08:03pm 12 November 2026
NEWS
ജീവൻ ജ്യോതി അല്മായ പ്രേക്ഷിത മുന്നേറ്റം മേജർ ആർച്ചുബിഷപ്പ് ഉദ്‌ഘാടനം ചെയ്തു.
27/01/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജീവൻ ജ്യോതി അല്മായ പ്രേക്ഷിത മുന്നേറ്റം മേജർ ആർച്ചുബിഷപ്പ് ഉദ്‌ഘാടനം ചെയ്തു.

കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച 'ജീവൻ ജ്യോതി' അല്മായ പ്രേക്ഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജനുവരി 26 നു  നിർവഹിച്ചു സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞയത്. സുവിശേഷ വൽക്കരണത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ ആർച്ചുബിഷപ്പ്  മാർ പ്രിൻസ് പാണേങ്ങാടൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു. 2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദ്ദേശപ്രകാരം, 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബൃഹത്തായ പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട്, അല്മായരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. "അവനിൽ ജീവൻ ഉണ്ടായിരുന്നു, ആ ജീവൻ മനുഷ്യവർഗത്തിന്റെ വെളിച്ചമായിരുന്നു" (യോഹന്നാൻ 1:4-5) എന്ന തിരുവചനത്തിൽ നിന്നാണ് 'ജീവന്റെ വെളിച്ചം' എന്നർത്ഥം വരുന്ന 'ജീവൻ ജ്യോതി' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഒരു സംഘടന എന്നതിലുപരി ഒരു ആത്മീയ ശൈലിയായിട്ടാണ് 'ജീവൻ ജ്യോതി' വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിലായി താഴെ പറയുന്ന ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും:

ആത്മീയ ശുശ്രൂഷകൾ: മധ്യസ്ഥ പ്രാർത്ഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്സ്, മ്യൂസിക്-മീഡിയ ഇവാഞ്ചലൈസേഷൻ.

പ്രൊഫഷണൽ ഗ്രൂപ്പുകൾ: നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എഞ്ചിനീയർമാർ എന്നിവരുടെ കൂട്ടായ്മകൾ. നിയമസഹായത്തിനായി ഒരു 'ലീഗൽ സെല്ലും' ഇതിനൊപ്പം സജ്ജമാക്കും.

ഫിയാത്ത് മിഷൻ, ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങി നിലവിലുള്ള എല്ലാ അല്മായ മുന്നേറ്റങ്ങളെയും ഈ പൊതുവേദിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രവാസി സമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനുമാണ് ജീവൻ ജ്യോതി ലക്ഷ്യമിടുന്നതു. ഉദ്‌ഘാടന ചടങ്ങിന് സീറോ മലബാർ സഭയുടെ സുവിശേഷ വൽക്കരണത്തിനായുള്ള കമീഷന്റെ സെക്രട്ടറി റെവ ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img