
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ശക്തമായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിയുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായ എം.എം. ഹസൻ. കേരളത്തിൽ നടക്കുന്നത് ജനാധിപത്യ ഭരണമല്ലെന്നും മറിച്ച് 'പിണറാധിപത്യ'മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലി
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഭരണത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് നിഴലിക്കുന്നത്. സ്റ്റാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഏകാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. വ്യക്തിപരമായി പിണറായി വിജയൻ അടുത്ത സുഹൃത്താണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി വിമർശിക്കപ്പെടേണ്ടതാണെന്നും ഹസൻ പറഞ്ഞു.
പത്തിടത്ത് സി.പി.എം - ബി.ജെ.പി ഡീൽ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയുമായി ധാരണയുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്. പി.എം ശ്രീ പദ്ധതി ഇതിന് ഉദാഹരണമാണ്. സി.പി.എമ്മും ആർ.എസ്.എസുമാണ് ബി.ജെ.പിയുടെ വളർച്ചയ്ക്ക് വളമിടുന്നത്. കോൺഗ്രസിനെ തോൽപ്പിക്കാൻ ഇവർ തമ്മിൽ യോജിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
യുവാക്കൾക്ക് പ്രാധാന്യം, എം.പിമാരുടെ കാര്യത്തിൽ ചർച്ച
നിയമസഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം സീറ്റുകളിൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. 70 മുതൽ 90 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കും. സിറ്റിംഗ് എം.എൽ.എമാർക്ക് വിജയസാദ്ധ്യതയുണ്ടെങ്കിൽ മത്സരിക്കുന്നതിന് തടസമില്ല. എന്നാൽ എം.പിമാർ മത്സരിക്കുന്ന കാര്യം ചർച്ചകൾക്ക് ശേഷമേ തീരുമാനിക്കൂ. എ.ഐ.സി.സിയുടെയും സ്വകാര്യ ഏജൻസികളുടെയും സർവേ ഫലങ്ങൾ കൂടി പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണ്ണയം.
മുഖ്യമന്ത്രി പദവി
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. എന്നാൽ കോൺഗ്രസിൽ ആ പദവിക്ക് യോഗ്യരായ ഒരു ഡസനോളം നേതാക്കളുണ്ട്. സി.പി.എമ്മിൽ പിണറായി വിജയനല്ലാതെ മറ്റൊരു പേര് ചിന്തിക്കാൻ പോലും ആർക്കും അവകാശമില്ലെന്നും ശൈലജ ടീച്ചറുടെ പേര് ഉയർന്നപ്പോഴുണ്ടായ അനുഭവം എല്ലാവർക്കും അറിയാമെന്നും ഹസൻ പരിഹസിച്ചു.











