട് നടത്തിയ നിയമലംഘനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള ഉദ്യോഗസ്ഥന് അതിനെയെല്ലാം അതിജീവിച്ച് പോലീസ് വകുപ്പിൽ ഗ്ലാമർ പദവികൾ വഹിക്കാൻ കഴിയുമെന്ന് തച്ചങ്കരി തെളിയിച്ചു.
1996 നും 2001 നും ഇടയിൽ ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ 72 തവണ വിദേശയാത്ര നടത്തിയതായി 2002 ൽ ഇലക്‌ട്രോണിക് വസ്തുക്കൾ ഇറക്കുമതി ചെയ്‌തെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അങ്ങനെ സർവ്വീസിലിരിക്കെ ഒട്ടനവധി വിവാദങ്ങളിലൂടെ കുപ്രസിദ്ധി നേടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു ടോമിൻ ജെ. തച്ചങ്കരി.
തച്ചങ്കരിയേക്കാൾ അഴിമതിക്കാരും, അധികാരമുള്ളവർക്കുവേണ്ടി എന്തും ചെയ്യുന്നവരുമായ ഐ.പി.എസുകാർ എ.ഡി.ജി.പിയും ഡി.ജി.പിയുമൊക്കെയായിരുന്നിട്ടുണ്ട് കേരളത്തിൽ. എന്നാൽ അതിസമർത്ഥനാണെന്ന് സ്വയം കരുതിയിരുന്ന തച്ചങ്കരിക്ക് ശിക്ഷിക്കപ്പെട്ട് തടവറയിൽ പോകേണ്ടി വന്നത് അദ്ദേഹത്തെ നിയമത്തിന്റെ പിടിയിൽ കൊണ്ടുവരാൻ 36 വർഷം പിന്തുടരാനായി പോരാളികൾ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്.
തന്നെ ശിക്ഷിച്ച വിധിക്കെതിരെ സ്വാഭാവികമായും തച്ചങ്കരി അപ്പീൽ നൽകും. അതിന്മേലുള്ള വിധി എന്തുതന്നെയായാലും കോട്ടയം വിജിലൻസ് കോടതിയുടെ വിധി നൽകുന്ന സന്ദേശം വളരെ വലുതാണ്. തെറ്റ് ചെയ്താൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന് നിയമം നൽകുന്ന സന്ദേശം. അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്ന് ധരിക്കുന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ടോമിൻ ജെ. തച്ചങ്കരിയുടെ ജയിൽവാസം.










