
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ കവർച്ചാ കേസുകളിലൊന്നായ പ്രതിയെ അതിവേഗം കണ്ടെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കണ്ണൂർ പോലീസിലെ പ്രത്യേക അന്വേഷണസംഘം. വളപട്ടണം മന്നയിലെ അരിമൊത്ത വ്യാപാരി കെ.പി. അഷ്‌റഫിന്റെ വീട്ടിൽ നിന്നും കവർന്ന 1.21 കോടി രൂപയും, 267 പവനും കണ്ടെടുക്കുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. അഷ്‌റഫിന്റെ അയൽവാസിയും വെൽഡിംഗ് തൊഴിലാളിയുമായ സി.പി. ലിജേഷാണ് അറസ്റ്റിലായത്. കൂടാതെ, ഒന്നരവർഷം മുമ്പ് കീച്ചേരിയിൽ നടന്ന കവർച്ചാക്കേസിലെ പ്രതിയും ലിജേഷ് തന്നെയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രവാസജീവിതത്തിന് ശേഷം, നാട്ടിൽ തിരിച്ചെത്തി വെൽഡിംഗ് ജോലികൾ ചെയ്തുവരുന്ന ലിജേഷും കുടുംബവും സാമ്പത്തികമായി ഉയർന്ന നിലയിലാണുള്ളത്. നാട്ടിൽ മാന്യനായ ഇയാളെ കവർച്ചാകേസിൽ പിടികൂടിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഈവിധത്തിൽ ഒരു പശ്ചാത്തലം ലിജേഷിനും വീട്ടുകാർക്കും അറിയുമായിരുന്നില്ല. തൊണ്ടി മുതൽ തേടി പോലീസ് വീട്ടിലെത്തിപ്പോഴാണ് അയൽപക്കത്തെ മോഷണം നടത്തിയത് ലിജേഷാണെന്ന് വീട്ടുകാർ പോലുമറിഞ്ഞത്.
കവർച്ചാമുതലും
രഹസ്യ അറയും
കഴിഞ്ഞ നവംബർ 20 ന് രാത്രിയാണ്, അഷ്‌റഫിന്റെ കുടുംബം തമിഴ്‌നാട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയി എന്ന് മനസ്സിലാക്കിയ ലിജേഷ് മതിൽചാടി അടുക്കളഭാഗത്ത് എത്തി, അതുവഴി വീട്ടിലേക്ക് കടന്നത്.
വെൽഡിംഗ് തൊഴിലാളിയായ ലിജേഷ് വളരെവേഗത്തിൽ ജന്നൽ അറുത്ത് മാറ്റി, വീടിന്റെ അകത്ത് കടന്ന് മോഷണശ്രമങ്ങൾ ആരംഭിച്ചു. ആദ്യം രണ്ട് മുറികളിൽ കയറി തെരച്ചിൽ നടത്തിയപ്പോൾ കിട്ടിയ താക്കോലുകളുമായി ലോക്കർ ഉള്ള മുറിയിൽ കയറി. ലഭിച്ച താക്കോലുകൾ കൊണ്ട് ലോക്കർ തുറക്കാൻ കഴിയാതെ വന്നപ്പോൾ, കൈവശമുള്ള ഉളി തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ലോക്കർ തകർത്തു. അവിടെ നിന്നുമെടുത്ത പണവും, ആഭരണങ്ങളും രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായി നിറച്ച്, തൊട്ടടുത്ത തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടുകാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷം, വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ചാക്കുകൾ എത്തിച്ചു. തുടർന്ന് ഇരുമ്പുകട്ടിലിന്റെ അടിഭാഗത്ത് നിർമ്മിച്ച രഹസ്യഅറയിലേക്ക് പണവും ആഭരണങ്ങളും മാറ്റി. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന ഈ മുറിയിലാണ് ലിജേഷ് കിടന്നുറങ്ങിയിരുന്നത്. തന്റെ കട്ടിലിൽ രഹസ്യ അറ നിർമ്മിച്ചതിനെക്കുറിച്ച് വീട്ടുകാർക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. മോഷണം നടത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മുഖാവരണവും കത്തിച്ച് കളയുകയും ചെയ്തു.
ചിലന്തിവലക്കുരുക്ക്
കവർച്ച പുറത്തറിഞ്ഞ് രണ്ടാം ദിവസം തന്നെ പോലീസ് സമീപത്തെ വീടുകളിൽ അന്വേഷണം നടത്തിയിരുന്നു. അങ്ങനെ ലിജേഷിന്റെ വീട്ടിലും അന്വേഷണസംഘമെത്തി. മുറിക്കുള്ളിൽ നിന്നും പുറത്ത് കടന്ന ലിജേഷ് പോലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. എന്നാൽ ലിജേഷിന്റെ തലമുടിയിൽ ചിലന്തിവല കുരുങ്ങിക്കിടക്കുന്നത് എസ്.ഐ പി. ഉണ്ണികൃഷ്ണന്റെ ശ്രദ്ധയിൽ പെട്ടു. കവർച്ചമുതൽ സൂക്ഷിക്കാനായി നിർമ്മിച്ച പ്രത്യേക അറയെ സംബന്ധിച്ച് അന്വേഷണമെത്താൻ പ്രധാനകാരണമായതും ഈ ചിലന്തിവല തന്നെയായിരുന്നു.
അഷ്‌റഫിന്റെ വീട്ടിൽ സി.സി. ടി.വി ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല. അതേസമയം മുറിക്കുള്ളിലെ ചില ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പതിയാതിരിക്കാനായി ഒരു ക്യാമറ ലിജേഷ് തിരിച്ചുവെച്ചിരുന്നു. പക്ഷേ അത് മുറിക്കുള്ളിലെ കാഴ്ചകൾ ലഭിക്കുന്ന വിധത്തിലായി മാറി. അത് മോഷ്ടാവിന് കുരുക്കായി മാറുകയും ചെയ്തു. വീടിനകത്ത് കയറിയത് കഷണ്ടിയുള്ള ആളാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത് അങ്ങനെയാണ്.
കവർച്ച നടന്ന വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ സി.സി. ടി.വി ദൃശ്യങ്ങൾ പോലിസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. അതിൽ നിന്നും അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു വ്യക്തിയോ, സാധനങ്ങളോ ദൂരേയ്ക്ക് പോയിട്ടില്ലെന്ന് പോലീസ് ഉറപ്പിച്ചു. വീടിനെക്കുറിച്ച് നല്ല അറിവുള്ളയാളാണ് കവർച്ച നടത്തിയതെന്ന് തുടക്കം മുതൽ തന്നെ അന്വേഷണോദ്യോഗസ്ഥർ സംശയിക്കുകയും ചെയ്തിരുന്നു.
കീച്ചേരിയിലും
സമാനകവർച്ച
അഷ്‌റഫിന്റെ വീട്ടിൽ നടന്നതുപോലെയുള്ള സമാനകവർച്ചകളെക്കുറിച്ച്, അന്വേഷണസംഘം രഹസ്യ ആരോപണങ്ങൾ ആരംഭിച്ചിരുന്നു. അങ്ങനെയാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ കീച്ചേരി- അഞ്ചാംപീടിക റോഡിൽ നടന്ന കവർച്ചയെക്കുറിച്ച് പോലീസ് വീണ്ടും അന്വേഷിച്ചത്. പരേതനായ പി.കെ. നിയാസിന്റെ വീടായിരുന്നു അത്. ഗൾഫിൽ കാർഗോബിസിനസ് നടത്തിയിരുന്ന നിയാസിന്റെ വീട്ടിൽ നിന്ന് 11 പവനും നാലരലക്ഷം രൂപയുമാണ് അന്ന് നഷ്ടമായത്. വീട്ടുടമ നിയാസ് ഹൃദയാഘാതത്താൽ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ഈ മോഷണം. ആ കവർച്ചയുടെ തൊണ്ടിമുതൽ കണ്ടെത്താനോ, പ്രതിയെ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ വിരലടയാളങ്ങൾ പോലീസിന്റെ കൈവശം ഉണ്ടായിരുന്നു.
കീച്ചേരിയിലേയും വളപട്ടണത്തിലേയും മോഷണങ്ങൾ തമ്മിൽ വലിയ സാമ്യം ഉണ്ടായിരുന്നു. കീച്ചേരിയിൽ, ജന്നൽ ഗ്രിൽ ഇളക്കിമാറ്റി. കിടപ്പുമുറിയിൽ കയറി, അലമാരയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ജീൻസും, ഷർട്ടും, മുഖംമൂടിയും ധരിച്ച മോഷ്ടാവ് പുലർച്ച 1.54 ആയപ്പോൾ, കമ്പിപ്പാരയും, ബാഗുമായി വീട്ടിൽ കടന്നതിന്റെ സി.സി. ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
കീച്ചേരിയിലെയും വളപട്ടണത്തിലേയും ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിന്റെ ദൃശ്യങ്ങളിൽ പോലീസ് സാദൃശ്യങ്ങൾ കണ്ടെത്തിയതും നിർണ്ണായകമായി. ഈ വീട്ടിലെ മേൽക്കൂരയിൽ ഷീറ്റ് ഇടുന്ന ജോലി ചെയ്തത് ലിജേഷ് ആയിരുന്നു. നിർമ്മാണപ്രവർത്തി ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ അയൽവാസികളിൽ നിന്നും അന്വേഷണസംഘത്തിന് ലഭിക്കുകയും ചെയ്തു.
ഇരുകവർച്ചയിലും ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ നിരീക്ഷണങ്ങൾ ആണ് കവർച്ച നടത്തിയ പ്രതിയിലേക്ക് അന്വേഷണം വളരെ വേഗത്തിൽ എത്താൻ അന്വേഷണസംഘത്തിന് സഹായകമായത്. ഈ വിരലടയാളങ്ങളും ലിജേഷിന്റേതുതന്നെയെന്ന് വ്യക്തമായതോടെ വിദഗ്ദ്ധമായി മോഷ്ടാവിനെ കുരുക്കാൻ പോലീസിന് കഴിയുകയും ചെയ്തു. ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ, വളപട്ടണം കവർച്ചയുടെ വിവരങ്ങൾ നിരന്തരം തെരഞ്ഞുകൊണ്ടിരുന്നതിന്റെ തെളിവുകൾ ലഭിക്കുകയും ചെയ്തു.
നേരത്തെ പോലീസ് സംഘം ലിജേഷിന്റെ വീട്ടിലെത്തിയപ്പോൾ, തലയിൽ പറ്റിപ്പിടിച്ച ചിലന്തിവലയെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി ലിജേഷ് നൽകിയില്ല. ലിജേഷിന്റെ മുറി പരിശോധിച്ച പോലീസ് കട്ടിലിനടിയിൽ ചിലന്തിവല കാണുകയുണ്ടായി. ആ അന്വേഷണമാണ് കട്ടിലിനടിയിലെ രഹസ്യ അറ കണ്ടെത്താനും, മോഷണവസ്തുക്കൾ കണ്ടെത്താൻ സഹായകമായതും.
അന്വേഷണമികവിന്റെ
കണ്ണൂർ സ്‌ക്വാഡ്
കേരളം ഉദ്വേഗപൂർവ്വം ഉറ്റുനോക്കിയിരുന്ന കവർച്ചയായിരുന്നു വളപട്ടണത്തിലേത്. കോടികൾ വിലവരുന്ന കവർച്ചമുതൽ കണ്ടെടുക്കാനോ, പ്രതികളെ പിടികൂടാനോ അത്രയെളുപ്പം കഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതുമില്ല. എന്നാൽ ശാസ്ത്രീയ നിഗമനങ്ങളിലൂടെ ഒരാഴ്ച കൊണ്ട് പ്രതിയെ കണ്ടെത്തുകയും, തൊണ്ടിമുതലുകൾ വീണ്ടെടുക്കുകയുമാണ് അന്വേഷണസംഘം ചെയ്തത്. പോലീസ് സംഘത്തിന്റെ ഈ അന്വേഷണ മികവ് അത്രമേൽ അഭിനന്ദനാർഹവുമാണ്. കണ്ണൂർ സിറ്റി എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മോഷ്ടാവിനെ പിടികൂടാനുള്ള അണിയറനീക്കങ്ങൾ പ്രാവർത്തികമാക്കിയത്.
സി.സി. ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യം മുതലെ അന്വേഷണം നടന്നത്. മോഷണം നടന്ന വീടിന്റെ സമീപസ്ഥപ്രദേശങ്ങളിലെ നൂറോളം സി.സി.ടി.വികൾ പോലീസ് സംഘം ആദ്യം തന്നെ പരിശോധിച്ചിരുന്നു. കുറുവാ സംഘമോ, മറ്റേതെങ്കിലും പ്രൊഫഷണൽ കവർച്ചാസംഘമോ ഇതിന് പിന്നിൽ ഉണ്ടോ എന്നറിയാൻ മംഗളുരു മുതൽ കോഴിക്കോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സി.സി. ടി.വികളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.
കവർച്ച നടത്തിയത് ഒരാൾ മാത്രമാണെന്ന് ബോധ്യമായതിനുശേഷം, 215 പേരെ ചോദ്യം ചെയ്യുകയും, 76 പേരുടെ വിരലടയാളങ്ങൾ ശേഖരിക്കുകയും ചെയ്തു. കണ്ണൂരിലും പരിസരങ്ങളിലുമെല്ലാമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ചും അവർ അന്വേഷണം നടത്തിയിരുന്നു. നവംബർ 30 ന് കവർച്ച നടന്ന വീടിന് തൊട്ടടുത്തുള്ളവരെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചിരുന്നു. അത് ലിജേഷ് ആണ് കുറ്റവാളി എന്ന് ഏതാണ്ട് ഉറപ്പിച്ചതിനുശേഷമായിരുന്നു. ലിജേഷിന്റെ വിരലടയാളം, കീച്ചേരി വീട്ടിലെ കവർച്ചാകേസിലെ പ്രതിയുമായി സാമ്യമുണ്ടെന്ന് തെളിഞ്ഞതോടെ, വളപട്ടണകേസിൽ ലിജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യക്തമായ തെളിവുകളോടെ പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. അത്ര കൃത്യമായി വിരലടയാള സാന്നിധ്യമടക്കം ഉറപ്പാക്കിയതോടെ, കീച്ചേരിയിലും വളപട്ടണത്തും കവർച്ച നടത്തിയത് താനാണെന്ന് ലിജേഷ് സമ്മതിക്കുകയായിരുന്നു.
കണ്ണൂർ എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിൽ, വളപട്ടണം സി.ഐ ടി.പി. സുമേഷ്, ചക്കരക്കൽ സി.ഐ എം.പി. ആസാദ്, കണ്ണൂർ സിറ്റി സി.ഐ സനിൽകുമാർ, മയ്യിൽ സി.ഐ സുരേഷ് ബാബു, കണ്ണപുരം എസ്.ഐ കെ. രാജീവൻ, ചക്കരക്കൽ എസ്.സി പി.ഒ എം. സ്‌നേഹേഷ്, കണ്ണൂർ ട്രാഫിക്ക് എസ്.സി.പി.ഒ സി. സജിത്ത്, വളപട്ടണം എസ്.ഐ എം. അജയൻ, കണ്ണൂർ സിറ്റി എ.എസ്.ഐ രഞ്ജിത്ത്, കണ്ണൂർ ടൗൺ സി.പി.ഒ സി. നാസർ, ഡി.എച്ച്.ഒ കണ്ണൂർ സിറ്റി എസ്.ഐ പി.കെ. ഷാജി, വളപട്ടണം എ.എസ്.ഐ ഷാജി, വളപട്ടണം സി.പി.ഒമാരായ കിരൺ, എൻ. അമൃത, കെ. മഹിത എന്നിവരടങ്ങിയ അന്വേഷണസംഘമാണ പോലീസ് സേനയ്ക്ക് തന്നെ അഭിമാനകരമായ വിധത്തിൽ, ഒരൊറ്റ ആഴ്ച കൊണ്ട് പ്രമാദമായ ഈ കവർച്ചാക്കേസിലെ പ്രതിയെ പിടികൂടിയത്. ആ വിധത്തിൽ, പലകുറി അന്വേഷണമികവ് പ്രകടിപ്പിച്ചിട്ടുള്ള 'കണ്ണൂർ സ്‌ക്വാഡ്' ഒരിക്കൽകൂടി വാർത്തകളിൽ നിറയുകയാണ്.











