02:02pm 17 October 2026
NEWS
തദ്ദേശതെരഞ്ഞെടുപ്പു ഫലം പിണറായി- ഗോവിന്ദൻ കൂട്ടുകെട്ടിനുള്ള അംഗീകാരമല്ല, എന്നാൽ യു.ഡി.എഫിലെ ഗ്രൂപ്പിസത്തിനേറ്റ തിരിച്ചടി
16/10/2026  09:00 AM IST
അഡ്വ.എം. മനോഹരൻപിള്ള
തദ്ദേശതെരഞ്ഞെടുപ്പു ഫലം പിണറായി- ഗോവിന്ദൻ കൂട്ടുകെട്ടിനുള്ള അംഗീകാരമല്ല, എന്നാൽ യു.ഡി.എഫിലെ ഗ്രൂപ്പിസത്തിനേറ്റ തിരിച്ചടി

2025 ഡിസംബറിൽ കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് യു.ഡി.എഫ് നേടിയത്. 1980 ൽ നിലവിൽ എൽ.ഡി.എഫ്-യു.ഡി.എഫ് എന്നീ പ്രബല മുന്നണികൾ നിലവിൽ വന്നതിനുശേഷം യു.ഡി.എഫിന് കിട്ടുന്ന ഭീമാകാരമായ മുൻതൂക്കമാണ് കേരളം കണ്ടത്. സാധാരണ തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ എത്ര പ്രതികൂല സാഹചര്യങ്ങളിലും മുൻതൂക്കം എൽ.ഡി.എഫിനായിരുന്നു. ഇതേ കീഴ്‌വഴക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കിട്ടിയിരുന്നു.

യു.ഡി.എഫിന് 8031 വാർഡുകളും എൽ.ഡി.എഫിന് 6524 വാർഡുകളും എൻ.ഡി.എയ്ക്ക് 1447 വാർഡുകളും കിട്ടി. തിരുവനന്തപുരം കോർപ്പറേഷൻ അമ്പത് വർഷങ്ങളായി ഭരിച്ച എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി തിരിച്ചുപിടിച്ചു. ഇപ്പോൾ നടന്ന 35 സീറ്റിന്റെ ഉപതെരഞ്ഞെടുപ്പിൽ നാല് സീറ്റ് തിരിച്ചുപിടിച്ചതിന്റെ വലിപ്പം പറയാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ കച്ചകെട്ടി ഇറങ്ങിയതിൽപ്പരം നാണക്കേടുണ്ടോ. അതിലൊന്ന് കുറിയിട്ട് ജയിച്ചതാണ്. തദ്ദേശഭരണകർത്താക്കളിൽ ഏറ്റവും മോശം കാഴ്ച തിരുവനന്തപുരം മേയറായിരുന്ന ആര്യാരാജേന്ദ്രന്റേതായിരുന്നു. 

പിണറായിയുടെ ദുർഭരണത്തിനും എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സാർത്ഥവാഹകസംഘത്തിനും കേരളത്തിലെ ജനങ്ങൾ കൊടുത്ത ആദ്യഷോക്കായിരുന്നു ഡിസംബറിലെ തദ്ദേശഭരണ തോൽവി. എന്നിട്ടും പാഠം പഠിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ജനങ്ങൾ മര്യാദരാമൻമാരായ പല എൽ.ഡി.എഫ് എം.എൽ.എമാരെയും പിന്നാലെ നടന്ന് തോൽപ്പിച്ചു. ഫ്‌ളക്‌സുകൊണ്ട് പിണറായി ആറാട്ടുനടത്തിയ ധർമ്മടത്തുപോലും പിണറായിയെ പലപ്രാവശ്യം പിറകോട്ട് ഓടിച്ചു.

രാഷ്ട്രീയവും ഭരണവും വെവ്വേറെ കാണണം

യു.ഡി.എഫ് വരുമ്പോൾ സാമ്പത്തിക കുടിശ്ശികയോടൊപ്പം രാഷ്ട്രീയ കുടിശ്ശികകളും എൽ.ഡി.എഫ് ബാക്കിവച്ചിരുന്നു.
യു.ഡി.എഫിലെ തദ്ദേശ ഭാരവാഹികൾ അധികാരമേറ്റെടുത്ത് അരങ്ങേറിയിറങ്ങുമ്പോൾ മഴ പടിവാതിലിൽ എത്തിയിരുന്നു. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയാൻ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയെ തീരുമാനിക്കൽ തന്നെ ഒരു ഭഗീരഥപ്രയത്‌നമായിരുന്നു. പിന്നെ മന്ത്രിമാരെ നിശ്ചയിക്കൽ എന്ന രണ്ടാം ഘട്ടം. അതുകഴിഞ്ഞ് സത്യപ്രതിജ്ഞയും ഭരണത്തിന്റെ മധുവിധുവും കഴിയും മുമ്പ് ഗ്രൂപ്പുകൾ തലപൊക്കിയെങ്കിലും പിടിച്ചുനിന്നു. മന്ത്രിമാരാകാത്തവരുടെ പരാതികൾ ഒന്നുരണ്ടുദിവസം മാധ്യമങ്ങൾ കൊണ്ടാടി. പത്തുകൊല്ലം ഭരിച്ച പിണറായിയുടെ വീടുകളിലെ റെയ്ഡും ഇ.ഡിക്കാർക്ക് എതിരായ ആക്രമണവും സി.പി.എമ്മുകാരെ ഒന്നുണർത്തിയെങ്കിലും പാർട്ടിയുടെ ഉള്ളറകൾ പുകഞ്ഞുകൊണ്ടിരുന്നു.
പത്തുകൊല്ലം കഴിഞ്ഞ് യു.ഡി.എഫ് ഭരിക്കാൻ വരുമ്പോൾ ചാനലുകളും യൂ ട്യൂബറന്മാരുംകൂടി എണ്ണം അഞ്ചിരട്ടിയായി കഴിഞ്ഞിരുന്നു.

കറണ്ടുകട്ട് എന്ന കീറാമുട്ടി

മഴയുടെ പിന്നാലെ സർക്കാർ ഒരുപാട് ഓടിയെങ്കിലും ഭരണം കി തച്ചതല്ലാതെ ഡാമുകൾ ഒട്ടും നിറഞ്ഞില്ല. പിണറായി സർക്കാരിന്റെ പിന്നാലെ തൂങ്ങിനടന്നെങ്കിലും കറണ്ടിന്റെ മന്ത്രിയുടെ വെളിച്ചം വെളിയിൽ കണ്ടില്ല. രാജമാണിക്യം ഇറങ്ങി വിശദീകരണങ്ങൾ ഒക്കെ നടത്തിയെങ്കിലും ജനങ്ങൾ വിശ്വസിച്ചില്ല. അവസാനം മുഖ്യമന്ത്രി വി.ഡി. സതീശന് കളത്തിലിറങ്ങേണ്ടിവന്നു.

മിച്ചം വൈദ്യുതി വിറ്റ കേരളം ഇപ്പോൾ കിലോവാട്ടിന്റെ കണക്കുപറഞ്ഞ് കരയുകയാണ്. കർണ്ണാടകത്തിനും തമിഴ്‌നാടിനും മന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ള സേവപിടിക്കാൻ ഒരു ലെയ്‌സൺ ഓഫീസറെ തന്നെ മദ്രാസിൽ അന്ന് നിയമിച്ചിരുന്നു.
കൂടംകുളം വൈദ്യുതി നിലയത്തിനെതിരെ സമരം ചെയ്യാൻ പോയ വി.എസ്സിനെയും സി.ഐ.ടിയുക്കാരെയും ശാസ്ത്രസാഹിത്യ പരിഷത്തുകാരെയും ജയലളിതയുടെ പോലീസ് തല്ലിയോടിച്ച കഥ കേട്ടിട്ടുണ്ട്.

ഈ കറണ്ട് കട്ടും ചെറുതായി യു.ഡി.എഫിന്റെ വോട്ടുകുറച്ചിട്ടുണ്ട്.

പിണറായി മാസത്തിലൊരിക്കൽ നരേന്ദ്രമോദിയെ ചീത്തപറയാൻ പുത്തരിക്കണ്ടത്ത് ഒരു മീറ്റിംഗ് വയ്ക്കും. സഖാക്കൾ കാതുളിർക്കെ കേൾക്കും. അവർ കയ്യടിച്ചും കൂവിയും ആഘോഷിക്കും. പ്രസംഗത്തിന്റെ റിപ്പോർട്ട് ന്യൂഡെൽഹിയിൽ മോദിയുടെ ചവറ്റുകുട്ട വരെയേ പോകൂ.
മൂന്നുമാസം തികയുമ്പോൾ പിണറായി ഡൽഹിക്ക് പോകും. കെ.വി. തോമസ്മാസ്റ്ററും കേരള ഹൗസിൽ കാണും. മാസ്റ്ററുടെ സ്റ്റാഫെല്ലാം കോൺഗ്രസ്സുകാരാണ്. ഒരിക്കൽ കെ. സുധാകരൻ പരിഭവിച്ചപ്പോൾ മാസ്റ്ററുടെ മറുചോദ്യം. സുധാകരാ, നീ വിചാരിച്ചാൽ ഒരു കോൺഗ്രസ്സുകാരനെങ്കിലും ദൽഹിയിൽ ജോലികൊടുക്കാൻ പറ്റുമോ?

പത്തുബൊക്കെയുടെ ചെലവേ ഉള്ളൂ. ഡൽഹിയിൽ ഏതു മന്ത്രിയേയും കാണും. ചോദിച്ചാൽ പിണറായിക്ക് ഉത്തരം ഉണ്ട്. ഭരണം വേറെ രാഷ്ട്രീയം വേറെ. സതീശനും അതാണ് അഭികാമ്യം. രാഹുലും കെ.സിയും ഒക്കെ ദൽഹിയിലില്ലേ. രാഷ്ട്രീയം അവർ നോക്കട്ടെ. എന്തിനാ മുഖ്യമന്ത്രി തലവെച്ചുകൊടുക്കുന്നത്.

വിദേശടൂർ ഒരു പരമ്പരയാണോ?

രാജ്യത്തെ ഏതൊരു പൗരനും വിദേശടൂർ നടത്താം. മന്ത്രിമാർ പണ്ടൊക്കെ ചികിത്സക്കേ പോയിട്ടുണ്ടായിരുന്നുള്ളൂ. കെ. കരുണാകരൻ പണ്ട് അമേരിക്കയിൽ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചികിത്സയ്ക്ക് പോയപ്പോൾ സി.വി. പത്മരാജനായിരുന്നു ചുമതല. പക്ഷേ അപ്പോൾ തിരുത്തൽവാദ സംഘടന രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും എം.ഐ. ഷാനവാസും ചേർന്ന് രൂപീകരിച്ചു. പഴയ രാജഭരണകാല അന്തപ്പുര വിപ്ലവം മുഗൾ രാജ്യത്തിന്റെ പാരമ്പര്യമായിരുന്നു. പക്ഷേ കെ. കരുണാകരൻ തിരിച്ച് എത്തിയപ്പോൾ തിരുത്തൽവാദക്കാർ കട പൂട്ടിക്കെട്ടിയിരുന്നു.

ഇപ്പോൾ വിദേശ പര്യടനം ഒരു രോഗമാണ്. മുമ്പൊരിക്കൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിൽ പോയപ്പോൾ അന്ന് അവിടെ കാവൽനിന്നവർ തന്നെയാണ് പിണറായിക്കുവേണ്ടിയും കാവലൊരുക്കിയത്. കൂടെപ്പോയ പി.ജെ. ജോസഫ് അവരെക്കൂടി വത്തിക്കാനിൽ കൊണ്ടുപോയി മുത്തിച്ചെടുത്തു.

കേരളത്തിൽ കത്തോലിക്കർ മന്ത്രിമാരായാൽ വത്തിക്കാനിൽ പോയി പോപ്പിനെ കണ്ട് മുത്തം വച്ചോണം.

സീനിയർ മന്ത്രിമാർ ഒതുങ്ങണം

സീനിയർ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഒതുങ്ങിക്കൊടുത്തു. പണ്ടുകാലത്ത് സി.പി.ഐയിൽ സോവിയറ്റ് യൂണിയൻ മുടുക്കുകളും ഒക്കെ അറിയാവുന്ന ആൾ തോപ്പിൽ ഗോപാലകൃഷ്ണനായിരുന്നുവെന്ന് കണിയാപുരം കളിയാക്കുമായിരുന്നു. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
കോൺഗ്രസ്സിൽ ആ സ്ഥാനം ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്കാണ്. ഹരിപ്പാട്ടും ചെന്നിത്തലയും പോകുന്ന സ്പീഡിലാണ് അദ്ദേഹം അമേരിക്കയ്ക്ക് പോകുന്നതും തിരിച്ചുവരുന്നതും. കേരളത്തിലെ മുടുക്കുകൾ പോലെയാണ് അമേരിക്കയിലെ സ്‌ക്വയറുകൾ. അവിടെ മൈക്കും പ്ലാറ്റ്‌ഫോമും കെട്ടി കസേരയും നിരത്തി കാത്തിരിക്കുകയാണ് മന്ത്രിപ്രമാണിമാർ.

കേരളത്തിൽ ഇപ്പോൾ അടുത്തകാലത്തായി ഇതിന്റെ ഏജന്റന്മാർ കൂടുതൽ കോട്ടയത്തും ഹരിപ്പാട്ടുമാണ്. കേരള മന്ത്രിസഭയിൽ ഇതിന് തുടക്കം കുറിച്ചത്, രമേശ് ചെന്നിത്തലയാണ്. ഒരു അമേരിക്കൻ കല്യാണാരംഭം കുറിക്കൽ.

പിള്ളയുടെ കാൽനടയാത്രയും കണ്ടുപിടിത്തങ്ങളും

വൈദ്യുതിബോർഡിന് ബന്ധമുള്ള രാജ്യം കാനഡയാണ്. വൈദ്യുതി ബോർഡിന്റെ ഇടുക്കിയിലെ ജനറേറ്ററുകൾക്കുള്ള അറ്റകുറ്റപ്പണികൾ നിർവ്വഹിക്കാൻ കനേഡിയൻ എൻജിനീയറന്മാർ എല്ലാമാസവും കേരളത്തിൽ എത്താറുണ്ട്. അവർക്ക് യാത്രചെയ്യാൻ 5 ജപ്പാൻ ടയോട്ട വണ്ടികൾ കാനഡ സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ ഓടുന്ന ടയോട്ട ഇന്നോവ വാഹനങ്ങൾ പോലെയല്ല. ഭൂമിയെ സുഖിപ്പിച്ചായിരുന്നു ജപ്പാൻ ടയോട്ടയുടെ ഭൂമിയെ ചുംബിച്ചുള്ള യാത്ര.

ഈ വണ്ടികൾ നേടിയെടുത്തതിനുശേഷം മന്ത്രി പിള്ളയുടെ കാനഡായെപ്പറ്റിയുള്ള നിഗമനം കാനഡയിൽ നിന്ന് മൊട്ടുസൂചി വാങ്ങിയാലും കമ്മീഷൻ കൊടുക്കണം, കമ്മീഷനെ അങ്ങനെ അദ്ദേഹം സാർവ്വത്രീകരിച്ചു.

ഷാജി പിള്ളയെ കണ്ടുപഠിക്കണം

ആർ. ബാലകൃഷ്ണപിള്ള വിദ്യുത്ച്ഛക്തി മന്ത്രിയായിരുന്നത് ബോർഡിന്റെ പുഷ്‌ക്കരകാലത്തായിരുന്നു. എം.എനും സി.പി.ഐയും ഒരു കറവപ്പശുവിനെപ്പോലെ കൊണ്ടുനടന്ന കെ.എസ്.ഇ. ബോർഡിന്റെ മിച്ച വൈദ്യുതി വിൽപ്പന നടത്തിയ പിള്ളയെക്കണ്ട് അസൂയമൂത്ത് സി.പി.ഐ ട്രേഡ് യൂണിയനിസംകൊണ്ടാണ് വെല്ലുവിളിച്ചത്. പിന്നെ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ഒക്കെകൂടിയെങ്കിലും പിള്ളയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

തിരുവനന്തപുരത്ത് ഉഷമലരിയിൽ ജപ്പാൻ ടയോട്ടയിൽ കൊട്ടിയം വഴി കൊട്ടാരക്കരയ്ക്ക് മന്ദംമന്ദം പായുന്ന പിള്ളയുടെ വണ്ടിക്ക് ഇന്ധനം നിറച്ചിരുന്നത് വൈദ്യുതബോർഡാണ്. ഡ്രൈവർ ബഷീർ ബോർഡുജീവനക്കാരനായിരുന്നു. ഷാജി എന്ന ഇപ്പോഴത്തെ മന്ത്രി പിള്ളയെ കണ്ടുപഠിക്കണം. ഒരു ദിവസം ചാനലുകാർ ഷാജിയെ ഇട്ട് അഭിഷേകം ചെയ്യുന്നതുകണ്ടപ്പോൾ പിള്ളസാറിനെ ഓർത്ത് അഭിമാനം തോന്നി.
സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് സദാശിവൻ, സീതാറാം യെച്ചൂരി, വി.എസ്. അച്യുതാനന്ദൻ എന്നീ മൂന്നംഗ അച്ചുതണ്ടാണ് ബാലകൃഷ്ണപിള്ളയെ ഇടമലയാർ കേസിൽ അകത്താക്കി പാർട്ടി പകതീർത്തത്.

പിന്നെ പിണറായിയും കോടിയേരിയും പൂത്താലം ഒരുക്കി പിള്ളയെയും മകനെയും എൽ.ഡി.എഫിലേക്ക് ആനയിച്ചു. ഗണേശൻ യു.ഡി.എഫിലെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായതോടെ 2013 ലെ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കി ഉമ്മൻചാണ്ടി നായർ ക്വാട്ടയ്ക്ക് സീൽവെച്ചു.
എനിക്കും ഒരു കാർ അനുഭവം ഉണ്ടായി. 2002 ൽ ആന്റണി സർക്കാരിന്റെ കാലത്താണ് എന്നെ വനം വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്. കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റും ഉമ്മൻചാണ്ടി യു.ഡി.എഫ് കൺവീനറുമായിരുന്നു. ലീഡർ കെ. കരുണാകരന്റെ ആശീർവാദവും ഉണ്ടായിരുന്നു. വനംവകുപ്പ് സെക്രട്ടറി ഭരത്ഭൂഷണായിരുന്നു ഔദ്യോഗിക ചെയർമാൻ. കെ. സുധാകരൻ മന്ത്രിയും ആയിരുന്നു. 

ഭരത്ഭൂഷൺ ഞാൻ എൻ.എസ്.എസ് നോമിനിയാണെന്ന് ആദ്യം മനസ്സിലാക്കിയില്ല. വയലാർ രവി ഗ്രൂപ്പുകാരനായിരുന്ന കെ. സുധാകരൻ കോട്ടയം എം.എൽ.എ ആയിരുന്ന മെഴ്‌സി രവിയിൽനിന്നും ഞാൻ എൻ.എസ്.എസ് നോമിനിയാണെന്നറിഞ്ഞു നിലപാടിൽ അയഞ്ഞു. ഭരത്ഭൂഷണുമായി അകന്നു, ഞാനുമായി അടുത്തു. എന്റെ ഒരു സുഹൃത്ത് ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ പ്രകാരമാണ് മന്ത്രി ശങ്കരൻ വക്കീലിനെ കണ്ട് ഒരു കാർ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ദേവസ്വം ബോർഡു ജംഗ്ഷനിൽ വച്ച് ഒരു സമരദിവസം കാർ എസ്.എഫ്.ഐക്കാർ കത്തിച്ചു. പിന്നെ ഒരു പെട്രോൾ ഫീയറ്റ് കാർ വാടകയ്‌ക്കെടുത്ത് ഞാൻ കോർപ്പറേഷൻ ബോർഡ് വച്ചു.

പല കമ്മീഷൻ ചെയർമാന്മാർ റിട്ട. ഹൈക്കോടതി ജഡ്ജിമാരും സ്വന്തം കാറുകളിൽ ചുമന്ന ബോർഡുവച്ച് പോലീസുകാരെ മുന്നിലിരുത്തി പോകുമ്പോൾ ഷാജി എന്തിനാ പേടിക്കുന്നത്? നിങ്ങൾ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തയാളാണ്. ദേശീയപതാക വയ്ക്കാൻ ഫ്‌ളാഗ് പോസ്റ്റ് ഉണ്ട്. അനധികൃതമായി പടം എടുക്കുന്ന ചാനലുകൾക്കെതിരെ കേസ് കൊടുക്കണം.

ചാനലുകാരെയും പത്രലേഖകരെയും നിയന്ത്രിക്കണം

പിണറായി പാർട്ടി സെക്രട്ടറിയായിരുന്ന കാലം മുതൽ മാധ്യമങ്ങളെ നേരിട്ട പാരമ്പര്യമുണ്ട്. ഏകദേശം പതിനേഴ് വർഷം. പാർട്ടിയിലെ വി.എസുമായുള്ള ഏറ്റുമുട്ടലിൽ മാധ്യമങ്ങൾ ഭൂരിഭാഗവും വി.എസിനൊപ്പമായിരുന്നു. അന്നൊരിക്കൽ ദൽഹി കേരള ഹൗസിൽ വച്ച് ഒരു പി.ബിയോഗം കഴിഞ്ഞുവരുമ്പോൾ വി.എസിന്റെ പി.എ സുരേഷുമായി കുശുകുശുപ്പ് നടത്തുന്ന മാതൃഭൂമിയുടെ ലേഖകനെ കയ്യോടെ പിടിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഞാൻ ദൃക്‌സാക്ഷിയാണ്. വൈകുന്നേരം ഫ്‌ളൈറ്റിന് വരുമ്പോൾ പിണറായിയെയും കോടിയേരിയെയും ഒരുമിച്ചുകണ്ടപ്പോഴാണ് കാര്യങ്ങൾ കൂടുതൽ മനസ്സിലായത്.

മുഖ്യമന്ത്രിയായ 2016 മുതൽ പിണറായി നിയന്ത്രണങ്ങൾ നേരിട്ടേറ്റെടുക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് കുറെ ലക്ഷ്മണരേഖകൾ നിശ്ചയിക്കണം. ഭരണത്തിനും രാഷ്ട്രീയത്തിലൂം ആ രേഖകൾ ബാധകമാക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img