
മുനമ്പം : മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ കമീഷൻ മുൻപാകെ അഖില കേരള വഖഫ് സംരക്ഷണ സമിതി ഹാജറായി സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു . മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിക്കുകയും വിഷയത്തിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പ് എന്താണെന്ന് അറിയിക്കുകയും ചെയ്തു. ഈ മാസം ഇരുപത്തി രണ്ടാം തീയ്യതി നടക്കുന്ന ഹിയറിങ്ങിൽ വഖഫ് സംരക്ഷണ സമിതിയുടെ വക്കീലിനോട് കൂടുതൽ വിഷയങ്ങൾ കേട്ട് മനസ്സിലാക്കുമെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ ഉറപ്പ് നൽകി .അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സിക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, ഫറോക് മേഖല കമ്മിറ്റി ചെയർമാൻ സി പി മൻസൂർ, കൺവീനർ അൽത്താഫ് പമ്മന, എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ സമദ് പള്ളിക്കൽ, ടി.എ. മുജീബ് റഹ്മാൻ എന്നിവരാണ് കൊച്ചിയിലെ കമ്മീഷൻ മുൻപാകെ ഹാജരായി സ്റ്റേറ്റ്മെന്റ് നൽകിയത്.








