09:26pm 21 August 2026
NEWS
‘ഇടതുപക്ഷത്തെ തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാർ’; പിണറായിയെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി
21/08/2026  06:15 PM IST
NILA
‘ഇടതുപക്ഷത്തെ തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാർ’; പിണറായിയെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി

 

 

 

ആലപ്പുഴ∙ ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ഷംസീർ കമ്യൂണിസ്റ്റുകാരനല്ലെന്നും ലീഗ് മനസ്സുള്ളയാളാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെപ്പോലുള്ള നേതാക്കൾ നിരവധി ത്യാഗങ്ങൾ സഹിച്ചാണ് അധികാരത്തിലെത്തിയത്. എന്നാൽ ഷംസീർ എളുപ്പത്തിലാണ് അധികാരസ്ഥാനത്തെത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായതെന്നായിരുന്നു ആരോപണം.

ഭരണകൂടത്തിലെ ‘പുഴുക്കുത്തുകളും’ അധികാരമോഹികളായ നേതാക്കളുമാണ് ഇടതുപക്ഷത്തിന് തുടർഭരണം നഷ്ടമാകാൻ കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്റെ ഓഫിസിലെ പുഴുക്കുത്തായിരുന്നു പി. ശശിയെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ശ്രമിക്കേണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഭരണത്തിൽ ലഭിച്ച അധികാരം സഖാക്കൾ സുഖിക്കാൻ ഉപയോഗിച്ചതാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്താതിരുന്നതിന് കാരണമെന്നും നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവും ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയനാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പിണറായിയോട് നേരിട്ട് പറയാൻ കഴിയാത്ത കാര്യങ്ങളാണ് തന്നോട് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും പിണറായി ചെയ്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img