
പിറവം പള്ളി വികാരിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
കോട്ടയം : സമാധാനപരമായി ആരാധന നടക്കുന്ന പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് യാക്കോബായ വിഭാഗം പിൻമാറണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു. മലങ്കരസഭയുടെ പിറവം വലിയ പള്ളിയിൽ വികാരി റവ.ഫാ.ഏലിയാസ് ചെറുകാട്ടിനെ കൈയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. പ്രാർത്ഥനാറാലി എന്ന് പേരിൽ സംഘടിപ്പിച്ച റാലി അതിക്രമറാലിയായി മാറിയ കാഴ്ച്ചയാണ് പിറവത്ത് കണ്ടത്. 2017-ലെ സുപ്രീം കോടതി വിധിപ്രകാരം മാതൃസഭയുടെ ഭാഗമായ ദൈവാലയമാണ് പിറവം വലിയ പള്ളി. വിധി നടപ്പായ പള്ളി കൈയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. റവ.ഫാ.ഏലിയാസ് ചെറുകാട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. വികാരിയെ മർദിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മലങ്കരസഭ സർക്കാരിനോട് ആവശ്യപ്പെടുന്നു. സമാധാനചർച്ചകൾ ആവശ്യമെന്ന് പറയുകയും മറുവശത്ത് അക്രമം അഴിച്ചുവിട്ട് നിയമലംഘനം നടത്തുകയും ചെയ്യുന്നത് ശാശ്വതസമാധാനത്തിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം.
Photo Courtesy - Google







