
മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം വാർഷികത്തിന്റെ ഓർമ്മ പുതുക്കി മലങ്കരസഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം മുളന്തുരുത്തി പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം.
മുളന്തുരുത്തി : അതിവിശുദ്ധ തൈലത്തിന്റെ സുഗന്ധം പ്രസരിച്ച ദിവ്യനിമിഷത്തെ അനുസ്മരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. 1876 ഓഗസ്റ്റ് 27 നാണ് മുളന്തുരുത്തി മാർത്തോമൻ പള്ളി ദിവ്യമൂറോൻ കൂദാശയ്ക്ക് വേദിയായത്. 150ാം വാർഷിക ദിനത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ സഹകാർമ്മികരായി. മലങ്കരസഭയുടെ പാർലമെന്റ് മുളന്തുരുത്തിയിൽ സമ്മേളിക്കുന്ന വേളയിൽ തന്നെ ദിവ്യമൂറോൻ കൂദാശയുടെ 150ാം വാർഷികം ആഘോഷിക്കാൻ കഴിഞ്ഞത് ചരിത്രനിയോഗമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം വാർഷികത്തിന്റെ ഭാഗമായി പള്ളിയിൽ സ്ഥാപിച്ച സ്മാരകശിലയുടെ സമർപ്പണം സഭാധ്യക്ഷൻ നിർവഹിച്ചു. മുളന്തുരുത്തി സുന്നഹദോസിന്റെ ഓർമ്മ പുതുക്കി മലങ്കരസഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും ചേർന്ന് പള്ളിയിൽ ധൂപാർപ്പണം നടത്തി. വികാരി ഫാ.ജോബ് ഡേവിസ്, അസി.വികാരിമാരായ ഫാ.സഞ്ജയ് ഏലിയാസ്, ഫാ.സജോ തോമസ്, ഫാ അല്ക്സ് പി ജോർജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Photo Courtesy - Google









