12:45am 07 November 2026
NEWS
ഇടതുപക്ഷവും ജെൻസിയും: സത്യസന്ധതയുടെ രാഷ്ട്രീയം; പ്രതിരോധം ഇനി വെറും പ്രതിഷേധമല്ല, സൃഷ്ടിയുമാണ്
14/08/2026  10:16 AM IST
ഡോ. ജയിംസ് ജോസഫ്
ഇടതുപക്ഷവും ജെൻസിയും: സത്യസന്ധതയുടെ രാഷ്ട്രീയം; പ്രതിരോധം ഇനി വെറും പ്രതിഷേധമല്ല, സൃഷ്ടിയുമാണ്

ഒരു തലമുറയെ നഷ്ടപ്പെടുന്നത് പൊടുന്നനെ ഒരു ദിവസമല്ല; അത് പതിയെ ഉണ്ടാകുന്ന ഒരു അകലമാണ്. ആദ്യം ഭാഷ മാറും. പിന്നെ വിശ്വാസം കെട്ടുപോകും. ഒടുവിൽ സ്വാഭാവികമായ ബന്ധം അസ്വസ്ഥമായ ഒരു അകലമായി മാറും.ഇന്ന് രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: എന്തുകൊണ്ട് ജെൻസി ഇടതുപക്ഷത്തോട് ആത്മബന്ധം പ്രകടിപ്പിക്കുന്നില്ല?

ഇത് ലളിതമായ ഒരു വോട്ട് ബാങ്ക് ചോർച്ചയല്ല.ഒരു മാനസിക മാറ്റത്തിന്റെ സൂചനയാണ്. എന്തെന്നാൽ യുവാക്കൾ രാഷ്ട്രീയത്തെ ഉപേക്ഷിച്ചിട്ടില്ല.അവർ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ശൈലിയെ ചോദ്യം ചെയ്യുകയാണ്.

ജെൻസി വളർന്നത് സുതാര്യതയുടെ കാലത്താണ്. അവർക്ക് രാഷ്ട്രീയക്കാരെ ''കാണാൻ'' സാധിക്കുന്നത്  പ്രസംഗങ്ങളിൽ മാത്രം അല്ല, സോഷ്യൽ മീഡിയ പോസ്റ്റുകളിലും, പഴയ വീഡിയോകളിലും, ട്വീറ്റുകളിലും.ഇത് രാഷ്ട്രീയത്തെ മാറ്റിയിരിക്കുന്നു. മുൻകാലത്ത് ഒരു നേതാവിന്റെ ഇമേജ് മാധ്യമങ്ങളിലൂടെ നിർമ്മിക്കപ്പെട്ടിരുന്നു. ഇന്ന് ഓരോ വ്യക്തിയും സ്വന്തം ആർക്കൈവിന്റെ തടവുകാരനാണ്.അതിനാൽ, അർദ്ധസത്യങ്ങൾ, മറച്ചുവയ്ക്കലുകൾ, ആഖ്യാന തന്ത്രങ്ങൾ  ഇവയെ ആശ്രയിച്ചുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ ബുദ്ധിമുട്ടാണ്.ഈ പുതിയ സാഹചര്യത്തിൽ രാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷ സത്യസന്ധതയാണ്.

അർദ്ധസത്യങ്ങളുടെ പ്രതിസന്ധി‌

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ ശക്തി, നൈതികതയുടെ തെളിമയായിരുന്നു. അനീതിയെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന ഭാഷ. അതിനാൽ തന്നെ സത്യത്തോടുള്ള പ്രതിബദ്ധത ഒരു നൈതിക മൂല്യമായി രൂപപ്പെട്ടു. പക്ഷേ ചില സന്ദർഭങ്ങളിൽ, രാഷ്ട്രീയ പ്രതികരണങ്ങൾ ''ഡാമേജ് കൺട്രോൾ'' ശൈലിയിൽ മാറുമ്പോൾ, അർദ്ധസത്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രശ്‌നം നിഷേധിക്കുക, വിമർശകരെ ശത്രുക്കളായി ചിത്രീകരിക്കുക, വിഷയത്തെ മറിച്ചുവിടുക  ഇവ പഴയ രാഷ്ട്രീയ തന്ത്രങ്ങൾ ആയിരിക്കാം.പക്ഷേ ജെൻസിയുടെ ലോകത്ത് ഇത് ഉടൻ തിരിച്ചറിയപ്പെടും. അവർ ഫാക്ട് ചെക്ക് ചെയ്യുന്നു. അവർ പശ്ചാത്തലം തേടുന്നു. അവർ വിരോധാഭാസങ്ങൾ ശ്രദ്ധിക്കുന്നു. ഒരു രാഷ്ട്രീയശക്തി തന്നെ തങ്ങളെ സത്യത്തിന്റെ വക്താക്കളാക്കി അവതരിപ്പിക്കുമ്പോൾ, ചെറിയ കപടത പോലും വലിയ വിശ്വാസനഷ്ടമായി മാറും.
ഒരു പ്രശ്‌നം ഉയർന്നാൽ ''ഇത് പ്രചാരണം'' എന്ന് പറയുന്ന ശൈലി ഇന്നും പല രാഷ്ട്രീയക്കൂട്ടായ്മകളിൽ കാണാം. ഇത് ഒരു സൈക്കോളജിക്കൽ റിഫ്‌ളക്‌സ് ആണ്. സംഘടനയെ സംരക്ഷിക്കാനുള്ള ശ്രമം. പക്ഷേ യുവത്വത്തിന്റെ മനസ്സിൽ ഇത് അരക്ഷിതത്വമായി പതിയുന്നു. ജെൻസി കുറ്റം ഏറ്റുപറയുന്ന സംസ്‌ക്കാരത്തിൽ വളർന്നവരാണ്. തെറ്റ് സമ്മതിക്കുക, ക്ഷമ ചോദിക്കുക, തിരുത്തൽ പ്രഖ്യാപിക്കുക. രാഷ്ട്രീയം മാത്രം ഈ മാനദണ്ഡത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുമ്പോൾ അത് അസ്വാഭാവികമാകും. അവർ ചോദിക്കുന്നത് ലളിതമാണ്:''പിഴവ് സംഭവിച്ചാൽ സമ്മതിക്കാത്തത് എന്തിന്?''

ഇടതുപക്ഷത്തിന്റെ ഒരു വലിയ പൈതൃകം തത്ത്വചിന്താപരമായ വാദങ്ങളായിരുന്നു. മാർക്‌സിസ്റ്റ് വിശകലനം, ചരിത്രബോധം, ഘടനാപരമായ കാഴ്ചപ്പാട്.പക്ഷേ ചില സമകാലിക രാഷ്ട്രീയ ഇടപെടലുകളിൽ വാദങ്ങൾ ലളിതമാക്കപ്പെടുകയും, ചിലപ്പോൾ വികാരപരമായ മുദ്രാവാക്യങ്ങളായി ചുരുങ്ങുകയും ചെയ്യുന്നു.ജെൻസി ഒരു വിവരസമ്പന്ന തലമുറയാണ്. അവർ ചർച്ചകളും, പോഡ്കാസ്റ്റുകളും, ഗ്ലോബൽ സംഭാഷണങ്ങളും കാണുന്നു. അവർ പല കാഴ്ചപ്പാടുകളും ഒരേസമയം കേൾക്കുന്നു. അതുകൊണ്ട് ഒരു വിഷയം ഏകപക്ഷീയമായി അവതരിപ്പിക്കുമ്പോൾ അവർ അസ്വസ്ഥരാകും.

സങ്കീർണ്ണത ഒഴിവാക്കുന്നത് ബുദ്ധിപരമായ അപക്വതയായി തോന്നാം. യുവത്വം സരളത ആഗ്രഹിക്കുന്നില്ല; അവർ സത്യസന്ധമായ സങ്കീർണ്ണതയെ മാനിക്കുന്നു. രാഷ്ട്രീയത്തിൽ ധാർമികമായഭാഷ ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ  ധാർമികമായ ഔന്നത്യത്തിൽ നിന്ന് സംസാരിക്കുന്നത് അപകടകരമാണ്. ജെൻസി ആധികാരികതയെ വിലമതിക്കുന്നു. അവർ പൂർണ്ണതയെ പ്രതീക്ഷിക്കുന്നില്ല; പക്ഷേ സത്യസന്ധതയെ പ്രതീക്ഷിക്കുന്നു. ''ഞങ്ങൾ ശരിയാണ്'' എന്ന നിലപാട്, ആത്മപരിശോധന ഇല്ലാതെ, വിശ്വാസ്യത നഷ്ടപ്പെടുത്തും. അതേസമയം ''ഞങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു'' എന്ന സമീപനം ബന്ധം സൃഷ്ടിക്കും. ഈ ചെറിയ ധ്വനി മാറ്റം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

യുവനേതാക്കളുടെ ആക്രമണ ശൈലി

സോഷ്യൽ മീഡിയ രാഷ്ട്രീയത്തിന്റെ പുതിയ വേദിയാണ്. ഇവിടെ ഭാഷ തന്നെ രാഷ്ട്രീയം. ചില യുവനേതാക്കളുടെ ശൈലി, ട്രോളിംഗ്, വ്യക്തിപരമായ ആക്രമണം, ഭീഷണി നിറഞ്ഞ ഭാഷ  ഒരു ''റാഡിക്കൽ ഇമേജ്'' സൃഷ്ടിക്കാനുള്ള ശ്രമമായി തോന്നാം. പക്ഷേ ജെൻസിയുടെ സാംസ്‌കാരിക പശ്ചാത്തലം വ്യത്യസ്തമാണ്. അവർ ബുള്ളിയിംഗിനെതിരായ ബോധവൽക്കരണത്തോടെ വളർന്നു. ടോക്‌സിക് പുരുഷത്വത്തിന്റെ വിമർശനങ്ങൾ അവർ കേട്ടിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിൽ അതേ ആക്രമണ ശൈലി കണ്ടാൽ ശക്തിയെന്നു തോന്നില്ല; അത് പഴയകാല സംസ്‌കാരരാഹിത്യമായി തോന്നും. ആക്രോശവും അക്രമഭാഷയും വിപ്ലവവീര്യവും തമ്മിലുള്ള വ്യത്യാസം അവർ തിരിച്ചറിയുന്നു.
ഇന്ന് രാഷ്ട്രീയത്തിൽ ജീവിതശൈലിയും പ്രഭാഷണവും തമ്മിൽ വലിയ വിടവുണ്ട്. സമത്വം, ലാളിത്യം, വരേണ്യ വിരുദ്ധത. ഇവ സംസാരിക്കുന്ന നേതാക്കളുടെ സോഷ്യൽ മീഡിയയിൽ ആഡംബര യാത്രകൾ, ബ്രാൻഡഡ് പ്രകടനങ്ങൾ, എലീറ്റ് സാമൂഹിക വൃത്തങ്ങൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ അത് ഒരു വൈകാരികമായ അകലം സൃഷ്ടിക്കും. ജെൻസി ആത്മ വഞ്ചനയോട് വളരെ അസഹിഷ്ണുത കാണിക്കുന്നു. കാരണം അവർ വാസ്തവികതയുടെ വെളിവിൽ വളർന്നവരാണ്. വാക്കും ജീവിതവും തമ്മിലുള്ള ദൂരം രാഷ്ട്രീയത്തെ ദുർബലമാക്കും.

ജെൻസി ലിംഗസമത്വത്തോട് വളരെ പ്രതിബദ്ധരാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ അത്യന്തം പ്രകോപനപരമായ ജെൻഡർ ചർച്ചകൾ സംവാദത്തിൽ ധ്രുവീകരണം സൃഷ്ടിക്കും. എല്ലാ വിമർശനത്തെയും ശത്രുതയായി പൊതുവൽക്കരണങ്ങൾ - ഇവ സംഭാഷണത്തെ അടച്ചുപൂട്ടും. ജെൻസിയിലെ പല യുവാക്കളും സംവാദാത്മകമായ ഫെമിനിസ ആഗ്രഹിക്കുന്നു. അവർ ഏറ്റുമുട്ടലിനേക്കാൾ സംവാദങ്ങളെ വിലമതിക്കുന്നു. ഫെമിനിസത്തിന്റെ ആശയത്തോട് അവർക്ക് വിരോധമില്ല; അവതരണത്തിന്റെ ശൈലിയോട് സംശയമുണ്ട്.

ഡിജിറ്റൽ കാലഘട്ടം സംഭ്രമകരമായ ഒരു സംസ്‌കാരം സൃഷ്ടിച്ചു. ഓരോ ദിവസവും പുതിയ സ്‌തോഭജനകമായ വാർത്തകൾ. ജെൻസി  ഈ പരിസരത്തിൽ വളർന്നു. സംഭ്രമകരമായ ദിനങ്ങളാണ് ഓരോന്നും. നിരന്തരമായ ഈ വിക്ഷോഭങ്ങൾ അവരെ തളർത്തിയിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം കോപാകുലമായി നിൽക്കുമ്പോൾ അതൊരു വിരക്തി സൃഷ്ടിക്കുന്നു. പ്രത്യാശയുടെ സൗമ്യമായ ആഖ്യാനങ്ങളാണ് അവർ തിരയുന്നത്. ക്ഷോഭം പ്രക്ഷോഭത്തിന് ഉതകും; പക്ഷേ അതിജീവിക്കുക പ്രത്യാശയാണ്. ജെൻസിയുടെ വ്യക്തിത്വം ബഹുമുഖമാണ്. അവർ ഒരേസമയം സാമൂഹ്യനീതിയോട് പ്രതിബദ്ധരാകും, ആത്മീയതയിൽ താൽപ്പര്യമുണ്ടാകും. വ്യക്തിപരമായ വിജയവും ആഗ്രഹിക്കും, ഇത് വിരോധാഭാസമല്ല; തിരിച്ചറിവുകളുടെ, സങ്കീർണ്ണതയുടെ സ്വഭാവമാണ്. രാഷ്ട്രീയം ഈ സങ്കീർണ്ണത ഉൾക്കൊള്ളണം. ലളിതമായ വർഗ്ഗീകരണങ്ങൾ മതിയാകില്ല. 
സോഷ്യൽ മീഡിയ രാഷ്ട്രീയത്തെ ജനാധിപത്യവൽക്കരിച്ചത് പോലെ തന്നെ വിവസ്ത്രമാക്കുകയും ചെയ്തു. ഓരോ നേതാവും നിരീക്ഷണത്തിന്റെ കീഴിലാണ്. ജെൻസി സംഭവങ്ങളിലെ ക്രമവും ശൈലിയും പരിശോധിക്കുന്നു. അവർ പെരുമാറ്റങ്ങളുടെയും നിലപാടുകളിലെയും നൈരന്തര്യം പരിശോധിക്കുന്നു. നൈരന്തര്യം അവരുടെ പ്രധാന മാനദണ്ഡമാണ്.

വിശ്വാസത്തിന്റെ പ്രശ്‌നം

ജെൻസി രാഷ്ട്രീയ പാർട്ടികളെ സംശയത്തോടെ കാണുന്നു. അവർ വ്യക്തികളെ കൂടുതൽ വിശ്വസിക്കുന്നു. ഇത് ഒരു വലിയ മാറ്റമാണ്. ഇടതുപക്ഷത്തിന്റെ ഘടനകൾ ഇപ്പോഴും സംഘടനാപരമാണ്. ഈ ഘടനകൾ ഒരു കാലത്ത് ശക്തിയായിരുന്നു. ഇന്ന് അത് വിദൂരമായി തോന്നുന്നു. അതേസമയം, വ്യക്തിപരമായ ബ്രാൻഡിംഗിൽ വിജയിച്ച രാഷ്ട്രീയ ശൈലികൾ യുവാക്കളെ എളുപ്പത്തിൽ ആകർഷിക്കുന്നു
രാഷ്ട്രീയം എന്നും മാറുന്നു; അതിന്റെ ഭാഷയും മാറുന്നു. ഇന്ന് നമ്മൾ കാണുന്നത് ഒരു വലിയ ഭാഷാപരമായ സംഘർഷമാണ്. പഴയ വാക്കുകളും പുതിയ അനുഭവങ്ങളും തമ്മിലുള്ള സംഘർഷം. ഈ സംഘർഷത്തിൽ നിന്ന് ഒരു പുതിയ രാഷ്ട്രീയം ജനിക്കുമോ? അത് ഇടതുപക്ഷത്തെ പുനർജീവിപ്പിക്കുമോ? ഉത്തരം ഇതുവരെ എഴുതപ്പെട്ടിട്ടില്ല. പക്ഷേ ഒന്നുറപ്പുണ്ട് യുവതലമുറയെ നഷ്ടപ്പെടുന്ന രാഷ്ട്രീയം; സ്വയം നഷ്ടപ്പെടും. അതുകൊണ്ട് ചോദ്യം ഇതാണ്: ഇടതുപക്ഷം യുവാക്കളെ തിരിച്ചുകേൾക്കുമോ? അല്ലെങ്കിൽ സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയിൽ കേൾക്കാതെ പോകുമോ?

ജെൻസി ഐഡന്റിറ്റിയുടെ ഭാരത്തിൽ ക്ഷീണിക്കുന്നു.ഓരോ ചർച്ചയും തിരിച്ചറിയലിന്റെ ചുറ്റും സഞ്ചരിക്കുമ്പോൾ, അവർ ചോദിക്കുന്നു:
''ഞാൻ ആരാണ്?
അവർ ജീവിക്കുന്നത് പരീക്ഷകളുടെ സമ്മർദ്ദത്തിൽ, ജോലിയുടെ അനിശ്ചിതത്വം, ഡിജിറ്റൽ മത്സരത്തിൽ അവർ തേടുന്നത് ഭാവി. അവസരം. സ്വാഭിമാനം.
എലീറ്റ് മധ്യസ്ഥതയുടെ ദൂരങ്ങൾ അവരെ അകറ്റുന്നു.അവരുടെ പേരിൽ നടക്കുന്ന സംഭാഷണങ്ങൾ അവരെ അന്യരാക്കുന്നു എന്നതാണ് സത്യം. ഇന്നത്തെ യുവാക്കളുടെ ഒരു പ്രധാന പരാതിയാണ് ഭാഷ അവരെ ഉൾക്കൊള്ളുന്നില്ല . ഇംഗ്ലീഷ്-ഭാരമുള്ള വാക്കുകൾ.
ക്യാമ്പസ് സംസ്‌കാരങ്ങൾ. എൻജിഒ ഭാഷ. മെട്രോ നഗരങ്ങളുടെ അനുഭവങ്ങൾ. ഇത് ഒരു അകലം സൃഷ്ടിക്കുന്നു. സംഭാഷണം നടക്കുന്നത് അവരുടെ പേരിൽ. അവരോടൊപ്പം അല്ല. ഈ ''എലീറ്റ് മധ്യസ്ഥത'' ജെൻസി ആശയങ്ങളിൽ നിന്ന് അകറ്റുന്നു.അവർ രാഷ്ട്രീയത്തെ ഒരു സിദ്ധാന്തമല്ല,ഒരു സംസ്‌കാരമായി അനുഭവിക്കുന്നു. സംസ്‌കാരത്തിൽ അകലം ഉണ്ടെങ്കിൽ, രാഷ്ട്രീയം വിദൂരമാകും.
ഈ അകലം മറികടക്കാനാകുമോ? അതിന് ചില അടിസ്ഥാന മാറ്റങ്ങൾ ആവശ്യമാണ്. പിഴവുകൾ സമ്മതിക്കുക. സങ്കീർണ്ണതയെ അംഗീകരിക്കുക.

വ്യത്യസ്ത കാഴ്ചപ്പാടുകളോട് സംവദിക്കുക. വാഗ്വാദങ്ങളിൽ നിന്ന് സംവാദത്തിലേക്ക് മാറുക. പിന്നെ, ശബ്ദത്തിൽ, ഭാഷയിൽ, പെരുമാറ്റത്തിൽ വിനയം ഉണ്ടാവുക. വാക്കും ജീവിതവും ഒത്തുചേരുക.ഭാവിയുടെ ഭാഷ സംസാരിക്കുക. പ്രതീക്ഷയുടെ രാഷ്ട്രീയമുണ്ടാക്കുക.
ഒരു രാഷ്ട്രീയ പ്രസ്ഥാനം ആത്മപരിശോധന നടത്തുമ്പോൾ; അത് ആത്മവിശ്വാസമാണ്. ഇടതുപക്ഷത്തിന്റെ ചരിത്രം തന്നെ വിമർശനാത്മക സ്വഭാവമാണ്. ആ പൈതൃകം തന്നെ വീണ്ടും ഉണർത്തേണ്ട സമയം.

ഇടതുപക്ഷത്തിന്റെ പഴയ നിഘണ്ടു

ഇതിനിടെ ഇടതുപക്ഷം സംസാരിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഭാഷ മാറിയില്ല.
വർഗ്ഗം, ചൂഷണം, സാമ്രാജ്യത്വം, ഫാസിസം ഇവ ഒരിക്കൽ ശക്തമായ വാക്കുകളായിരുന്നു. ഇന്നും അവയുടെ സത്യങ്ങൾ ഇല്ലാതായിട്ടില്ല. എന്നാൽ അവയുടെ ശബ്ദം യുവജനങ്ങളുടെ ചെവികളിൽ പഴയ റേഡിയോ പോലെ കേൾക്കുന്നു. പ്രശ്‌നം ആശയങ്ങളുടെ ശരിയോ തെറ്റോ അല്ല. പ്രശ്‌നം അവയുടെ അവതരണമാണ്. ഇന്നത്തെ യുവാക്കൾ സിദ്ധാന്തങ്ങളെ വായിക്കുന്നില്ല. അവർ അനുഭവങ്ങളെ വായിക്കുന്നു. അവർ മെമ്മുകൾ കാണുന്നു. ഷോർട്ട് വീഡിയോകൾ കേൾക്കുന്നു. വ്യക്തികളുടെ ജീവിതങ്ങൾ രാഷ്ട്രീയത്തേക്കാൾ വലുതായി തോന്നുന്ന ഒരു കാലമാണ് ഇത്. ഇടതുപക്ഷം ഇപ്പോഴും ആശയങ്ങളുടെ ഉയരത്തിൽ നിന്ന് സംസാരിക്കുന്നു. ജെൻസി അനുഭവങ്ങളുടെ നിലത്തുനിന്ന് കേൾക്കുന്നു. ഈ ദൂരമാണ് പ്രശ്‌നം.

ജെൻസി നൈതിക ഉപദേശങ്ങളെക്കാൾ ആത്മാർത്ഥത തേടുന്നു. അവർ പിഴവുകൾ സമ്മതിക്കുന്ന നേതാക്കളെ ഇഷ്ടപ്പെടുന്നു. അവർ മനുഷ്യരായ രാഷ്ട്രീയക്കാരെ കാണാൻ ആഗ്രഹിക്കുന്നു.
ഇടതുപക്ഷം ഇപ്പോഴും പ്രതിരോധത്തെ ഒരു ഗൗരവമായ കർമ്മമായി കാണുന്നു. പക്ഷേ ഇന്നത്തെ യുവാക്കൾ പ്രതിരോധത്തെയും സൃഷ്ടിപരമായി കാണുന്നു. മീമുകൾ, സംഗീതം, ഡിജിറ്റൽ കല, സ്റ്റാൻഡ്-അപ്പ് കോമഡി ഇവയെല്ലാം രാഷ്ട്രീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങളാണ്. ഈ രൂപങ്ങളെ മനസ്സിലാക്കാൻ കഴിയാത്തപ്പോൾ ഇടതുപക്ഷം പഴയതായിപ്പോകുന്നു. പ്രതിരോധം ഇനി വെറും പ്രതിഷേധമല്ല. അത് സൃഷ്ടിയുമാണ്.

(9074023327)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img