നിമിഷപ്രിയയുടെ ആയുസ് നീട്ടിയ കാന്തപുരം ഉസ്താദിന്റെ ജീവിതകഥ

ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മുഫ്തി അബ്ദുൽ ഖാദിർ ബദയുനിയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന മുസ്ലീം പുരോഹിതനാണ് ചർച്ചകളിൽ നിറയുന്നത്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന നഗരത്തിൽ ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാർത്തകളിൽ ഇടംനേടിയത്. കാന്തപുരം ഉസ്താദ് യെമനിലെ മതപണ്ഡിതൻ വഴി നടത്തിയ ഇടപെടലുകളെ തുടർന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത്. ഈ മാസം പതിനാറിന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവെച്ചുള്ള കോടതി വിധിയുടെ പകർപ്പ് പതിനഞ്ചാം തീയതി പുറത്തുവന്നിരുന്നു. ഈ പകർപ്പിലെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി എന്ന വാട്ടർ മാർക്ക് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
വിവാദങ്ങൾ അവിടെ നിൽക്കട്ടെ, എന്താണ് ഇന്ത്യൻ ഗ്രാന്റ് മുഫ്തിയെന്നും ആരാണ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നും നമുക്കൊന്ന് അറിഞ്ഞുവരാം. വടക്കൻ കേരളത്തിലെ ഒരു മുസ്ലീം മതപണ്ഡിതൻ എന്ന സാമാന്യ നിർവചനത്തിൽ ഒതുക്കാൻ കഴിയുന്ന വ്യക്തിത്വമല്ല ഈ തൊണ്ണൂറ്റിനാലുകാരൻ എന്നതാണ് വാസ്തവം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന ആ വലിയ മനുഷ്യന്റെ ജീവിതം അറിയും മുമ്പ് എന്താണ് ഗ്രാന്റ് മുഫ്തി എന്ന് വ്യക്തമാക്കാം..
ഇന്ത്യയിലെ സുന്നി മുസ്ലീം സമുദായത്തിലെ ഏറ്റവും ഉയർന്ന മത അധികാരിയാണ് ഗ്രാൻഡ് മുഫ്തി. 2019 ഫെബ്രുവരിയിൽ നവായിലെ റമലീദ് സമ്മേളനത്തിൽ നടന്ന റമലീദ് സമ്മേളനത്തിലാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി ഷെയ്ഖ് അബൂബക്കർ അഹ്മദ് ഈ പദവിയേക്ക് എത്തിയത്. ഇസ്ലാമിക നിയമ കാര്യങ്ങളിലും സാമൂഹിക കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഗ്രാൻഡ് മുഫ്തിയുടെ പ്രധാന ചുമതല. ഫത് വ എന്നാണ് ഈ നിർദ്ദേശങ്ങളെ അറിയപ്പെടുന്നത്. ഇസ്ലാമിക നിയമത്തിലോ ശരിയത്തിലോ നിയമപരമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാൻ ഗ്രാൻഡ് മുഫ്തിക്ക് അധികാരമുണ്ട് എന്നർത്ഥം. പരമ്പരാഗതമായി സുന്നി ഇസ്ലാമിലെ ബറേൽവി സ്കൂളിൽ നിന്നാണ് ഗ്രാൻഡ് മുഫ്തിയെ തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ പത്താമത്തെ ഗ്രാൻഡ് മുഫ്തിയാണ് കാന്തപുരം ഉസ്താദ്. ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മുഫ്തി അബ്ദുൽ ഖാദിർ ബദയുനിയാണ്. മുഗൾ ചക്രവർത്തിയായ അക്ബർ 1574-ലാണ് അബ്ദുൽ ഖാദിർ ബദയുനിയെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. പിന്നീട് ഷാ ഫാസിൽ റസൂൽ ബദയുനി ഗ്രാൻഡ് മുഫ്തിയായി. അവസാന മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫർ ആണ് ഇദ്ദേഹത്തെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. തുടർന്ന് കിഫായത്തുള്ള ദെഹ്ലാവി, അംജദ് അലി ആസ്മി, മുസ്തഫ റാസാ ഖാൻ ഖാദ്രി, അക്തർ റസാ ഖാൻ എന്നിവരും ഇന്ത്യൻ ഗ്രാൻഡ് മുഫ്തികളായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ ഹനഫി വിഭാഗത്തിൽപെട്ട ഇസ്ലാമിക പണ്ഡിതരായിരുന്നു. അക്തർ റസാ ഖാന്റെ പിൻഗാമിയായെത്തിയ കാന്തപുരം ഉസ്താദാകട്ടെ ഷാഫി വിഭാഗത്തിലെ പണ്ഡിതനാണ്.
ഇനി നമുക്ക് കാന്തപുരം ഇസ്താദിനെ കുറിച്ച് കൂടുതലറിയാം..
ഷെയ്ഖ് അബൂബക്കർ അഹമ്മദ് എന്നാണ് കാന്തപുരം ഉസ്ദാതിന്റെ യഥാർത്ഥ പേര്.
കോഴിക്കോട്ജില്ലയിലെ താമരശേരിക്കടുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ 1937 മാർച്ച് 22നാണ് ജനനം. പിതാവ് മൌത്താരി അഹമ്മദ് ഹാജി. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. അബൂബക്കർ അഹമ്മദിന് പന്ത്രണ്ടാം വയസുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം, വാവാട്, പൂനൂർ, കോളിക്കൽ, തലക്കടത്തൂർ, ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. തുടർന്ന് മതപഠനത്തിൽ ഉപരിപഠനം നടത്തിയ ഉസ്താദ് 1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദർസ് ആരംഭിച്ചത്.
1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറിൽ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്നങ്ങളാൽ 1989 ൽ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1992-ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993-ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു.
കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ എ.പി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
സംസ്ഥാന, ദേശീയ തലങ്ങളിലെ പണ്ഡിത സമിതികളിലും സജീവമാണ് കാന്തപുരം ഉസ്താദ്. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പോലും ഇദ്ദേഹം പ്രഭാഷണങ്ങൾ നടത്താറുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ സംയോജിത ടൗൺഷിപ്പായ മർകസ് നോളജ് സിറ്റി പദ്ധതിയുടെ ചെയർമാനുമാണ് കാന്തപുരം ഉസ്താദ്. ഒരു സാംസ്കാരിക കേന്ദ്രത്തിന് പുറമെ, ഈ പദ്ധതിയിൽ മെഡിക്കൽ, നിയമ കോളേജുകളുമുണ്ട്.
ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്, മുസ്ലിം വേൾഡ് ലീഗ്തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് കാന്തപുരം ഉസ്താദ്. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് വ്യക്തിബന്ധമുണ്ട്.











