
അമേരിക്ക - ഇറാൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് സമാധാന ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്. എന്നാൽ തങ്ങൾ മുന്നോട്ട് വെച്ച ചില പ്രധാന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകൂവെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് ലഭിക്കണം, രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടൽ പാടില്ല എന്നീ മൂന്ന് ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.
തങ്ങളുടെ ഉപാധികൾ അംഗീകരിക്കപ്പെട്ടാൽ മാത്രമേ സമാധാനത്തിലേക്ക് നീങ്ങാനാകൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ പറഞ്ഞു. റഷ്യയുടെയും പാകിസ്ഥാന്റെയും ഭരണകൂടങ്ങളുമായി താൻ സംസാരിച്ചുവെന്നും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. യുദ്ധത്തിൽ അമേരിക്ക വിജയിച്ചുവെന്നും ദൗത്യം പൂർത്തിയാക്കാൻ അമേരിക്കൻ സൈന്യം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച ആദ്യ മണിക്കൂറുകളിലേ അമേരിക്ക മേൽക്കൈ നേടിയെന്നും ഇറാനെ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഇതിനിടെ ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇറാൻ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. വാണിജ്യ കപ്പലുകളിൽ പലതും കടത്തിവിടാത്തതിനെ തുടർന്ന് ആഗോള എണ്ണവിതരണം ബാധിക്കുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്തു. കടലിടുക്കിൽ കുഴിബോംബുകളും കപ്പൽവേധ മിസൈലുകളും വിന്യസിച്ച് ഇറാൻ ശക്തമായ സാന്നിധ്യം തുടരുന്നതായാണ് റിപ്പോർട്ടുകൾ. തുടർച്ചയായ ആക്രമണങ്ങൾ കാരണം ഇസ്രയേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും വലിയ സമ്മർദ്ദമുണ്ടായതായി സൂചനകളുണ്ട്.
ഈ സാഹചര്യത്തിൽ ഒമാൻ സുൽത്താൻ ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് നിർദേശിച്ചു. ലോക സമാധാനത്തിന് യുദ്ധമല്ല, സംഭാഷണങ്ങളാണ് ആവശ്യമെന്നും ഒമാൻ ഇറാനോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകളുണ്ട്.











