05:47am 26 May 2026
NEWS

കൂട്ടത്തിൽ കൂടിയവരും കോടികൾ തട്ടി; പാതിവില; മുഴുത്തട്ടിപ്പ് -2

01/11/2025  10:21 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
 കൂട്ടത്തിൽ കൂടിയവരും കോടികൾ തട്ടി; പാതിവില; മുഴുത്തട്ടിപ്പ് -2
HIGHLIGHTS

പാതിവിലത്തട്ടിപ്പിൽ ഉലഞ്ഞ് നോർത്ത് പറവൂർ

നോർത്ത് പറവൂരിൽ നിന്നു മാത്രം പാതിവിലത്തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടതായി കാണിച്ച് എണ്ണൂറിലേറെ പേരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ നിന്നാണ്. 

നോർത്ത് പറവൂരിൽ നിന്നും ഇത്രയധികം പേർ വഞ്ചിക്കപ്പെടാൻ പൊതുകാരണം കൂടാതെ മറ്റൊന്നു കൂടിയുണ്ട്. കേരളത്തില ങ്ങോളമിങ്ങോളം സ്ത്രീകളെ വിളിച്ചു ചേർത്തും സീഡ് സൊസൈറ്റികൾ രൂപീകരിച്ചും അനന്തു കൃഷ്ണനെന്ന പ്രധാന പ്രതി നേരിട്ടാണ് തട്ടിപ്പ് നടത്തിയതും പണം അക്കൗണ്ടിലേക്ക് സ്വീകരിച്ച തുമെങ്കിൽ പറവൂരിൽ തട്ടിപ്പുകാർക്കൊരു ഇടനിലക്കാരൻ കൂടിയുണ്ടായിരുന്നു- ജനസേവ സമിതി ട്രസ്റ്റ് പറവൂർ. ജനസേവ സമിതി 2024 ൽ മാത്രം രജിസ്റ്റർ ചെയ്ത ട്രസ്റ്റാണെന്ന് ആർക്കും അറിയില്ലെന്ന് മാത്രം. 

കേന്ദ്ര പദ്ധതിയായ ജൻശിക്ഷാ സൻസ്ഥാന്റെ മാതൃക കോപ്പിയടിച്ച് സ്ഥാപിച്ചതാണ് പറവൂരിലെ ജനസേവ സമിതി. കേന്ദ്ര സർക്കാറിന്റെ ജൻശിക്ഷാ സൻസ്ഥാൻ ജെ എസ് എസ് എന്നാണ് അറിയപ്പെടുന്നത്. ഇതേ ജെ എസ് എസ് തന്നെയാണ് ജനസേവ സമിതിയും. ജനങ്ങളെ വളരെ പെട്ടെന്ന് വഞ്ചിക്കാൻ സ്വീകരിച്ച നാമം. 

ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടറായി വിരമിച്ച മേരി സി ജിയാണ് ജനസേവ സമിതിയുടെയും ഡയറക്ടർ. ജൻശിക്ഷൻ സൻസ്ഥാനിൽ ജോലി ചെയ്തിരുന്ന അതേ ജീവനക്കാരാണ് ജനസേവ സമിതിയിലും മേരി സി ജിയോടൊപ്പം ഉണ്ടായിരുന്നത്. ജൻ ശിക്ഷൻ സൻസ്ഥാൻ നടപ്പാക്കുന്ന പദ്ധതികളായ വനിതകൾക്ക് ടെയിലറിംഗ്, എംബ്രോയിഡറി തുടങ്ങിയ അതേ പദ്ധതികൾ തന്നെയാണ് ജനസേവ സമിതിയും പുറമേ പറഞ്ഞിരുന്നത്. പിന്നെങ്ങനെ ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കും. വിരമിച്ചെങ്കിലും മേരി സി ജിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലിപ്പോഴും ജൻ ശിക്ഷൻ സൻസ്ഥാന്റെ ഡയറക്ടർ എന്നുതന്നെയാണുള്ളത്.

കേന്ദ്ര പദ്ധതിയാണെന്ന അനന്തു കൃഷ്ണന്റേയും ആനന്ദ കുമാറിന്റേയും അവകാശവാദങ്ങൾ ശരിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മേരി സി ജിയുടെ ജനസേവ സമിതിക്ക് എളുപ്പത്തിൽ സാധിച്ചിരുന്നു. മേരി സി ജി വാട്‌സ് ആപ് ഗ്രൂപ്പുകളിൽ പറഞ്ഞ വാക്കുകളിൽ വിശ്വസിച്ചാണ് തങ്ങൾ പണം കൊടുത്തതെന്നാണ് വഞ്ചിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും പറഞ്ഞത്. 

മേരി സി ജി മാത്രമല്ല പറവൂരിലെ ചൈതന്യ ഹോസ്പിറ്റലിന്റേയും ചെറായി ബീച്ച് റിസോർട്ടിന്റേയും ഉടമ ഡോ. മധുവും മറ്റൊരു പ്രമുഖനായ ശശിധരനും കൂടെയുണ്ടായിരുന്നത് ജെ എസ് എസിന്റെ വിശ്വാസ്യത വർധിപ്പിച്ചു. ഇത്രയും വിശ്വാസ്യതയുള്ളവർ തലപ്പത്തുള്ള സ്ഥാപനത്തെ ജനങ്ങളെങ്ങനെ അവിശ്വസിക്കും. 

ജെ എസ് എസും അനന്തുകൃഷ്ണനും സംഘടിപ്പിച്ച പരിപാടികൾക്കെല്ലാം പ്രമുഖ രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചതും ജനങ്ങളുടെ വിശ്വാസ്യത ഇരട്ടിപ്പിച്ചു. അതോടൊപ്പം പറവൂരിലെ വിവിധ വാർഡ് കൗൺസിലർമാരേയും അവർ കൂടെക്കൂട്ടി. തങ്ങളുടെ വാർഡിലുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കുമെന്ന തെറ്റിദ്ധാരണയിൽ വാർഡ് കൗൺസിലർമാർ പദ്ധതിയെ ആവോളം പ്രോത്സാഹിപ്പിച്ചു. 
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ മൂവാറ്റുപുഴയിൽ കേസുണ്ടാവുകയും അയാൾ അറസ്റ്റിലാവുകയും ചെയ്തിട്ടും പറവൂരിൽ പദ്ധതി നിർബാധം തുടരുകയും പലരിൽ നിന്നും വീണ്ടും വീണ്ടും പണം സ്വീകരിക്കുകയും ചെയ്തിരുന്നു. ജെ എസ് എസ് അവിടെ സൃഷ്ടിച്ച വിശ്വാസ്യതയാണ് മുതലെടുക്കപ്പെട്ടത്.  

പേര് ജനസേവ; ചെയ്യുന്നത്  ജനദ്രോഹം

ടൂ വീലറിന് ഒരു വീട്ടമ്മ പകുതി വിലയായ 60,000 രൂപ അടയ്ക്കുമ്പോൾ അതിൽ അയ്യായിരത്തിലേറെ രൂപ മേരി സി ജിയുടെ ജനസേവ സമിതിക്കുള്ള കമ്മീഷനാണ്. അതോടൊപ്പം പേപ്പർ ജോലികൾ കൈകാര്യം ചെയ്യുന്നതിനുള്ള ചാർജായി 2000 രൂപയും കൂടി വാങ്ങുന്നുണ്ട്. അതായത് ഒരു ഇരുചക്ര വാഹനത്തിന് അപേക്ഷ ലഭിക്കുമ്പോൾ ഏഴായിരത്തിലേറെ രൂപയാണ് ജനസേവ സമിതിക്ക് മാത്രം കിട്ടുന്നത്. കേസ് കൊടുത്ത എണ്ണൂറു പേരുടെ കണക്ക് നോക്കിയാൽ മാത്രം 56 ലക്ഷത്തിലേറെ രൂപയാണ് ജനസേവ സമിതിക്ക് ലഭിച്ചിരിക്കുന്നത്. 
സി എസ് ആർ ഫണ്ട് മുഖേനയാണ് വീട്ടമ്മമാർക്ക് വാഹനം ലഭിക്കുന്നതെന്നാണ് പുറത്ത് പ്രചരിപ്പിച്ചതെങ്കിലും ഈ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള മേരി സി ജിക്ക് പദ്ധതി ശുദ്ധ തട്ടിപ്പാണെന്ന് ആദ്യമേ മനസ്സിലായിട്ടുണ്ടാകും. 

തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവർ ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. പണം നൽകിയ ആദ്യ സംഘത്തിന് വാഹനം കിട്ടാത്ത അവസ്ഥ വന്നപ്പോഴെങ്കിലും അവർക്ക് പിന്മാറാനുള്ള അവസര മുണ്ടായിരുന്നു. എന്നാൽ അനന്തുകൃഷ്ണനെ അറസ്റ്റ് ചെയ്തപ്പോഴും പണം വാങ്ങൽ തുടർന്നു എന്നതിനർഥം ആളുകളെ വഞ്ചിച്ച് പണമുണ്ടാക്കാൻ മേരി സി ജിയും ഡോ. മധുവും ആദ്യമേ കച്ചകെട്ടി ഇറങ്ങിയിരുന്നുവെന്നാണ്. എട്ട് ഘട്ടത്തിലേറെ തവണയാണ് മേരി സി ജിയും ഡോ. മധുവുമുള്ള ജനസേവ സമിതി ജനങ്ങളെ പറ്റിച്ച് പണം പിടുങ്ങിയത്. ഇതിൽ എത്ര തുക അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ടെന്ന് അറിയണമെങ്കിൽ ഇവരുടെയെല്ലാം അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കമ്മീഷനും ഹാന്റ്‌ലിംഗ് ചാർജും കൂടാതെ ബാക്കി പണം കൈമാറിയിട്ടില്ലെങ്കിൽ അതുകൂടി ഇവർ സ്വന്തമാക്കിയെന്ന് കരുതേണ്ടി വരും. 

ജെ എസ് എസിന്റെ തട്ടിപ്പ് രീതി

പദ്ധതിയുടെ പേരിൽ തങ്ങളുടെ പക്കൽ നിന്നും പണം തട്ടിച്ചെടുത്ത രീതി തട്ടിപ്പിനിരയായ സൂര്യ വിനോദ് വിവരിക്കുന്നത് ഇങ്ങനെയാണ്: ഇരുചക്ര വാഹനം പകുതി വിലയ്ക്ക് കിട്ടുമെന്നും അതിന് മേരി സി ജിയുമായി ബന്ധപ്പെട്ടാൽ മതിയുമെന്നുമറിഞ്ഞ തനിക്ക് അവരുടെ നമ്പർ ലഭിച്ചു. ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ വാട്‌സ്ആപ് ഗ്രൂപ്പിൽ ചേർക്കാമെന്നും അതിൽ വിവരങ്ങൾ കിട്ടുമെന്നും പറഞ്ഞ് വാട്‌സ്ആപ് ഗ്രൂപ്പിൽ ചേർത്തു. 

പണം അടയ്ക്കാൻ സ്ലോട്ടും സമയവും വരുമെന്ന് അറിയിക്കുകയും സ്ലോട്ട് ഓപ്പണാകുമ്പോൾ പണം അടയ്ക്കാനും കാത്തിരിക്കാനും പറഞ്ഞു. ഒരു ദിവസം രാത്രിയാണ് സ്ലോട്ട് ഓപ്പണായത്. പണം കരുതിയവർക്ക് അത് അടയ്ക്കാൻ സാധിച്ചു. അതില്ലാത്തവർക്ക് രണ്ട് ദിവസം കൂടി സമയം അനുവദിച്ചിരുന്നു. ആ സമയത്തിനകം പണം കണ്ടെത്തി അടയ്ക്കാനായിരുന്നു നിർദ്ദേശം. എന്നാൽ പണം കണ്ടെത്താനാവാത്തവരോട് പൈസയുണ്ടാക്കാനുള്ള മാർഗ്ഗവും മേരി സി ജി തന്നെ ഉപദേശിച്ചു. കയ്യിലുള്ള സ്വർണം ബാങ്കിൽ പണയം വെയ്ക്കാനും എത്രയും വേഗം പണം അടയ്ക്കാനുമായിരുന്നു നിർദ്ദേശം. പണം അടയ്ക്കുമ്പോൾ അവിശ്വാസം തോന്നാതിരിക്കാൻ കുറേ മാനദണ്ഡങ്ങളും അവർ മുന്നോട്ടു വെച്ചിരുന്നു. 

പണമിടപാടുകളെല്ലാം നടത്തിയത് അക്കൗണ്ട് മുഖേനയായതിനാൽ എല്ലാറ്റിനും രേഖകളുണ്ട്. പണം കൊടുത്തതിനും വാങ്ങിയതിനും കൈമാറ്റം ചെയ്തതിനും വ്യക്തമായ തെളിവുകളുള്ള കേസിൽ എന്തുകൊണ്ടാണ് തെളിവെടുപ്പുകൾ മാത്രമായി അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് സൂര്യ വിനോദ് ചോദിക്കുന്നത്. 
പാതിവില നൽകി ഉത്പന്നങ്ങൾ സ്വന്തമാക്കാൻ നോർത്ത് പറവൂരിലെ ജെ എസ് എസ് ഓഫീസിന് മുമ്പിൽ പ്രതിദിനം നൂറുകണക്കിന് പേർ എത്തിത്തുടങ്ങിയതോടെ അക്ഷയ കേന്ദ്രങ്ങളും ഇതൊരു കൊയ്ത്താക്കി മാറ്റി. ജെ എസ് എസിലേക്കുള്ള പാതിവില അപേക്ഷകൾ പൂരിപ്പിച്ചു നൽകാൻ അവരും വലിയ ഫീസ് വാങ്ങിയതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. 

വഞ്ചിക്കപ്പെട്ടവരോട് നീതികാണിക്കാതെ പൊലീസ്

നൂറുകണക്കിന് പേർ പരാതി കൊടുക്കാനെത്തിയ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പലപ്പോഴും  പല പൊലീസുകാരിൽനിന്നുമുണ്ടായത് മാന്യമായ പെരുമാറ്റമല്ല  ലഭിച്ചതെന്ന പരാതിയും വഞ്ചിക്കപ്പെട്ടവർ പറയുന്നു. എല്ലാ പരാതികളും കൂടി ഒന്നിച്ചാക്കി ഒറ്റക്കേസിൽ ഒതുക്കാനായിരുന്നു പൊലീസ് ശ്രമിച്ചതെന്നും ഇവർ ആരോപിക്കുന്നു. 

വഞ്ചിക്കപ്പെട്ടവരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. ഡീന ജോസഫ് പൊലീസ് കൃത്യമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. കേസിന്റെ ഭാഗമായി ചില ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അവർ മടങ്ങിപ്പോകാനാണ് പറഞ്ഞതെന്നും അഡ്വ. ഡീന പറയുന്നു. 
വഞ്ചിക്കപ്പെട്ട വനിതകളോടൊപ്പം ശക്തമായി നിൽക്കുകയും കേസിന്റെ നടപടികളിലേക്ക് കടക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് അഡ്വ. ഡീനയായിരുന്നു. അപ്പോഴും പലർക്കും സംശയമുണ്ടായിരുന്നു. കേസ് കൊടുത്താൽ തങ്ങളുടെ പണം കിട്ടില്ലെന്നാണ് അവർ ഭയന്നത്. അറസ്റ്റിലായ അനന്തു കൃഷ്ണനാകട്ടെ പൊലീസ് സ്റ്റേഷനിൽ നിന്നും വാട്‌സ്ആപ് ഗ്രൂപ്പികളിലേക്ക് സന്ദേശം അയച്ച് ഭീഷണി മുഴക്കുകയും ചെയ്തു. തനിക്കെതിരെ കൂടുതൽ കേസുകൾ കൊടുത്താൽ തനിക്ക് പുറത്തിറങ്ങാനാവാതെ വരുമെന്നും അങ്ങനെ വന്നാൽ പണം തരാനാവില്ലെന്നുമായിരുന്നു അനന്തു കൃഷ്ണന്റെ ഭീഷണി. അതോടെ കുറേപ്പേർ പരാതിയും കേസും നൽകുന്നതിൽ നിന്ന് പിന്മാറി. 

പാതിവില പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലം കൂടിയാണ് പറവൂർ. താൻ പാതിവിലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ പോയിട്ടില്ലെന്നും മറ്റൊരു പരിപാടിക്ക് പോകവേ പ്രവർത്തകർ വിളിച്ചു കയറ്റിയതാണ് പാതിവില പദ്ധതി പരിപാടിയിലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ വി ഡി സതീശനോട് പരാതി പറയാൻ പോയവരോട് അദ്ദേഹം നീതിയോടെ സംസാരിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്ന ആരോപണം. മാത്രമല്ല വി ഡി സതീശനും മേരി സി ജിയും ഒന്നിച്ചു പഠിച്ചവരാണെന്ന ആരോപണവും നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പേരും ഫോട്ടോയും ഈ പദ്ധതിക്കായി നിർബാധം ഉപയോഗിച്ചിട്ടുണ്ട്. ഹൈബി ഈഡൻ എം പിയും പാതിവില പദ്ധതിയുടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഋഷിരാജ് സിംഗ്, മുനമ്പം സബ് ഡിവിഷണൽ ഓഫീസർ ജയകൃഷ്ണൻ എസ് തുടങ്ങി നിരവധി പൊലീസ് ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കുകയും നോട്ടീസിൽ പേരും ഫോട്ടോയും വരികയും ചെയ്തിട്ടുണ്ട്. 

വുമൺ ഓൺ വീൽസ്; വോയ്‌സ് ഫോർ വുമൺ

വുമൺ ഓൺ വീൽസ് എന്നാണ് പാതിവില തട്ടിപ്പ് പദ്ധതിക്ക് നൽകിയ പേര്. ഈ പദ്ധതിയിലൂടെ വനിതകൾ വഞ്ചിക്കപ്പെട്ടപ്പോൾ വോയ്‌സ് ഓഫ് വുമൺ എന്ന പേരിൽ  കൂട്ടായ്മയുണ്ടാക്കി. പറവൂർ കേന്ദ്രമായാണ് കൂട്ടായ്മ ആരംഭിച്ചതെങ്കിലും പദ്ധതിയിൽ വഞ്ചിക്കപ്പെട്ട സംസ്ഥാനത്തെ മുഴുവൻ പേരെയും വോയ്‌സ് ഫോർ വുമണിലൂടെ ഒന്നിച്ചു കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. 

പറവൂരിലെ തട്ടിപ്പിനെതിരെ പ്രതികരിക്കാനും ശക്തമായ നടപടികളിലേക്ക് കടക്കാനും അഡ്വ. ഡീന ജോസഫിനോടൊപ്പം നിരവധിപ്പേർ ചേർന്നു. പറവൂരിലെ ബിസിനസുകാരനും സാമൂഹ്യ പ്രവർത്തകനുമായ അരുൺ പി പിയും സംഘത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചു. തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങുന്നയാളെ കയ്യുംകെട്ടി നോക്കിനിൽക്കാൻ തയ്യാറല്ലാതിരുന്ന അരുൺ പരാതിയുമായവർക്ക് സഹായം നൽകാനും പൊലീസുകാരോടും രാഷ്ട്രീയക്കാരോടുമെല്ലാം നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാനും മുൻപന്തിയിലുണ്ടായിരുന്നു. 

പറവൂരിലെ കേസുകൾ അനന്തു കൃഷ്ണനെതിരെ നേരിട്ടുള്ളതല്ല. അവയെല്ലാം ജെ എസ് എസിനെതിരായാണ് വരുന്നത്. കാരണം ജെ എസ് എസാണ് പറവൂരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചത്. അനന്തുകൃഷ്ണന്റെ സ്പിയാർഡ്‌സുമായി ജെ എസ് എസിനാണ് ബന്ധം. 
വുമൺ ഓൺ വീൽസിനു പുറമേ വിവിധ ജില്ലകളിൽ ഡിജിറ്റൽ ഗ്രാമം, അഗ്രി പ്രൊജക്ട് തുടങ്ങി വ്യത്യസ്ത പേരുകളിൽ വ്യത്യസ്ത പദ്ധതികൾക്കായി പണം സ്വീകരിച്ചിട്ടുണ്ട്. 

തട്ടിപ്പ്  പൊട്ടിയവിധം

പകുതി വിലയ്ക്ക് സാധനം ലഭിക്കാൻ പണം നൽകിയ മൂവാറ്റുപുഴ പായിപ്രയിലെ സുനൈന നാസർ പദ്ധതിയുടെ സത്യാവസ്ഥ അന്വേഷിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പ് പൊളിയുന്നതിലേക്ക് നയിച്ചത്. പരാതി ലഭിച്ച മുഖ്യമന്ത്രി അന്വേഷണത്തിന് പൊലീസിലേക്ക് കൈമാറിയതോടെ ലോക്കൽ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു. 
എന്നാൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാതിവില ക്യാമ്പുകൾ നടത്തി വനിതകളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയ കാലത്തു തന്നെ രഹസ്യാന്വേഷണ വിഭാഗം പദ്ധതി തട്ടിപ്പാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ആ സമയത്തു തന്നെ അധികൃതർ ശ്രദ്ധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് വഴിയൊരുങ്ങില്ലായിരുന്നു. 

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന പ്രമീള ഗിരീഷ് കുമാർ പാതിവില പദ്ധതിയിലെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊതുജനങ്ങളുടെ മുമ്പിലേക്കും പൊലീസിലും വിവരം അറിയിച്ചതോടെയാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പ് കേരളം അറിഞ്ഞത്. പാതിവില പദ്ധതി ആരംഭിച്ചപ്പോൾ മികച്ച പദ്ധതിയാണെന്ന് കരുതുകയും കൂടെ നിൽക്കുകയും ചെയ്ത പ്രമീള ഗിരീഷ്‌കുമാർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം എല്ലാവരേയും അറിയിക്കുകയായിരുന്നു. പ്രമീളയെ കണ്ടാണ് മൂവാറ്റുപുഴയിൽ പലരും പദ്ധതിയിൽ ചേർന്നത്. പ്രമീളയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സീഡ്‌സ് വഴി പദ്ധതിയിലൂടെ ഇരുചക്ര വാഹനത്തിനും ലാപ്‌ടോപിനും ഗൃഹോപകരണങ്ങൾക്കും തയ്യൽ മെഷീനുമൊക്കെയായി ഒരു കോടി 80 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് അവർ പറയുന്നു. ഈ തുക തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമീള അനന്തുകൃഷ്ണനെതിരെ തിരിഞ്ഞത്. എന്നാൽ അനന്തുകൃഷ്ണൻ അതിന് തയ്യാറാവാതെ വന്നതോടെ സീഡ്‌സ് സൊസൈറ്റി ഭാരവാഹികൾ പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു. ഈ കേസിലാണ് അനന്തുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പദ്ധതിയുമായി ബന്ധപ്പെട്ട് താൻ ഒരു രൂപ പോലും കമ്മീഷൻ വാങ്ങാത്തതുകൊണ്ടും ജനങ്ങളുടെ പണം അനാവശ്യമായി നേടിയെടുക്കാൻ പാടില്ലെന്ന ഉറച്ച തീരുമാനമുള്ളതുകൊണ്ടുമാണ് സാമ്പത്തിക തട്ടിപ്പിനെതിരെ തനിക്ക് ധൈര്യപൂർവ്വം പ്രതികരിക്കാനും ജനങ്ങളെ അറിയിക്കാനും സാധിച്ചതെന്ന് പ്രമീള ഗിരീഷ്‌കുമാർ പറയുന്നു. നല്ല പദ്ധതിയാണെന്ന് കരുതി കൂടെ നിന്ന പ്രമീള പിന്മാറുകയും അനന്തുകൃഷ്ണനെതിരെ തിരിയുകയും ചെയ്തതോടെയാണ് ആയിരം കോടിയുടേതെന്ന് കരുതുന്ന വൻതട്ടിപ്പ് വെളിച്ചത്തു വന്നത്. പ്രമീളയുടെ നേരും നെറിയും കേരളത്തിൽ വലിയൊരു തട്ടിപ്പിലേക്ക് വെളിച്ചം വീശാൻ കാരണമായി. 

ഒടുവിൽ തട്ടിപ്പ് പിടിക്കപ്പെടുന്നു

ആരക്കുഴ പെരുമ്പല്ലൂർ വെള്ളിക്കട റെജി വർഗ്ഗീസ് എന്ന വീട്ടമ്മ നിയമപ്രകാരം നൽകിയ പരാതിയിലാണ് പൊലീസ് അനന്തുകൃഷ്ണനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 
മൂവാറ്റുപുഴയിൽ രൂപീകരിച്ച സീഡ്‌സ് സൊസൈറ്റി വഴി 1222 പേരിൽ നിന്ന് സ്‌കൂട്ടർ വാഗ്ദാനം ചെയ്ത് 60,000 രൂപ വീതം 7,33,20,000 രൂപയും 51 പേരിൽ നിന്ന് ലാപ്‌ടോപ് വാഗ്ദാനം ചെയ്ത് 30,000 രൂപ വീതം 15,30,000 രൂപയും 127 പേരിൽ നിന്ന് തയ്യൽ മെഷീന് 1,13,100 രൂപയും ഉൾപ്പെടെ ഏഴരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആദ്യത്തെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. 

തട്ടിപ്പ് നടത്തിയ രീതി

എൻ ജി ഒകളുടെ കോ-ഓർഡിനേഷനായി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ എന്ന സംവിധാനം ഉണ്ടാക്കിയാണ് അനന്തുകൃഷ്ണൻ തട്ടിപ്പിന്റെ ആദ്യ ചുവടുവെച്ചത്. അനന്തുകൃഷ്ണൻ തന്നെയാണ് നാഷണൽ കോ-ഓർഡിനേറ്റർ. പിന്നീട് സംസ്ഥാനത്തൊട്ടാകെ ഇരുപതോളം എൻജിഒകളേയും മറ്റു സന്നദ്ധ സംഘടനകളേയും ഇതിന്റെ ഭാഗമാക്കി മാറ്റി. ഇതിനു കീഴിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ ഡവലപ്‌മെന്റ് സൊസൈറ്റി (സീഡ്‌സ്) രൂപീകരിക്കുകയും ചെയ്തു. എറണാകുളത്ത് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആന്റ് ഡവലപ്‌മെന്റൽ സ്റ്റഡീസ് എന്ന എൻ ജി ഒയുടെ കീഴിൽ മാത്രം 64 സീഡ്‌സ് സൊസൈറ്റികളാണ് പ്രവർത്തിച്ചത്. മറ്റ് എൻ ജി ഒകളുടെ കീഴിലും ചെറിയ സീഡ്‌സ് സൊസൈറ്റികൾ രൂപീകരിച്ചു. 

പ്രമുഖരായ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ഇവരെ ഉപയോഗിച്ച് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. ഇത്തരം വിശ്വാസ യോഗ്യരായവരാണ് കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കുകയും പണം സ്വീകരിച്ച് അനന്തുവിന്റെ സ്ഥാപനങ്ങളിലേക്കും അക്കൗണ്ടുകളിലേക്കും കൈമാറുകയും ചെയ്തത്. ഇതിനായി പരിശീലനത്തിനെന്ന പേരിൽ നക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ സോഷ്യൽ ഇന്നവേഷൻ സമ്മിറ്റ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചു. 

സീഡ്‌സ് സൊസൈറ്റി ഭാരവാഹികൾക്കും കമ്മിറ്റിയിലെ പ്രമുഖർക്കുമായി 2024 ജൂലായ് 26, 27 തീയതികളിൽ അനന്തുകൃഷ്ണൻ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ലേ മെറിഡിയനിൽ സോഷ്യൽ ഇന്നൊവേഷൻ സമ്മിറ്റ് എന്ന പേരിൽ രണ്ടു ദിവസത്തെ പരിപാടി നടത്തിയതിനുള്ള ചെലവ് രണ്ടരക്കോടി രൂപയായിരുന്നു. പ്രസ്തുത പരിപാടിയിൽ അനന്തുകൃഷ്ണൻ മുഴുവൻ സമയവും പങ്കെടുത്തുവെങ്കിലും കൂട്ടുപ്രതിയായ ആനന്ദകുമാർ ഉണ്ടായിരുന്നില്ല. അനന്ദുകൃഷ്ണനും ആനന്ദ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ആനന്ദ്കുമാറിനെ അകറ്റിയത്. എന്നാൽ ഇക്കാര്യം സീഡ്‌സ് സൊസൈറ്റിക്കാർക്ക് അറിയാമായിരുന്നില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആനന്ദകുമാർ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് അറിയിച്ചെങ്കിലും അന്വേഷണ കുതുകികളായ ചിലർ നടത്തിയ നടത്തിയ അന്വേഷണം ഇവർ തമ്മിലുള്ള പ്രശ്‌നം കണ്ടെത്തുകയും പദ്ധതിയിലെ തട്ടിപ്പ് കൂടുതൽ ശക്തമായി പുറത്തേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുകയും ചെയ്തു. അനന്തുകൃഷ്ണന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ എൽദോ വട്ടക്കാരനിലൂടെയാണ് ഇവർ തമ്മിലുള്ള പ്രശ്‌നം കൂടുതൽ പേരിലേക്കെത്തിയതെന്നാണ് ആന്തരിക ഗ്രൂപ്പുകളിൽ നിന്നും കിട്ടിയ വിവരം. 

കുടുംബശ്രീകളെയും മുതലെടുത്തു

കുടുംബശ്രീ സംവിധാനത്തിനുള്ള വിശ്വാസ്യതയും അനന്തുകൃഷ്ണൻ ആദ്യഘട്ടത്തിൽ മുതലെടുത്തിരുന്നു. അനന്തുകൃഷ്ണന്റെ പാതിവില പദ്ധതിയുമായി കുടുംബശ്രീ ജീവനക്കാരും അംഗങ്ങളും സഹകരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചയുടൻ കുടുംബശ്രീ മിഷൻ അതുപാടില്ലന്ന് മുന്നറിയിപ്പ് നൽകി 2024 സെപ്തംബർ മാസത്തിൽ സർക്കുലർ നൽകിയിരുന്നു. അനുമതിയില്ലാതെ സ്വകാര്യ ഏജൻസികളുമായി സഹകരിക്കരുതെന്ന കർശന നിർദ്ദേശത്തോടൊപ്പം മുന്നറിയിപ്പ് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും, അനന്തുകൃഷ്ണന്റെ സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ മുഴുവൻ 'കുടുംബസ്ത്രീ'കളായി.

കേരളം മുഴുക്കെ തട്ടിപ്പ്

കാസർക്കോടിനും തിരുവനന്തപുരത്തിനും ഇടയിൽ കാസർക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ക്യാമ്പ് നടത്തി ആളെ കണ്ടെത്തി അപേക്ഷ സ്വീകരിച്ച് പണം വാങ്ങി തട്ടിപ്പ് നിർബാധം തുടർന്നയാളാണ് അനന്തുകൃഷ്ണൻ. കാസർക്കോട് ക്യാമ്പിനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് അനന്തുകൃഷ്ണൻ അറസ്റ്റിലായി പദ്ധതി പൊളിഞ്ഞത്. പദ്ധതി ഏറ്റവും വിജയിച്ചത് പറവൂരിലാണെങ്കിലും മറ്റിടങ്ങളിലും നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അപമാനം ഭയന്നാണ് പലരും രംഗത്തു വരാത്തത്. 

എറണാകുളത്തെ മൂവാറ്റുപുഴയും കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുമൊക്കെ ഇത്തരത്തിൽ ആളുകൾ തട്ടിപ്പിനിരയായ പ്രധാന പ്രദേശങ്ങളാണ്. നേരത്തെ ഡീൻ കുര്യാക്കോസ് എം പിയുടെ സഹായികളിലൊരാളായി പ്രവർത്തിച്ച പരിചയമാണ് അനന്തുകൃഷ്ണന് ഈ ഭാഗങ്ങളിൽ ഇത്രയേറെ ബന്ധമുണ്ടാകാനും പദ്ധതി നടത്താനും ഉപകാരപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന അനന്തുകൃഷ്ണൻ പത്തൊൻപതാം വയസ്സിൽ തന്നെ പൊതുരംഗത്ത് പാർലമെന്റ് അംഗത്തിന് സഹായിയായി രംഗത്തുവന്നത് പെട്ടെന്ന് ശ്രദ്ധകിട്ടാൻ വഴിയൊരുക്കി. അതുകൊണ്ടുതന്നെയാണ് 26 വയസ്സിനു മുമ്പേ വലിയ തട്ടിപ്പിന് അയാൾ തന്റെ ബന്ധങ്ങൾ ദുരുപയോഗം ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളുടെ പേരുകൾ ഉയർന്നുവരാനുള്ള പ്രധാന കാരണവും അനന്തു കൃഷ്ണന്റെ പാർട്ടി ബന്ധം തന്നെയായിരുന്നു.

(അടുത്തലക്കത്തിൽ-
കല്ലെറിയാനുണ്ടോ പാപം ചെയ്യാത്തവർ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.