03:15am 12 September 2026
NEWS
ദൃശ്യപ്രപഞ്ചത്തിൽ വിപ്ലവമഴ പെയ്യിച്ച് ഓളങ്ങൾ തീർത്ത ദൃശ്യഭാഷയുടെ മാന്ത്രികൻ: പി. എൻ. മേനോൻ ഓർമ്മകളിൽ
എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു പി. എൻ. മേനോനെ ഓർമ്മിക്കുന്നു...


10/09/2026  11:00 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദൃശ്യപ്രപഞ്ചത്തിൽ വിപ്ലവമഴ പെയ്യിച്ച് ഓളങ്ങൾ തീർത്ത ദൃശ്യഭാഷയുടെ മാന്ത്രികൻ: പി. എൻ. മേനോൻ ഓർമ്മകളിൽ എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു പി. എൻ. മേനോനെ ഓർമ്മിക്കുന്നു.

 

മലയാള സിനിമയുടെ കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാടകീയമായ കെട്ടുകാഴ്ചകളിൽ നിന്നും ക്യാമറയെ വീടിന്റെ ഉമ്മറത്തേക്കും തെരുവിലേക്കും ജീവിതത്തിന്റെ യഥാർത്ഥ പരിസരങ്ങളിലേക്കും ഇറക്കിനിർത്തിയ ഒരു അപൂർവ പ്രതിഭയെ കാണാം - പി. എൻ. മേനോൻ.

ചലച്ചിത്രമെന്ന കലാരൂപം കേവലം വാചാലമായ സംഭാഷണങ്ങളോ നാടകീയമായ രംഗസജ്ജീകരണങ്ങളോ അല്ലെന്നും, മറിച്ച് ദൃശ്യങ്ങൾക്ക് സ്വന്തമായൊരു ഭാഷയുണ്ടെന്നും മലയാളിയെ പഠിപ്പിച്ച ദൃശ്യവിപ്ലവകാരിയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ മുഖങ്ങളും പരിസരങ്ങളും പ്രകൃതിയും നിശബ്ദതയും വരെ സിനിമയുടെ ഭാഷയാക്കി മാറ്റിയ കലാകാരൻ.

സെപ്റ്റംബർ 9-ന് ലോകത്തോട് വിടപറഞ്ഞ ഈ മഹാനായ സംവിധായകന്റെ ഓർമ്മകൾ, മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലേക്കും അതിലുപരി എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ചില നിമിഷങ്ങളിലേക്കുമാണ് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്.

തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ചു വളർന്ന്, മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകല അഭ്യസിച്ചാണ് പി. എൻ. മേനോൻ തന്റെ സർഗാത്മക ജീവിതത്തിന് തുടക്കമിടുന്നത്. ചിത്രകാരനായുള്ള അദ്ദേഹത്തിന്റെ ദൃശ്യബോധം തന്നെയാണ് പിന്നീട് സിനിമയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയായി മാറിയത്.

ചെന്നൈയിലെത്തിയ അദ്ദേഹം പ്രശസ്തമായ സ്റ്റുഡിയോകളിൽ പബ്ലിസിറ്റി ഡിസൈനറായും ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 1965-ൽ പുറത്തിറങ്ങിയ ‘റോസി’ എന്ന ചിത്രത്തിലൂടെയാണ് മേനോൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. “ഒരു നല്ല ചിത്രത്തിനേക്കാൾ, ഒരു നല്ല സംവിധായകനെ വാഗ്ദാനം ചെയ്യുന്ന ചിത്രം” എന്ന വിശേഷണം നേടിയ ചിത്രമായിരുന്നു അത്. കൊലപാതകക്കുറ്റം ഭയന്ന് നാടുവിട്ട തോമ എന്ന കേന്ദ്രകഥാപാത്രവും, അയാൾക്ക് അഭയം നൽകുന്ന മീൻപിടുത്തക്കാരനായ ഔസേപ്പും, ഔസേപ്പിന്റെ മകൾ റോസിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ നായകനേക്കാൾ പ്രാധാന്യമുള്ള ഉപനായക വേഷത്തിലാണ് നിത്യഹരിത നായകൻ പ്രേംനസീർ അഭിനയിച്ചത്. പി. ജെ. ആന്റണി നായകനായും കാവിയൂർ പൊന്നമ്മ റോസിയായും വേഷമിട്ടു.

എന്നാൽ 1970-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിലൂടെയാണ് പി. എൻ. മേനോൻ മലയാള സിനിമയുടെ ചരിത്രത്തിൽ സ്വന്തം കൈയൊപ്പ് പതിപ്പിക്കുന്നത്. അന്നോളമുണ്ടായിരുന്ന പരമ്പരാഗത സിനിമാഭാഷയുടെ ചട്ടക്കൂടുകളെ അദ്ദേഹം തച്ചുടച്ചു. കഥാപാത്രങ്ങളെ സ്റ്റേജിലെന്നപോലെ നിരത്തി നിർത്തുന്ന രീതിക്കു പകരം, അവരുടെ വികാരങ്ങളെയും ജീവിതത്തെയും പിന്തുടരുന്ന ക്യാമറയെ അദ്ദേഹം തെരഞ്ഞെടുത്തു. ക്ലോസപ്പുകളിലൂടെയും നിശബ്ദതയിലൂടെയും സ്വാഭാവികമായ അഭിനയത്തിലൂടെയും യഥാർത്ഥ ലൊക്കേഷനുകളിലൂടെയും സിനിമയ്ക്ക് പുതിയൊരു ദൃശ്യഭാഷ അദ്ദേഹം നൽകി.

സ്റ്റുഡിയോയുടെ കൃത്രിമ ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സിനിമയെ ജീവിതത്തിന്റെ മണ്ണിലേക്കും വെള്ളത്തിലേക്കും മനുഷ്യരിലേക്കും കൊണ്ടുവന്നതായിരുന്നു മേനോന്റെ വലിയ വിപ്ലവം.

അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ മലയാള സിനിമയിൽ പുതിയ സിനിമാറ്റിക് സവിശേഷതകൾക്ക് വഴിതുറക്കുന്നതിന് മുമ്പേ തന്നെ, ചലച്ചിത്രസ്വഭാവമുള്ള ഷോട്ടുകളും യാഥാർഥ്യത്തോട് ചേർന്ന ദൃശ്യപരിസരങ്ങളും ‘ഓളവും തീരവും’ എന്ന ചിത്രത്തിലൂടെ പി. എൻ. മേനോൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് ചരിത്രം പലതും പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ, എന്റെ ഓർമ്മകളിൽ മേനോൻ സാർ ഒരു സംവിധായകൻ മാത്രമല്ല - എന്റെ സിനിമാജീവിതത്തിന് ധൈര്യം പകർന്ന ഒരു വലിയ സാന്നിധ്യമാണ്.

ഈ മഹാനായ ചലച്ചിത്രകാരന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.

മേനോൻ സാറിന്റെ പ്രിയപ്പെട്ടവനും ആലപ്പുഴ ഉദയ സ്റ്റുഡിയോയിലെ പ്രമുഖനുമായിരുന്ന വിനയേട്ടനാണ് എന്നെ പാലക്കാട്ടെ ഒരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സാറിന്റെ മുന്നിൽവെച്ച് അത്രമേൽ സ്വാതന്ത്ര്യത്തോടെ വിനയേട്ടൻ പറഞ്ഞു:

“ജോയ് എന്റെ സ്വന്തം അനുജനെ പോലെയാണ്. ജോയിയെ ഇന്ന് മുതൽ സാറിന്റെ കൂടെ നിർത്തിക്കൊള്ളണം.”

ആ വാക്കുകൾ എനിക്ക് ഒരു പരിചയപ്പെടുത്തൽ മാത്രമായിരുന്നില്ല. എന്റെ സിനിമാജീവിതത്തിലെ ഒരു പുതിയ വാതിൽ തുറന്ന നിമിഷമായിരുന്നു അത്.

ആദ്യ ദിവസം തന്നെ എന്നെ മനസ്സറിഞ്ഞ് സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത മേനോൻ സാറിന്റെ കൂടെ പ്രവർത്തിക്കാൻ അന്നു മുതൽ എനിക്ക് ഭാഗ്യമുണ്ടായി.

അവിടെവെച്ചാണ് സാറിന്റെ ഏറ്റവും പ്രിയപ്പെട്ടവനും എന്റെ നാട്ടുകാരനുമായ പ്രശസ്ത ക്യാമറാമാൻ സിദ്ധേട്ടനെ - സിദ്ധാർത്ഥനെ - ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ ആ ആത്മബന്ധം പിന്നീട് നിരവധി വർക്കുകളിലേക്ക് വളർന്നു. സിദ്ധേട്ടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് പല അവസരങ്ങളും ലഭിച്ചു. അതുപോലെ തന്നെ, മേനോൻ സാറിന്റെ മറ്റൊരു പ്രിയപ്പെട്ട ശിഷ്യനായിരുന്ന സംവിധായകൻ മണി എം. നായരെയും അന്നാണ് പരിചയപ്പെടുന്നത്. പിന്നീട് മണിയേട്ടനോടൊപ്പവും പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.

അങ്ങനെ, മേനോൻ സാറിനൊപ്പമുള്ള ഒരു അനുഭവം എന്റെ ജീവിതത്തിൽ പിന്നീട് നിരവധി ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സിനിമാ യാത്രകളുടെയും വാതിൽ തുറന്നു.

മേനോൻ സാർ എന്നെ ഒന്നും ക്ലാസെടുത്ത് പഠിപ്പിച്ചിട്ടില്ല.പക്ഷേ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഞാൻ കണ്ടതും കേട്ടതും തൊട്ടറിഞ്ഞതുമെല്ലാം വലിയ പാഠങ്ങളായിരുന്നു. കയ്യിലൊരു സ്ക്രിപ്റ്റ് പോലുമില്ലാതെ, കണ്ണിൽ കാണുന്ന ഏത് ചെറിയ കാഴ്ചയെയും മനോഹരമായ ഒരു കഥയാക്കി മാറ്റാൻ കഴിയുന്ന അദ്ദേഹത്തിന്റെ സർഗവൈഭവം ഞാൻ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.

ഒരു കാഴ്ചയിൽ കഥ കാണാനും, ഒരു മുഖത്തിൽ വികാരം വായിക്കാനും, ഒരു നിശബ്ദതയിൽ പോലും സിനിമ കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.സ്വന്തം കഴിവിൽ പരിപൂർണ വിശ്വാസമർപ്പിച്ച്, ഒന്നിനെയും ഭയപ്പെടാതെ, ആരോടും എന്തും തുറന്നുപറയാനും അത് തന്റെ സിനിമയിൽ ധൈര്യത്തോടെ ചിത്രീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.ആ ധൈര്യമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.

സിനിമയിൽ പുതുമ കൊണ്ടുവരണമെങ്കിൽ ആദ്യം പഴയ ചട്ടക്കൂടുകളെ ചോദ്യം ചെയ്യണമെന്ന വലിയ പാഠം പോലും അദ്ദേഹം അറിയാതെ എന്നെ പഠിപ്പിച്ചു.മേനോൻ സാറും വിനയേട്ടനും ഇന്ന് ഈ ഭൗതിക ലോകത്തുനിന്ന് വിടപറഞ്ഞുപോയെങ്കിലും, സിദ്ധേട്ടനിലൂടെയും മണിയേട്ടനിലൂടെയും ഞാൻ ഇന്നും അവരെ രണ്ടുപേരെയും കാണുന്നു.

ചില മനുഷ്യർ നമ്മെ വിട്ടുപോകും. പക്ഷേ അവർ നമ്മളിൽ വിതച്ച ഓർമ്മകളും ധൈര്യവും സ്വപ്നങ്ങളും ഒരിക്കലും നമ്മെ വിട്ടുപോകില്ല.

ഇന്ന് സിനിമയിൽ എവിടെ പ്രവർത്തിക്കുമ്പോഴും എനിക്ക് കരുത്തു നൽകുന്നത് മേനോൻ സാറിന്റെ കൂടെ പ്രവർത്തിച്ച ആ ദിവസങ്ങളുടെ ഓർമ്മയും, അദ്ദേഹത്തിൽ നിന്ന് പകർന്നുകിട്ടിയ ആ ധൈര്യവുമാണ്.

മേനോൻ സാറും വിനയേട്ടനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ദിവസം പോലും എന്റെ സിനിമാജീവിതത്തിലില്ല. അവരോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും എന്റെ ജീവിതത്തിന്റെ വിലമതിക്കാനാവാത്ത സമ്പത്താണ്. കാലം എത്ര കടന്നുപോയാലും, ആ അനുഭവങ്ങളെ എന്റെ മരണത്തിനു പോലും മായ്ച്ചുകളയാൻ കഴിയില്ല.

പഴകിയ സിനിമാ സങ്കൽപ്പങ്ങൾക്ക് മീതെ ദൃശ്യങ്ങളുടെ വിപ്ലവമഴ പെയ്യിച്ച ആ മഹാമേരുവിന്റെ തണലിൽ നിൽക്കാൻ കഴിഞ്ഞത് എന്റെ നിയോഗമാണ്. എന്നെ ഞാനാക്കിയ, എന്റെ സിനിമാവഴികളിൽ എന്നും വെളിച്ചമായി നയിക്കുന്ന ആ മഹാ പ്രതിഭയുടേയും  വിനയേട്ടന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.  

എന്റെ പ്രിയപ്പെട്ട സിദ്ധേട്ടനും മണിയേട്ടനും, നന്ദി... കാലം അകറ്റിക്കളഞ്ഞ ആ മഹാനുഭാവത്തിന്റെ ഓർമ്മകളിലേക്ക് ഇന്നും എന്നെ ചേർത്തുനിർത്തുന്ന ആത്മബന്ധങ്ങളാണ് നിങ്ങൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img