01:50pm 13 November 2026
NEWS
പ്രമേഹ നിയന്ത്രണത്തിന്റെ താക്കോല്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍.
13/11/2026  12:26 PM IST
Health Desk
പ്രമേഹ നിയന്ത്രണത്തിന്റെ താക്കോല്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍

 

പ്രമേഹം എന്നത് കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥ മാത്രമല്ല. നമ്മുടെ ജീവിതശൈലിയേയും ഭക്ഷണരീതികളേയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു ദീര്‍ഘകാല ആരോഗ്യ പ്രശ്‌നമാണ്. ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രമേഹത്തിന്റെ പിടിയിലാകുന്ന സാഹചര്യം വര്‍ദ്ധിച്ചു വരികയാണ്. പാരമ്പര്യ ഘടകങ്ങള്‍ക്കൊപ്പം തെറ്റായ ഭക്ഷണശീലങ്ങള്‍, ശാരീരിക അധ്വാനത്തിന്റെ കുറവ്, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹ രോഗികളുടെ ഭക്ഷണത്തില്‍ ഊര്‍ജ്ജത്തിന്റെ നിയന്ത്രണം അത്യാവശ്യമാണ്. കൂടുതല്‍ അളവില്‍ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ ചെറിയ അളവില്‍ അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാതെയും തീരെ താഴ്ന്ന് പോകാതെ ഇരിക്കാനും സഹായിക്കും. ഭക്ഷണത്തിന്റെ അളവ്, കഴിക്കുന്ന സമയം, ആഹാരം പാചകം ചെയ്യുന്ന രീതി തുടങ്ങിയ പല ഘടകങ്ങളും പഞ്ചസാരയുടെ നിലയെ ബാധിക്കും.

സംസ്‌കരിച്ചെടുത്ത ഭക്ഷണ ധാന്യങ്ങള്‍ക്ക് പകരം തവിട് കളയാത്ത അരി, തൊലിയുള്ള ഗോതമ്പ്, റാഗി, തിന, ക്യുനോവ, റോള്‍ഡ് ഓട്‌സ് എന്നിവ ഉപയോഗിക്കാം. നാരുകള്‍ ധാരാളമുള്ള ഇലക്കറികള്‍, പച്ചക്കറികള്‍ ദിവസം 300ഗ്രാം എന്ന ക്രമത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് കൂടുതലാണ്, അതിനാല്‍ ഉപയോഗം നിയന്ത്രിക്കണം. ദിവസം ഒന്നോ രണ്ടോ പച്ചക്കറി സാലഡുകള്‍ ഇടനേരങ്ങളില്‍ കഴിക്കുന്നത് ഷുഗര്‍ നില നിയന്ത്രിക്കാന്‍ സഹായിക്കും.

പൂരിത കൊഴുപ്പ് കൂടുതലുള്ള ഇറച്ചികള്‍ (ബീഫ്, മട്ടന്‍, പന്നി) എന്നിവയ്ക്ക് പകരം മത്സ്യം, കോഴിയിറച്ചി, മുട്ടവെള്ള, കൊഴുപ്പ് നീക്കിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. പ്രമേഹ രോഗിയ്ക്ക് ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കാം. ആപ്പിള്‍, പേരയ്ക്ക, പപ്പായ, നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, കിവി, സബര്‍ജില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് അളവ് നിയന്ത്രിച്ച് കഴിക്കാം. കൂടുതല്‍ പഴുക്കാത്തതാകും നല്ലത്. വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതല്‍ നേന്ത്രപ്പഴത്തിനാണ്. എണ്ണ, തേങ്ങ, ഉപ്പ് എന്നിവ നിയന്ത്രിക്കണം. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും വേണം. എണ്ണയില്‍ വറുത്ത ഭക്ഷണത്തിന് പകരം ആവിയില്‍ വേവിച്ചതോ, തിളപ്പിച്ച് എടുക്കുന്നതോ ആയ ആഹാരം തിരഞ്ഞെടുക്കാം.

മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ബിയര്‍, വൈന്‍ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഭക്ഷണത്തിനൊപ്പം ദിവസേന കുറഞ്ഞത് 30 മിനിട്ടെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടണം. നടത്തം, യോഗ, സൈക്ലിംഗ് എന്നിങ്ങനെ ഏതുമാകാം.

പ്രമേഹം എന്നത് ജീവിതകാലം മുഴുവന്‍ ശ്രദ്ധയും പരിചരണവും ആവശ്യമായ ഒരു ആരോഗ്യാവസ്ഥയാണ്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും പ്രമേഹ നിയന്ത്രണം എന്നത് ഭക്ഷണം ഉപേക്ഷിക്കുക എന്നതല്ല. മറിച്ച് ഭക്ഷണത്തെ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കലാണ്.


Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img