07:10pm 06 November 2026
NEWS
ഭൂനികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല
07/02/2025  01:27 PM IST
nila
ഭൂനികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിനെ നിരാശപ്പെടുത്തി ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ ബജറ്റ് അവതരണം. സംസ്ഥാനത്തിന്റെ വരുമാന വർധനവ് മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങളാകട്ടെ ജനത്തിന് ഇരുട്ടടിയാകുകയും ചെയ്തു. ഭൂനികുതിയും കോടതി ഫീസും ഉൾപ്പെടെ വർധിപ്പിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കിയത്. ഭൂനികുതിയിൽ 50 ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. കോടതി ഫീസും വർധിപ്പിച്ചു. 

സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും പുനക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.

സാമൂഹികക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുമുണ്ടായില്ല. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. അതുതന്നെ തുടരും. അതേസമയം, കുടിശികയുള്ള തുക വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിലുള്ള സൂചനകൾ ധനമന്ത്രിയും നൽകിയിരുന്നു. എന്നാൽ ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. 

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകും. കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉൾനാടൻ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയർത്തി. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപയും നൽകും. വ്യവസായങ്ങൾക്കുള്ള ഭൂമിക്കായി ക്ലിക്ക് പോർട്ടൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയിൽപാതയ്ക്ക് ശ്രമം തുടരുമെന്നും പറഞ്ഞു.

സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img