
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവരുമ്പോൾ യുഡിഎഫ് നേടിയത് ചരിത്രവിജയമെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തെ 23,571വാർഡുകളിൽ11,102 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇടതുമുന്നണിക്ക് 8,863 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം, ബിജെപി 1,919 സീറ്റുകളിൽ വിജയം നേടി. മറ്റു പാർട്ടികൾക്കും സ്വതന്ത്രർക്കുമായി 1,687 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ തലങ്ങളിലും യുഡിഎഫ് മുന്നണി കാര്യമായ നേട്ടം നേടി. ഗ്രാമപഞ്ചായത്ത് 8,021 സീറ്റുകൾ, ബ്ലോക്ക് പഞ്ചായത്ത് 1,241 സീറ്റുകൾ, ജില്ലാ പഞ്ചായത്ത് 195 സീറ്റുകൾ, മുൻസിപ്പൽ വാർഡ് 1,458 സീറ്റുകൾ, കോർപ്പറേഷൻ വാർഡ് 187 സീറ്റുകൾ എന്നിവയിൽ യുഡിഎഫ് വിജയം നേടി.
ഗ്രാമപഞ്ചായത്തിൽ 6,568 സീറ്റുകൾ, ബ്ലോക്കിൽ 923 സീറ്റുകൾ, ജില്ലാ പഞ്ചായത്തിൽ 147 സീറ്റുകൾ, മുൻസിപ്പൽ വാർഡിൽ 1,100 സീറ്റുകൾ, കോർപ്പറേഷനിൽ 125 സീറ്റുകൾ എന്നിങ്ങനെയാണ് ഇടതുമുന്നണിയുടെ വിജയം.
ബിജെപി 1,447 ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ് വിജയിച്ചത്. ബ്ലോക്ക് 54, കാസർഗോഡ് ജില്ലാ പഞ്ചായത്തിലും ഇക്കുറി ബിജെപി പ്രാതിനിധ്യമുണ്ട്. 324 മുൻസിപ്പൽ സീറ്റുകളും, 93 കോർപ്പറേഷൻ സീറ്റുകളിലും ബിജെപി വിജയം നേടി.
ക്ഷേമ പെൻഷൻ വർധിപ്പിച്ചതും മറ്റു വികസന പ്രവർത്തനങ്ങളുമൊക്കെ ഇടതുമുന്നണി പ്രചാരണായുധമാക്കിയെങ്കിലും പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞില്ല. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ യുഡിഎഫ് കൃത്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതോടെ ഇടതുമുന്നണിക്ക് അടിപതറുകയായിരുന്നു.











