05:45am 12 November 2026
NEWS
വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയറുടെ ഓഫീസിന്റെ ഇടപെടലും
21/11/2025  07:56 AM IST
NILA
 വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയറുടെ ഓഫീസിന്റെ ഇടപെടലും

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഇടപെട്ടത് മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരെന്ന് റിപ്പോർട്ട്. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ്  വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇവർക്ക് ഇതുസംബന്ധിച്ച അന്വേഷണ ചുമതല ഉണ്ടായിരുന്നുമില്ല. മേയറുടെ ഓഫീസിലെ ജീവനക്കാർ ഇടപെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതിയിലായിരുന്നു വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തത്. അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് ജി.എം.കാർത്തിക നടത്തിയ അന്വേഷണത്തിൽ 18/564 എന്ന നമ്പരുള്ള വീട്ടിൽ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി. സൂപ്രണ്ട് ആർ. പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങിൽ വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്നു ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറൽ ഓഫിസർ കൂടിയായ അഡിഷനൽ സെക്രട്ടറി വി.സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കി.

ഇതേസമയത്താണ് കോർപറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാർക്ക് ഉൾപ്പെടെയുള്ള മേയറുടെ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർ സമാന്തര ഇടപെടൽ നടത്തിയത്. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി ‘ തങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നതെന്നും രണ്ടു വർഷമായി മറ്റാരും ഇവിടെയില്ലെന്നും’ ഉള്ള സത്യവാങ്മൂലം ഇവർ താമസക്കാരിൽനിന്ന് എഴുതി വാങ്ങി. വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് ജി.എം.കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്‌ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img