09:31pm 24 August 2026
NEWS
മലങ്കര നസ്രാണി പള്ളിയോഗം ഓഗസ്റ്റ് 27ന് സെന്റ് ഗ്രീഗോറിയോസ് നഗറിൽ ( ചൊവ്വ) പതാക ഉയരും.
24/08/2026  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കര നസ്രാണി പള്ളിയോഗം ഓഗസ്റ്റ് 27ന് സെന്റ് ഗ്രീഗോറിയോസ് നഗറിൽ ( ചൊവ്വ) പതാക ഉയരും.
HIGHLIGHTS

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളന ന​ഗരിയായ വെട്ടിക്കൽ സെന്റ് ​ഗ്രീ​ഗോറിയോസ് ന​ഗറിൽ മാധ്യമങ്ങളെ കാണുന്നു. മാത്യു ഉമ്മൻ പുലരിയിൽ, ഫാ.കെ.വി ഏലിയാസ് ഏലിയാസ്, അഡ്വ.ബിജു ഉമ്മൻ, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, മലങ്കരമൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ , എബിൻ പൊന്നോടത്ത്, ഫാ.കുര്യാക്കോസ് വർഗീസ് എന്നിവർ സമീപം.

മുളന്തുരുത്തി : മലങ്കരസഭയുടെ പാർലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കും. മലങ്കരസഭയ്ക്ക് പുതുതായി 4 മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മലങ്കര നസ്രാണി പള്ളിയോഗം ചേരുന്നത്. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നായി നാലായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. വിദേശ ഭദ്രാസനങ്ങളിലെ അംഗങ്ങൾ ഓൺലൈനായും, മറ്റുള്ളവർ ബാലറ്റിലൂടെയും സമ്മതിദാനം വിനിയോഗിക്കും. 27ന് രാവിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റിയോഗം പള്ളിയിൽ ചേരും. 11.30ന്  പള്ളയിൽ നിന്ന് സമ്മേളനഗരിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്ര. 12.15ന് സെന്റ് ഗ്രീഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പോലീത്തായെയും, മറ്റ് മെത്രാപ്പോലീത്താമാരെയും ആചാരപരമായി സ്വീകരിക്കും. പ്രാർത്ഥനയോടെ കൃത്യം ഒരു മണിയ്ക്ക് 
യോഗനടപടികൾ ആരംഭിക്കും. കോട്ടയം പഴയസെമിനാരി അധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് ധ്യാനം നയിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നോട്ടീസ് കൽപ്പന വായിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധികളെ അഭിസംബോധന ചെയ്യും. ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ബാലറ്റ്, ഓൺലൈൻ എന്നിവ ചേർന്ന ഹൈബ്രിഡ് വോട്ടിംഗ് ആയതിനാൽ രാത്രി 7 മണിയോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭരണ- പൊതുരംഗത്ത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയക്കായി നിയോഗിച്ചിരിക്കുന്നത്.കെ.റ്റി ചാക്കോ ഐ എ എസാണ് ( റിട്ട ) മുഖ്യവരണാധികാരി. ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസർ അലക്സിൻ ജോർജ് ഐ.പി.ഒ.എസ്,  ഡോ.ജേക്കബ് കുര്യൻ ഓണാട്ട്, ഡോ.എം.ഇ.കുര്യാക്കോസ് എന്നിവരാണ് അസി.റിട്ടേണിംഗ് ഉദ്യോഗസ്ഥർ. ഐ.ടി വിദഗ്ധനായ തോമസ് ജോർജ് ഇ-വോട്ടിംഗിന് മേൽനോട്ടം വഹിക്കും.

ഒട്ടേറെ ചരിത്രമൂഹൂർത്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കുറി സഭാ പാർലമെന്റ് സമ്മേളിക്കുന്നത്. മുളന്തുരുത്തി സുന്നഹദോസ്, മലങ്കരസഭയിലെ ആദ്യ ദിവ്യമൂറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകം എന്നീ ധന്യനിമിഷങ്ങളുടെ 150ാം വാർഷികത്തിൽ അതേ മണ്ണ് മറ്റൊരു ചരിത്രസംഗമത്തിന് വേദിയാകുന്നു. 

പതാക - ഛായാച്ചിത്ര ഘോഷയാത്രകൾ ( 25-08-2026 )

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വിളംബരം കുറിച്ചുള്ള പതാക ഘോഷയാത്ര ഇന്ന് രാവിലെ 8.30ന് കൊരട്ടി സിയോൻ സെമിനാരിയിൽ നിന്ന് ആരംഭിക്കും. കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിന് മുന്നോടിയായി രാവിലെ 6ന് വിശുദ്ധ കുർബാന. പതാകഘോഷയാത്രയെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സ്വീകരിക്കും. മൂവാറ്റുപുഴ അരമനയിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ, കോലഞ്ചേരി പള്ളിയിൽ  കണ്ടനാട് വെസ്റ്റ് സഹായ മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് എന്നിവർ പതാകഘോഷയാത്രയെ സ്വീകരിക്കും. വടക്കൻ മേഖല ഭദ്രാസനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 5മണിയോടെ മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലെത്തിച്ചേരും. മുളന്തുരുത്തി മാർത്തോമൻ പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ തനത് കേരളീയവേഷത്തിൽ പതാകഘോഷയാത്രയെ സ്വീകരിക്കും. അസോസിയേഷൻ ചേരുന്ന സെന്റ് ഗ്രീഗോറിയോസ് നഗറിൽ പരിശുദ്ധ കാതോലിക്കാ ബാവാ പതാക ഉയർത്തും. സമ്മേളനനഗരിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമഗൃഹമായ ചാത്തുരുത്തിൽ തറവാട്ടിൽ നിന്ന് എത്തിക്കുന്ന ഛായാചിത്രം ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഏറ്റുവാങ്ങും. 101 അംഗ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്.

പാർക്കിംഗ് സുഗമമാക്കാൻ ക്യൂ.ആർ കോഡ് സംവിധാനം

അസോസിയേഷൻ പ്രതിനിധികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 5 ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ നിരണം വരെയുള്ള 8 തെക്കൻ ഭദ്രാസനങ്ങളിൽ നിന്ന് വരുന്നവർക്ക് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. കോട്ടയം മുതൽ കണ്ടനാട് വെസ്റ്റ് വരെയുള്ള 6 മധ്യകേരള ഭദ്രാസനങ്ങളിൽ നിന്നുള്ളവർക്കായി തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിൽ  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അങ്കമാലി മുതൽ മലബാർ വരെയുള്ള വടക്കൻ  ഭദ്രാസനങ്ങളിലെ പ്രതിനിധികൾ സ്റ്റെല്ലാ മേരീസ് കോൺവന്റ് സ്ക്കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. കേരളത്തിന് പുറത്തുള്ള ഭദ്രാസനങ്ങളിൽ നിന്ന് വരുന്നവർക്ക് വെട്ടിക്കൽ സെന്റ് തോമസ് എൽ.പി സ്ക്കൂളിൽ പാർക്കിംഗ് സൗകര്യമുണ്ടാകും. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ,വോളണ്ടിയർമാർ, കൊച്ചി ഭദ്രാസന പ്രതിനിധികൾ എന്നിവരുടെ വാഹനങ്ങൾ സെന്റ് തോമസ് ദയറായുടെ ഈസ്റ്റ് സൈഡിൽ പാർക്ക് ചെയ്യണം. പാർക്കിംഗ് സ്ഥലത്തേക്കുള്ള ക്യൂ.ആർ കോഡ് ഗൂഗിൾ മാപ്പ് പ്രതിനിധികൾക്ക് നൽകിയിട്ടുണ്ട്. പാർക്കിംഗ് സ്ഥലത്ത് നിന്ന് സമ്മേളന നഗരിയിലേക്കും തിരികെയും ഫീഡർ ബസ് സൗകര്യമുണ്ടാകും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ( മലങ്കരസഭാധ്യക്ഷൻ  ) , ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ( കൊച്ചി ഭദ്രാസനാധിപൻ ), ഫാ.ഡോ.തോമസ് വർഗീസ് അമയിൽ ( വൈദിക ട്രസ്റ്റി ) , റോണി വർഗീസ് ഏബ്രഹാം ( അൽമായ ട്രസ്റ്റി ) , അഡ്വ.ബിജു ഉമ്മൻ ( അസോസിയേഷൻ സെക്രട്ടറി ), മലങ്കരമൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ ( വക്താവ് ) , ഫാ.കെ.വി ഏലിയാസ് ഏലിയാസ്  ( വൈസ് ചെയർമാൻ, പബ്ലിസിറ്റി കമ്മിറ്റി  ) , ഫാ.കുര്യാക്കോസ് വർഗീസ് ( ദയറാ മാനേജർ,) മാത്യു ഉമ്മൻ പുലരിയിൽ, പി.വി ബഹനാൻ, എബിൻ പൊന്നോടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img