
എത്യോപ്യയിൽ ശ്ലൈഹിക സന്ദർശനത്തിനെത്തിയ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ ആഡിസ് അബാബ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭാ നേതൃത്വം സ്വീകരിക്കുന്നു. ആബൂനാ ദീയസ്ക്കോറോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ആർച്ച് ബിഷപ്പ് ആബൂനാ മൽക്കിസദേക്ക് എന്നിവർ സമീപം.
കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശ്ലൈഹികസന്ദർശനത്തിനായി എത്യോപ്യയിലെത്തി. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിൽ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാതിഥിയാകും. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ആഡിസ് അബാബ ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും, ഹോളി ട്രിനിറ്റി കത്തീഡ്രലിലും ഔദ്യോഗിക സ്വീകരണം നൽകി. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥ്യാസ് മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി. ആർച്ച് ബിഷപ്പ് ആബൂനാ മൽക്കിസദേക്ക്, ആബൂനാ ദീയസ്ക്കോറോസ് എന്നിവർ ചേർന്നാണ് വിമാനത്താവളത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചത്. എത്യോപൻ - മലങ്കര സഭാതലവൻമാരുടെ ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്ക് പാത്രിയാർക്കേറ്റ് ആസ്ഥാനം ഇന്ന് ( 25-09-26) വേദിയാകും. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ സഹോദരി സഭകളാണ് എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും.
നാളെയാണ് ( 26-09-2026 ) എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സ്ലീബാ പെരുന്നാൾ യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആഘോഷമാണ്. നാലാം നൂറ്റാണ്ടിൽ ഹെലനി രാഞ്ജി ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതിന്റെ ഓർമ്മയെയാണ് സ്ലീബാ പെരുന്നാളായി ക്രൈസ്തവർ ആഘോഷിക്കുന്നത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയർ ചടങ്ങുകൾക്ക് വേദിയാകും. മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഫാ.ഡോ.ജോസി ജേക്കബ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ഗീവർഗീസ് ജോൺസൺ, ജേക്കബ് മാത്യു, ജോജോ പി ജോൺ എന്നിവരും മലങ്കരസഭയുടെ പ്രതിനിധി സംഘത്തിലുണ്ട്.
Photo Courtesy - Google







