മഞ്ഞുമ്മൽ :വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിൽ നിന്നും യാതൊരു ബദൽ സംവിധാനങ്ങളും ഇല്ലാതെ 2008 ൽ കുടിയിറക്കപ്പെട്ട 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭ്യമാക്കുവാൻ സ്വീകരിക്കുന്ന നിലവിലെ സർക്കാർ നടപടികൾ സ്വാഗതാർഹം ആണെങ്കിലും ജാഗ്രത തുടരണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ ( പിഎസി) ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രസ്താവിച്ചു. മഞ്ഞുമ്മൽ 3 എഫ് ഹാളിൽ ചേർന്ന കുടുംബങ്ങളുടെ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി കുടുംബങ്ങൾ ഉയർന്ന ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിച്ചാൽ പാക്കേജിന്റെ എല്ലാ അംശങ്ങളും തീർച്ചയായിട്ടും നേടിയെടുക്കാം എന്നും വ്യക്തമാക്കി. കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എലൂർ സമിതി കൺവീനർ വി.പി വിൽസൺ, സിലിയ അലക്സ്, പി ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, ജോർജ് അമ്പാട്ട്, ആൻറണി പി.എം, കെ എൻ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായി പിഎസി വിതരണം ചെയ്തിട്ടുള്ള ഫോർമ്മുകൾ സമയബന്ധിതമായി പൂരിപ്പിച്ചു നൽകുവാൻ യോഗം തീരുമാനിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങളെ ക്രോഡീകരിക്കുവാനും ശക്തിപ്പെടുത്തുവാനും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.










