06:42pm 12 November 2026
NEWS
മോദി -രാഹുൽ സൗഹൃദം ഡീൽ ആണെന്ന് ഇടതുപക്ഷം പറയില്ല -പ്രൊഫ. കെവി തോമസ്
12/04/2026  10:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മോദി -രാഹുൽ സൗഹൃദം ഡീൽ ആണെന്ന് ഇടതുപക്ഷം പറയില്ല -പ്രൊഫ. കെവി തോമസ്

കൊച്ചി: കഴിഞ്ഞ ദിവസം മഹാത്മാ ജ്യോതിബാ ഫൂലെയുടെ ജന്മവാർഷികാത്തൊടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽഗാന്ധിയുടെ അടുക്കൽ എത്തി സൗഹൃദ സംഭാഷണം നടത്തിയത് കോൺഗ്രസ്‌ - ബിജെപി ഡീൽ ആണെന്ന് ആക്ഷേപിക്കാതിരുന്നത് ഇടതുപക്ഷത്തിന്റെ ഉയർന്ന രാഷ്ട്രീയ നിലവാരം കൊണ്ടാണെന്ന് പ്രൊഫ. കെ.വി തോമസ്.

കർഷക തൊഴിലാളി മാർച്ച്‌ നടന്നുകൊണ്ടിരിക്കെ രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചുകൊണ്ട് മോദിയെ കടന്നാക്രമിച്ച രാഹുൽ, പ്രസംഗം നിർത്തി ഭരണപക്ഷ ബെഞ്ചിലെത്തി മോദിയെ ആശ്ളേഷിക്കുന്നതും ലോകം കണ്ടതാണ്.

ഇത്തരം സൗഹൃദങ്ങൾ രാഷ്ട്രീയത്തിലെ ഉയർന്ന ജനാധിപത്യബോധമാണെന്ന് ഇടതുപക്ഷത്തിന് തിരിച്ചറിയാൻ കഴിയും.

അതേസമയം കേരള മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് വികസന ചർച്ച നടത്തിയാൽ അത് ഡീൽ ആണെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ, രാഹുൽ - മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിൽ ഒരാളെ എതിർക്കുന്നത് വ്യക്തിപരമായല്ല, മറിച്ച് വിരുദ്ധ ആശയങ്ങൾ മുന്നിൽ വെച്ച് കൈകൊള്ളുന്ന ജനവിരുദ്ധ നിലപാടുകളെയാണ്.

ഇത് ഇനിയും മനസ്സിലാക്കാത്തവരാണ് പിണറായി വിജയൻ സംസ്ഥാന കാര്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ടാൽ ഡീൽ ആരോപണം ഉന്നയിക്കുന്നത്.

ഭരണ നിർവഹണത്തിൽ കേന്ദ്ര സർക്കാരുമായി ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുള്ള നടപടികൾ നീക്കാൻ വേണ്ടിയാണ് കേരള ഹൗസ് പ്രവർത്തിക്കുന്നത്.

കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രാതൽ ചർച്ച നടത്തിയതും ഇതേ രാഷ്ട്രീയ നയതന്ത്രമാണ്.

ഇതൊക്കെ ഡീലാണെന്ന് പറയാൻ തുടങ്ങിയാൽ പ്രബുദ്ധ രാഷ്ട്രീയ കേരളം ചിരിച്ചു മരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img