09:17am 13 November 2026
NEWS
കുന്ദംകുളം പോലീസ് മർദ്ദനം സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയം.
06/09/2025  04:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുന്ദംകുളം പോലീസ് മർദ്ദനം  സംസ്ഥാനത്തെ ആഭ്യന്തര  വകുപ്പിന്റെ സമ്പൂർണ്ണ പരാജയം.
HIGHLIGHTS

 കേരള സംസ്ഥാന  ജനകീയ പ്രതിരോധ സമിതി

കൊച്ചി : തൃശൂർ കുന്ദംകുളത്ത് പൊതു പ്രവർത്തകനായ സുജിത്തിനു നേരേ രണ്ടര വർഷങ്ങൾക്ക് മുൻപ് നടന്ന പോലീസ് അതിക്രമം അങ്ങേയറ്റം അപലപനീയവും  പരിഷ്കൃത സമൂഹമെന്ന കേരളത്തിൻ്റെ ഖ്യാതിക്ക് കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ്ണമായ പരാജയത്തെയാണത് അടിവരയിടുന്നത്.ഇടതു സർക്കാരിന്റെ പോലീസ് എത്രമേൽ ജനവിരുദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇത്.

 ജനാധിപത്യത്തിൻ്റെ ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ പോലീസ് സേനയും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളുംജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല.   ഇവിടെ ഇരയായ വ്യക്തി ഒരു പൊതു പ്രവർത്തകനാണ്. അങ്ങനെയുള്ള ഒരാൾക്കു പോലും അനായാസം താൻ നേരിട്ട മർദ്ദനവും മനുഷ്യാവകാശ നിഷേധവും തെളിയിക്കാൻ ദീർഘകാലം കഠിനപരിശ്രമം നടത്തേണ്ടി വന്നു. രണ്ടര വർഷക്കാലമായി അദ്ദേഹം നടത്തിയ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി മാത്രമാണ് ഇപ്പോൾ ഈ യാഥാർത്ഥ്യങ്ങൾ പുറത്തുവന്നത്. 

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതേയല്ല.നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് അവർക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണത്തിന്റെ ബലത്തിലാണ് .

 പോലീസിനെ നിയമത്തിൻ്റെ പരിധിക്കുള്ളിൽ നിലയ്ക്ക് നിർത്താനും മര്യാദ പഠിപ്പിക്കുവാനും സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കഴിയാത്തതു കൊണ്ടു കൂടിയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും പോലീസിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പക്ഷപാതിത്വവും ഇതിനോടകം പല സന്ദർഭങ്ങളിലായി വ്യക്തമായി കഴിഞ്ഞതാണ്. ഈ നയ സമീപനങ്ങൾ തിരുത്തുവാൻ സർക്കാർ തയ്യാറാകണം. ഇത്തരം ക്രിമിനലുകളെ പോലീസ് സേനയിൽ  നിന്ന് പുറത്താക്കുവാൻ ആവശ്യമായ നടപടികൾ ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

 കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്ത് സമാനമായി സംഭവിച്ച മറ്റു കേസുകൾ കൂടി പരിശോധികക്കുകയും ഏതൊരു പൗരൻ്റെയും പരാതി പരിഹരിക്കത്തക്ക വിധമുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.ക്രൂരമായ പോലീസ് നയത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് ജനകീയ പ്രതിരോധ സമിതിക്ക് വേണ്ടി  ഇറക്കിയ പ്രസ്താവനയിൽ പ്രൊഫ. കെ അരവിന്ദാക്ഷൻ  ഡോ.എം പി മത്തായി ഡോ. വിൻസൻറ് മാളിയേക്കൽ , അഡ്വ സി ആർ നീലകണ്ഠൻ , ഹാഷിം ചേന്നംപള്ളി, 
എം. ഷാജർഖാൻ തുടങ്ങിയവർ  പ്രസ്താവിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img