
ദോഹ: വിശുദ്ധ ഖുർആന്റെ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിനൊപ്പം പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കാനുമായി 'നൂറും വഫായും' (വെളിച്ചവും കൂറും) പദ്ധതിയുമായി അജ്യാൽ എജ്യുക്കേഷണൽ സെന്റർ. ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകമെമ്പാടുമായി വിശുദ്ധ ഖുർആന്റെ പത്ത് ലക്ഷം പ്രതികൾ സൗജന്യമായി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലാണ് ഖുർആൻ പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്.
"ഒരാൾ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങൾ ഒഴികെ മറ്റെല്ലാ അമ ലുകളും അവസാനിക്കും: നിലനിൽക്കുന്ന ധർമ്മം (സദഖത്തുൽ ജാരിയ), ഉപകാരപ്രദമായ അറിവ്, തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സദ്‌വൃത്തനായ സന്താനം."
പ്രവാചക വചനത്തെ മുൻനിർത്തിയാണ് ഈ ആശയത്തിന് രൂപം നൽകിയതെന്ന് അജ്യാൽ സെന്റർ സൂപ്പർവൈസർ മുഹമ്മദ് സായിദ് അൽ സഅദി ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഖുർആൻ പാർരായണം ഉപകാരപ്രദമായ അറിവും അതോടൊപ്പം നിലനിൽക്കുന്ന ധർമ്മവുമാണ്. പുതിയ തലമുറ പിതാവ് അമീറിനായി നടത്തുന്ന ഈ പ്രാർത്ഥനയും പ്രവർത്തനവും വരുംതലമുറകൾക്ക് എന്നും മാതൃകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മനുഷ്യഹൃദയങ്ങളിൽ ഖുർആൻ പടർത്തുന്ന പ്രകാശത്തെയാണ് 'നൂർ' എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഖത്തറിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പിതാവ് അമീറിനോടുള്ള നന്ദിയും ആദരവുമാണ് 'വഫാ' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.











