09:48am 30 April 2026
NEWS
കർണാടകത്തിലെ മാവോയിസ്റ്റുകൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി മുമ്പാകെ ബംഗളുരുവിൽ കീഴടങ്ങും
08/01/2025  02:37 PM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ മാവോയിസ്റ്റുകൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി മുമ്പാകെ ബംഗളുരുവിൽ കീഴടങ്ങും

കർണാടകത്തിലെ ചിക്കമാംഗ്ലൂർ വനാന്തരത്തിൽ അവശേഷിക്കുന്ന ആറു മാവോയിസ്റ്റുകൾ ഇന്ന് വൈകീട്ട് ബംഗളുരുവിൽ മുഖ്യമന്ത്രി  മുമ്പാകെ കീഴടങ്ങും. അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നുവെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കപ്പെടാതിരുന്നതിനാലാണ് ഇവരുടെ കീഴടങ്ങൽ നീണ്ടുപോയത്. ചിക്കമാംഗ്ലൂർ വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകൾക്ക് പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റിയുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് കുറച്ചായി. സംസ്ഥാന ഘടകത്തെ നിയന്ത്രിച്ചിരുന്ന വിക്രംഗൗഡ ഇക്കഴിഞ്ഞ നവംബറിൽ മാവോയിസ്റ്റ് വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ പ്രവർത്തനം ശിഥിലമായി. വികസന പദ്ധതികളുടെ മറവിൽ വനത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഗിരിജനങ്ങൾക്ക് ചെറുത്തുനിൽക്കാനുള്ള ധൈര്യം പ്രദാനം ചെയ്താണ് കുറച്ചുകാലമായി ചിക്കമാംഗ്ലൂർ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ വനാന്തരങ്ങളിൽ മാവോയിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. ഗിരിജനങ്ങൾ ഭക്ഷണം നൽകുകയും ഒളിത്താവളങ്ങൾ ഒരുക്കുകയും ചെയ്തതിനാലാണ് പിടിച്ചുനിന്നത്. കേന്ദ്ര സംസ്ഥാന ഭീകര വിരുദ്ധസേനകൾ തെരച്ചിൽ കർശനമാക്കിയതോടെ നിലനിൽപ്പ് അസാധ്യമായി. ഗിരിജനങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിക്രംഗൗഡയുടെ മരണത്തോടെ വനത്തിൽ ചിതറിപ്പോയ മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറെടുത്തു. ഗവണ്മെന്റ് നിർദ്ദേശപ്രകാരം പുനരധിവാസ കമ്മിറ്റി പ്രതിനിധികൾ വനമേഖലയിലെത്തി മാവോയിസ്റ്റുകളുമായി ചർച്ച നടത്തിയിരുന്നു. ആറു മാവോയിസ്റ്റുകളാണ് ഇന്ന് കീഴടങ്ങുന്നത്. അതിൽ മലയാളിയായ ജിഷ ഉൾപ്പെടെ നാലു സ്ത്രീകളുണ്ട്. മുണ്ടഗാരു ലത, സുന്ദരി കുത്ത്ലൂർ, വനജാക്ഷി ബലെഹോളെ എന്നിവർ കർണാടകക്കാരാണ്. വയനാട് സ്വദേശിയായ ജിഷ പതിനെട്ടുവയസ്സുകാരിയാണെന്നാണ് പോലീസ് രേഖയിലുള്ളത്. കൊടെവുണ്ട രവി എന്നയാൾ കീഴടങ്ങാൻ തയ്യാറായിട്ടില്ല

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img