
ദോഹ: സാംസ്കാരിക ലോകത്തിന്റെ കണ്ണും കാതും ദോഹയിലേക്ക് ആകർഷിച്ച 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF) പ്രൗഢോജ്ജ്വല സമാപനം. മെയ് 14 മുതൽ 23 വരെ നടന്ന മേള, സന്ദർശകരുടെ എണ്ണത്തിലും മികച്ച സംഘാടനത്തിലും ചരിത്രവിജയമാണ് കൈവരിച്ചതെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
'ഇതാണ് ഖത്തർ' (This is Qatar) എന്ന പ്രമേയത്തിൽ അതിഥി രാജ്യ പദവിയില്ലാതെ, ഖത്തറിന്റെ സാംസ്കാരികവും നാഗരികവുമായ യാത്രയെയും ബൗദ്ധിക സാന്നിധ്യത്തെയും അടയാളപ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ മേള അരങ്ങേറിയത്. 37 രാജ്യങ്ങളിൽ നിന്നായി 520-ലധികം പ്രസാധകർ 910 സ്റ്റാളുകളിലായി മേളയിൽ അണിനിരന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പുസ്തക വില്പനയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയതെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു. ഖത്തറിലെ ജനങ്ങൾക്കിടയിൽ വായനാശീലവും സാംസ്കാരികബോധവും വർധിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബിക് നോവലുകളും ചരിത്ര പുസ്തകങ്ങളുമാണ് വില്പനയിൽ മുൻപന്തിയിൽ എത്തിയത്. ശാസ്ത്ര-നിയമ പുസ്തകങ്ങൾ തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് പുസ്തകങ്ങളുടെ വില്പനയിലും വലിയ വളർച്ചയുണ്ടായി.പ്രസാധകർക്ക് മന്ത്രാലയം നൽകിയ വിപുലമായ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ പുസ്തകങ്ങളുടെ വില നിയന്ത്രിച്ചു നിർത്താനും വില്പന വർധിപ്പിക്കാനും സഹായിച്ചു.മേളയുടെ ഭാഗമായി സാഹിത്യ ചർച്ചകൾ, കവിസമ്മേളനങ്ങൾ, വിവിധ വിഷയങ്ങളിലെ വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചു. ഖത്തറിൽ നിന്നും മറ്റ് അറബ്-വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും ഇതിൽ പങ്കെടുത്തു.
കുട്ടികളുടെ പങ്കാളിത്തവും പൈതൃകവും: കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന നൂതനമായ വിനോദ-വിദ്യാഭ്യാസ പരിപാടികൾ നടന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ സ്റ്റാളിൽ പരമ്പരാഗത ഖത്തറി വീടുകളുടെയും പഴയ അയൽപക്കങ്ങളുടെയും (ഫരീജ്) മാതൃകകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത് സന്ദർശകർക്ക് വേറിട്ട അനുഭവമായി.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി രാവിലെകളിൽ പ്രത്യേക സന്ദർശന സൗകര്യവും ഒരുക്കിയിരുന്നു. കേവലമൊരു പുസ്തക വിപണി എന്നതിലുപരി, സംസ്കാരങ്ങളുടെ കൈമാറ്റത്തിനും ബൗദ്ധിക സംവാദങ്ങൾക്കുമുള്ള ആഗോള വേദിയായി ദോഹ അന്താരാഷ്ട്ര പുസ്തകമേള മാറിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.










