11:27am 08 May 2026
NEWS
118 എന്ന മാന്ത്രിക സംഖ്യ; വിജയ്‌യെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയോ അതോ മുഖ്യമന്ത്രി കസേരയോ?
08/05/2026  08:26 AM IST
പ്രത്യേക പ്രതിനിധി
118 എന്ന മാന്ത്രിക സംഖ്യ; വിജയ്‌യെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയോ അതോ മുഖ്യമന്ത്രി കസേരയോ?

ചെന്നൈ: ഓരോ മണിക്കൂറിലും നാടകീയ നീക്കങ്ങൾ സംഭവിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വിജയ്‌യുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിൽ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ ഗവർണർക്ക് മുന്നിൽ ഇന്ന് അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടി.വി.കെ (തമിഴക വെട്രി കഴകം) നേതാക്കൾ.
​നിലവിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ വിജയ് പക്ഷത്തിന്റെ അംഗബലം 113-ൽ എത്തിനിൽക്കുകയാണ്. ഭരണത്തിലേറാൻ ഇനി വേണ്ടത് വെറും അഞ്ച് പേരുടെ പിന്തുണ കൂടി. ഉചിതമായ തീരുമാനമെടുക്കാമെന്ന് സഖ്യകക്ഷികളോട് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയത് വിജയ്‌ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ടി.വി.കെയ്ക്ക് അനുകൂലമാണ് ജനവിധിയെന്നും വിജയ്‌യെ സർക്കാർ ഉണ്ടാക്കാൻ അനുവദിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
​റിസോർട്ട് രാഷ്ട്രീയം സജീവം
അതേസമയം, അണ്ണാ ഡി.എം.കെ പിളർത്താനുള്ള നീക്കങ്ങൾ സജീവമാണ്. ഇത് പ്രതിരോധിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി നേരിട്ട് രംഗത്തിറങ്ങി. വിമത എം.എൽ.എമാരെ കാണാൻ അദ്ദേഹം ഇന്നലെ രാത്രി റിസോർട്ടിലെത്തി. അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
​ഗവർണറുടെ കർക്കശ നിലപാട്
ഇന്നലെ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ ലോക്‌ഭവനിലെത്തി വിജയ് കണ്ടിരുന്നു. എന്നാൽ 118 പേരുടെ രേഖാമൂലമുള്ള പിന്തുണ കത്ത് വേണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നു. പിന്തുണ കത്ത് നൽകിയില്ലെങ്കിലും സി.പി.ഐ, സി.പി.എം, വി.സി.കെ കക്ഷികൾ ഗവർണറുടെ നടപടിയെ അപലപിക്കുകയും വിജയ്‌യെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
​വിജയ്‌യുടെ മുന്നിലുള്ള വഴികൾ:
​ഇടതുപക്ഷ പിന്തുണ: വി.സി.കെ, സി.പി.എം, സി.പി.ഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഉപാധികളോടെ പിന്തുണ നൽകാൻ ഇവർ തയ്യാറായേക്കുമെന്നാണ് സൂചന.
​എ.ഡി.എം.കെ വിമതർ: സി.വി. ഷണ്മുഖം, ഒ.എസ്. മണിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള 28 എം.എൽ.എമാരുടെ പിന്തുണ നേടുക. ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനവുമാണ് ഇവരുടെ പ്രധാന ആവശ്യം.
​തമിഴ്നാട് രാഷ്ട്രീയം ഒരു കടുത്ത സസ്പെൻസ് ത്രില്ലറിലേക്ക് നീങ്ങുമ്പോൾ വിജയ് എന്ന രാഷ്ട്രീയക്കാരന്റെ ഭാവിയും ഭരണ നൈപുണ്യവും വരും മണിക്കൂറുകളിൽ നിർണ്ണയിക്കപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img