03:10pm 18 April 2026
NEWS
ഉത്സവഫ്‌ളോട്ടുകളുടെ ഉസ്താദ്
03/01/2026  04:22 PM IST
പി. ജയചന്ദ്രൻ
ഉത്സവഫ്‌ളോട്ടുകളുടെ ഉസ്താദ്
HIGHLIGHTS

കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിലെ ഉത്സവകെട്ടുകാഴ്ചകൾക്ക് ദേവീദേവന്മാരുടെ നയനാന്ദകരമായ ഫ്‌ളോട്ടുകളൊരുക്കി പുത്തൻ ഭാവുകത്വം നൽകിക്കൊണ്ടിരിക്കുന്ന ആർട്ടിസ്റ്റ് ജെ.ഡി. ഗോപന് മൂന്നംഗ സർട്ടിഫയിംഗ് അതോറിറ്റി.

ജീവിതവിജയം നേടിയ ഏതൊരു പുരുഷനുപിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യം കാണാം എന്നുപറയാറുണ്ട്. കൊല്ലം അഞ്ചാലുംമൂട് നിറച്ചാർത്തിൽ ആർട്ടിസ്റ്റ് ജെ.ഡി. ഗോപന് പിന്നിലുമുണ്ട് അങ്ങനെ ചില സ്ത്രീസാന്നിധ്യങ്ങൾ. ചില സ്ത്രീ സാന്നിധ്യങ്ങൾ എന്നു എടുത്തുപറയാൻ കാരണമുണ്ട്. അവർ ഒന്നോ രണ്ടോ അല്ല, മൂന്നുപേരാണ്. ഭാര്യ ശ്രീജയും മക്കളായ ആർച്ചാഗോപനും ആര്യാഗോപനുമാണ് ആ മൂന്നുപേർ. കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി കേരളത്തിലെ ഉത്സവക്കെട്ടുകാഴ്ചകൾക്ക് ദേവീദേവന്മരുടെ നയനാനന്ദകരമായ ഫ്‌ളോട്ടുകളൊരുക്കി പുത്തൻ ഭാവുകത്വം നൽകിക്കൊണ്ടിരിക്കുന്ന ഗോപന്റെ ആ നിർമ്മാണ പ്രക്രിയയിലെ ഫൈനൽ സർട്ടിഫയിംഗ് അതോറിറ്റി എന്നുപറയുന്നത് ഈ മൂവർ സംഘമാണ്.

മുപ്പതുവർഷങ്ങൾക്കുമുൻപ് തെക്കേപ്പിലഴികത്ത് മേലതിൽ ജനാർദ്ദനൻപിള്ളയുടെയും ദേവകിയമ്മയുടെയും ഒൻപത് മക്കളിലെ എട്ടാമനായ ഗോപന്റെ ജീവിതപങ്കാളിയായി കടന്നുവന്ന ശ്രീജ, പിന്നീടങ്ങോട്ട് ഗോപന്റെ ഉത്സവഫ്‌ളോട്ട് നിർമ്മാണത്തിലെ ഉപദേശകയും, ആസ്വാദകയും വിമർശകയുമൊക്കെയായി മാറിയതോടെ ആർട്ടിസ്റ്റ് ജെ.ഡി. ഗോപൻ ആ മേഖലയിലെ ഒന്നാം പേരുകാരനായി മാറുകയായിരുന്നു. പിൽക്കാലത്ത് ആർച്ചയും ആര്യയും കൂടി ഫ്‌ളോട്ട് നിർമ്മാണത്തിൽ അച്ഛന്റെ കണ്ണുകളായി മാറിയപ്പോൾ ആർട്ടിസ്റ്റ് ജെ.ഡി. ഗോപൻ എന്ന പേര് സംസ്ഥാനാതിർത്തിയും കടന്നു. ഭാര്യയും മക്കളും ചൂണ്ടിക്കാണിച്ച കുറ്റങ്ങളും കുറവുകളും പരിഹരിച്ചും, അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചും നടത്തിയ നിർമ്മാണങ്ങൾ, പിന്നീട് ഈ മേഖലയിലേക്ക് കടന്നുവന്ന പലർക്കും അനുകരിക്കാൻ പറ്റാത്തവിധം മികവുറ്റതായി മാറി.

പാരമ്പര്യത്തിന്റെ അംശം ഒട്ടും തന്നെ അവകാശപ്പെടാനില്ലായിരുന്നെങ്കിലും വരകളോട് കുട്ടിക്കാലത്തേ വലിയ ആഭിമുഖ്യമായിരുന്നു ഗോപന്. ആര് എന്ത് എവിടെ വരയ്ക്കുന്നതും, സാകൂതം നോക്കിനിൽക്കുന്ന സ്വഭാവക്കാരനായിരുന്നു അന്നത്തെ ഗോപൻ. പിന്നീട് രവിവർമ്മയുടേതുപോലുള്ള ചിത്രങ്ങൾ കണ്ടതുടങ്ങിയപ്പോൾ അതിനോട് കമ്പം തോന്നിയിട്ട് അത് വരയ്ക്കാനും തുടങ്ങി. അതോടെ സ്‌ക്കൂൾ പഠനകാലത്തും കോളേജ് പഠനകാലത്തും ചിത്രരചനാമത്സരങ്ങളിൽ ജെ.ഡി. ഗോപൻ സ്ഥിരം സമ്മാനാർഹനായി മാറി.

അക്കാലത്ത് വീടിനടുത്ത് ഒ.കെ കന്നുകാലിത്തീറ്റ വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു. അദ്ദേഹത്തിന് ഒ.കെ കടയോടൊപ്പം ഖദർ വസ്ത്രവിൽപ്പനയുണ്ടായിരുന്നു. ടിയാളുമായി നല്ല പരിചയമുണ്ടായിരുന്ന ഗോപനോട് ഒരു ദിവസം ആ കടക്കാരൻ ചോദിച്ചു, 'വരയ്ക്കുന്ന പയ്യന്മാരെ ആരെയെങ്കിലും അറിയാമോ?' എന്ന്. എന്തിനാണെന്ന് ചോദിച്ചപ്പോൾ, ഖദർ വസ്ത്രങ്ങൾക്ക് റിബേറ്റ് 25 ശതമാനം എന്ന് എഴുതിക്കാനാണെന്ന് കടക്കാരന്റെ ഉത്തരം.
'ഞാൻ എഴുതിത്തന്നാൽ മതിയോ?'
'മോൻ വരയ്ക്കുമെങ്കിൽ അതുമതി.' എന്നുപറഞ്ഞ കടക്കാരൻ തൊട്ടടുത്ത പെയിന്റ് കടയിൽ നിന്ന് രണ്ട് ടിൻ സാമ്പിൾ പെയിന്റും ഒരു ബ്രഷും വാങ്ങിക്കൊടുത്തു.

പിറ്റേന്ന് ഖാദി വസ്ത്രങ്ങൾക്ക് 25 ശതമാനം റിബേറ്റ് എന്ന് എഴുതിക്കൊണ്ടു കൊടുത്തു. കടക്കാരൻ 25 രൂപ പ്രതിഫലവും നൽകി. അതാണ് തുടക്കം. ആ 25 രൂപ ഗോപനിൽ വളർത്തിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. തന്റെ എഴുത്ത് മോശമായില്ല എന്നും, അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു  എന്നുമുള്ള കാര്യം കൊച്ചുമനസ്സിൽ വലിയ അളവിലാണ് ആത്മവിശ്വാസം വളർത്തിയത്.

അക്കാലത്ത് വീട്ടുകാരറിയാതെ അടുത്തുള്ള ക്ഷേത്രങ്ങളിൽ കെട്ടുകാഴ്ച കാണാൻ പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. ആളുകൾ വടംകെട്ടി വലിക്കുന്ന വണ്ടിക്കുതിരകളായിരുന്നു അന്നൊക്കെ കെട്ടുകാഴ്ചകളിലെ പ്രധാന ആകർഷണം. ഭഗവാന്മാരുടെ തടിയിലുള്ള നിരവധി രൂപങ്ങൾ പലകയിൽ പിടിപ്പിച്ച്, അവയിൽ കിന്നരി പേപ്പറുകൾ കൊണ്ടുള്ള മാലകളുമൊക്കെ ചാർത്തിയുള്ള വണ്ടിക്കുതിരകൾ പല ഉത്സവങ്ങളിൽ പല പ്രാവശ്യം കണ്ടപ്പോൾ ഒരു ദിവസം ഗോപനൊരു തോന്നലുണ്ടായി. എന്തുകൊണ്ട് അതിൽ നിന്നുള്ള ഒരു ഭഗവാനെ വലുതാക്കിക്കൂടാ. ആ തോന്നലാണ് ആദ്യ ഫ്‌ളോട്ട് രൂപകൽപ്പന ചെയ്യാൻ തന്നെ കാരണമായി മാറിയത്.

ആദ്യം ശ്രീരാമനേയും ലക്ഷ്മണനേയും ഹനുമാൻ തന്റെ തോളിലേറ്റിപ്പോകുന്ന സീൻ വരച്ചു. അതുപിന്നെ അത്യാവശ്യം വലിപ്പത്തിൽ തടിയിൽ രൂപകൽപ്പന ചെയ്‌തെടുത്തു. പ്‌ളാസ്റ്റർ ഓഫ് പാരീസിലായിരുന്നു നിർമ്മാണം. നിർമ്മാണം നടന്നുകൊണ്ടിരുന്നപ്പോൾ അതുകണ്ട ഒരു കൂട്ടുകാരൻ പറഞ്ഞു, അതൊരു കൈവണ്ടിയിൽ കയറ്റിയാൽ നന്നായിരിക്കുമെന്ന്.

അപ്പോഴാണ് കുടുംബക്ഷേത്രമായ ചവറ പഴഞ്ഞിക്കാവിൽ നിന്നുള്ള ഭാരവാഹികൾ ഉത്സവപ്പിരിവിനായി ഗോപന്റെ വീട്ടിലെത്തിയത്. ശിൽപ്പം കണ്ട അവർ, അത് കുടുംബക്ഷേത്രത്തിൽ ഉത്സവത്തിന് അവതരിപ്പിക്കാമോ എന്നുചോദിച്ചു. 900 രൂപ വാക്കാൽ കരാർ ഒപ്പിട്ടു. അന്ന് പ്രായം പതിനാറ് വയസ്സ്.

തുടർന്ന്, ഉത്സവദിവസം അന്നത്തെ എയ്‌സർ വണ്ടിയിൽ അത് ഫിറ്റ് ചെയ്ത് ചവറയ്ക്കു തിരിച്ചു. കന്നിയാത്ര. കടവൂർ അമ്പലത്തിന് മുന്നിലെത്തിയപ്പോൾ പ്രതിമയുടെ രണ്ടുകാലുകളും എങ്ങനെയോ ഒടിഞ്ഞു. അവിടുന്ന് കൊല്ലം ഹൈസ്‌ക്കൂൾ ജംഗ്ഷനിലെത്തിയപ്പോൾ നടുവും ഒടിഞ്ഞു. എങ്കിലും പിൻമാറിയില്ല. ഏത് വിധേനയൊക്കെയോ പഴഞ്ഞിക്കാവിലെത്തി.

അവിടെ ചെന്നിട്ട്, കൂടെയുണ്ടായിരുന്ന രവിയാശാനോട് പറഞ്ഞു, അഡ്വാൻസ് വാങ്ങിയതല്ലേ, എങ്ങനെയെങ്കിലും ഇറക്കിയേ പറ്റൂ. പിന്നെ ഒരു സൈക്കിൾ സംഘടിപ്പിച്ച് ശങ്കരമംഗലം ജംഗ്ഷനിലേക്ക് വച്ചുചവിട്ടി. അതൊരു ഞായറാഴ്ചയായിരുന്നു. എന്നിട്ടും ഏതോ ഭാഗ്യത്തിന് ചില കടകളൊക്കെ തുറന്നിരിപ്പുണ്ടായിരുന്നു. ഒരു കടയിൽ നിന്ന് പതിനഞ്ച് മീറ്റർ വെള്ളത്തുണിയും മറ്റൊരു കടയിൽ നിന്ന്, തടിയൊക്കെ ഒട്ടിക്കുന്ന ഒരു ഫെവിക്കോളും ഒരു ടിൻ പെയിന്റും വാങ്ങി. തിരികെച്ചെന്ന് തുണി നീളത്തിൽ കീറി പൊട്ടിയ ഭാഗം മുഴുവനായും വരിഞ്ഞുകെട്ടി. ഫെവിക്കോൾ ഒട്ടിച്ചു. ഉണങ്ങിക്കഴിഞ്ഞപ്പോൾ പെയിന്റടിച്ചു.

വൈകിട്ട് സംഘാടകരെത്തി, തുടങ്ങാൻ പറഞ്ഞപ്പോൾ വണ്ടിയെടുത്തു. അപ്പോഴുണ്ട്, നിശ്ചല ദൃശ്യമായി ചെയ്ത ഹനുമാൻ പ്രതിമ ചെറുതായി ചലിക്കുന്നു. ശ്രീരാമനേയും ലക്ഷ്മണനേയും തോളത്തിരുത്തി ലങ്കയിലേക്ക് ചാടുന്ന പ്രതീതി. ജനങ്ങളൊന്നാകെ അമ്പരന്നുപോയി. കാരണം, അതുപൊലെരെണ്ണം അവർ ആദ്യമായി കാണുകയാണ്. ഒന്നാമത് ഫ്‌ളോട്ടുകൾ വ്യാപകമല്ല. അതിന്റെ കൂടെ ചലിക്കുക കൂടി ചെയ്താൽ?
ഏതായാലും അവിടെ വച്ചുതന്നെ ഏഴ് ബുക്കിംഗ് കിട്ടി. അന്ന് ബുക്ക് ചെയ്തവർ ഇന്നും ഗോപന്റെ ഫ്‌ളോട്ടുകൾ മുടങ്ങാതെ ബുക്ക് ചെയ്യുന്നുണ്ട് എന്നുളളതാണ് എടുത്തുപറയേണ്ടുന്ന കാര്യം.

അതിനുശേഷം വർഷം നാൽപ്പത് കഴിഞ്ഞു, ആയിരത്തി അഞ്ഞൂറോളം ഫ്‌ളോട്ടുകളാണ് ഇക്കാലയളവിനുള്ളിൽ ഗോപൻ രംഗത്തവതരിപ്പിച്ചത്. അതിനിടെ പുതിയ പുതിയ പരീക്ഷണങ്ങളും നടത്തിക്കൊണ്ടേയിരുന്നു. നൃത്താവിഷ്‌ക്കാരത്തോടെയാണ് ഇപ്പോൾ ഓരോ ഫ്‌ളോട്ടും അവതരിപ്പിക്കുന്നത്.

ഒപ്പം കേരളത്തിന് പുറത്തേക്കും മേഖല വ്യാപിച്ചു. തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക... എന്നുവേണ്ട മിക്കവാറും ഇൻഡ്യൻ സംസ്ഥാനങ്ങളിലൊക്കെയും ജെ.ഡി. ഗോപന്റെ ഫ്‌ളോട്ടുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. എന്തിനധികം പറയുന്നു, ഗോപൻ നിർമ്മിച്ച ശ്രീനാരായണഗുരു അമേരിക്കയിലുമെത്തി. അതുകൂടാതെ വള്ളികുന്നത്ത് ഗോപൻ നിർമ്മിച്ചത് 40 അടി ഉയരമുള്ള ചട്ടമ്പി സ്വാമിയെയാണ്. അവർക്കുതന്നെ ഒരു വെങ്കല പ്രതിമ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. കൊല്ലത്തെ ചില തുണിക്കടകൾക്കും മറ്റും വേണ്ടി ഗോപൻ നിർമ്മിച്ച അലറുന്ന സിംഹവും, ചിന്നം വിളിക്കുന്ന ആനയുമൊക്കെ ജനം രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അങ്ങനെ വീടിനടുത്തുള്ള ഓ.കെ/ഖദർ കച്ചവടക്കാരന് റിബേറ്റ് 25 ശതമാനം എന്ന ബോർഡ് എഴുതി നൽകി തുടക്കം കുറിച്ച ജെ.ഡി. ഗോപൻ ഇന്ന് ഉത്സവഫ്‌ളോട്ടുകളുടെ ഉസ്താദായി മാറിയിരിക്കുകയാണ്. ഒപ്പം അഞ്ചാലുംമൂട് എന്ന പ്രദേശത്തെ, ഉത്സവഫ്‌ളോട്ടുകളുടെ ഹബ്ബാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഗോപന്റെ ചുവടുപിടിച്ച് വേറെയും പലരും ഈ മേഖലയിലേക്ക് ഇറങ്ങിയപ്പോൾ ആസ്ഥാനമാക്കിയത് അഞ്ചാലുംമൂടാണ്.

ഇതിനിടെ മമ്മൂട്ടിയുൾപ്പെടെ ഒന്നിലധികം സിനിമകളിലും ഗോപന്റെ ഫ്‌ളോട്ടുകൾ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കെ.ആർ. നാരായണൻ പുരസ്‌ക്കാരം, ദേശാഭിമാനി പുരസ്‌ക്കാരം തുടങ്ങി നൂറുകണക്കിന് പുരസ്‌ക്കാരങ്ങളും ഗോപനെ തേടിയെത്തിയിട്ടുണ്ട്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ കഴിഞ്ഞ അഞ്ചാറുവർഷങ്ങളായി ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി ഫ്‌ളോട്ടുകളൊരുക്കി സമ്മാനം നേടുന്നത് ഗോപന്റെ ഫ്‌ളോട്ടുകളാണ്.

എം.എസ്.സി, എം.എഡ് ബിരുദധാരിണി ആർച്ചാഗോപൻ, എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡി ചെയ്യുന്ന ആര്യാരാജേന്ദ്രൻ എന്നീ രണ്ട് പെൺമക്കളാണ് ജെ.ഡി. ഗോപൻ-ശ്രീജ ദമ്പതികൾക്കുള്ളത്. ഇതിനിടെ കോലാലംപൂർ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റും ലഭിച്ചു. അതോടെ ജെ.ഡി. ഗോപൻ ഡോ. ജെ.ഡി ഗോപനുമായി.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM
img