
കേരളത്തിലെ മുഖ്യമന്ത്രിത്തർക്കം കോൺഗ്രസ്സ് ഹൈക്കമാണ്ടിന് കീറാമുട്ടിയായത് കർണാടകത്തിലാണ് പ്രശ്നം സൃഷ്ടിച്ചത്. ഈ മാസം ഇരുപതിനു സിദ്ധരാമയ്യ ഗവണ്മെന്റ് ഭരണത്തിൽ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. അതിന് മുമ്പുതന്നെ സിദ്ധരാമയ്യ സ്ഥാനമൊഴിയുമെന്നും തനിക്ക് മുഖ്യമന്ത്രിക്കസേര ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കണക്കുകൂട്ടിയിരുന്നു. കർണാടകത്തിൽ കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷ പദവി കൂടി വഹിക്കുന്ന ശിവകുമാറിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കാൾ ഹൈക്കമാണ്ടിൽ സ്വാധീനമുള്ളത്. ഏപ്രിൽ 9ന് കർണാടകത്തിൽ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ആ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് കടുത്ത വെല്ലുവിളി നേരിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളോടൊപ്പം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും വന്നുകഴിഞ്ഞാൽ അധികം വൈകാതെ സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കാമെന്ന് ഹൈക്കമാണ്ട് ഉറപ്പ് നൽകിയിരുന്നു. സിദ്ധരാമയ്യയുടെ ആവശ്യം മന്ത്രിസഭാ പുനഃസംഘടനയാണ്. ശിവകുമാറിന് വേണ്ടത് നേതൃമാറ്റവും. സാങ്കേതിക കാരണങ്ങളാൽ നേതൃമാറ്റമു ണ്ടായില്ലെങ്കിലും സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും വേണ്ടപ്പെട്ട ചിലരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുനഃ സംഘടനയെങ്കിലും നടക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ ആരു മുഖ്യമന്ത്രി യാകണമെന്ന പ്രശ്നം രൂക്ഷമായതിനാലാണ് ഹൈക്കമാണ്ട് കർണാടകക്കാര്യം പിറകോട്ട് തള്ളാൻ നിർബന്ധിതമായത്. രണ്ടു ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയിച്ചത് സിദ്ധരാമയ്യയ്ക്ക് ഗുണകരമായി. ശിവകുമാറിനായിരുന്നു ആസ്സാം തെരഞ്ഞെടുപ്പിന്റെ ചുമതല. എന്നാൽ അവിടെ കോൺഗ്രസ്സിന് കാര്യമായ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ ശിവകുമാറിന് സാധിച്ചില്ല. അത് അദ്ദേഹത്തിന് പ്രതികൂല ഘടകമാണ്. കേരളത്തിലെ മുഖ്യമന്ത്രിത്തർക്കം ഹൈക്കമാണ്ടിനെ വളരെയേറെ ക്ഷീണിപ്പിച്ച സാഹചര്യത്തിൽ കർണാടകത്തിലെ തേനീച്ചക്കൂടിന് കല്ലെറിയാൻ തൽക്കാലം കോൺഗ്രസ്സ് ദേശീയ നേതൃത്വം തയ്യാറായേക്കില്ല. മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കാം. സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറ്റിയേക്കില്ല. സസ്പെൻസ് നിറഞ്ഞ കേരളസ്റ്റോറി സിദ്ധരാമയ്യയ്‌ക്ക് പ്രയോജനമായി ഭവിച്ചിരിക്കയാണ്. ശിവകുമാർ നിരാശനാകുമെങ്കിലും തത്കാലം നിശബ്ദത പാലിക്കാനാണ് സാധ്യത.
Photo Courtesy - Google










