09:23pm 10 August 2026
NEWS
മൂലംപള്ളി പാക്കേജ് നടപടികൾ ആരംഭിച്ചത് സ്വാഗതാർഹം . ജാഗ്രത തുടരും. കോർഡിനേഷൻ കമ്മിറ്റി
10/08/2026  08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂലംപള്ളി പാക്കേജ്  നടപടികൾ ആരംഭിച്ചത് സ്വാഗതാർഹം . ജാഗ്രത തുടരും.  കോർഡിനേഷൻ കമ്മിറ്റി

മഞ്ഞുമ്മൽ :വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി ഏലൂർ,  കടുങ്ങല്ലൂർ വില്ലേജുകളിൽ നിന്നും യാതൊരു ബദൽ സംവിധാനങ്ങളും ഇല്ലാതെ 2008 ൽ കുടിയിറക്കപ്പെട്ട 54  കുടുംബങ്ങൾക്ക്  മൂലംപള്ളി പുനരധിവാസ പാക്കേജ് പ്രകാരം  ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭ്യമാക്കുവാൻ  സ്വീകരിക്കുന്ന നിലവിലെ സർക്കാർ നടപടികൾ സ്വാഗതാർഹം ആണെങ്കിലും ജാഗ്രത തുടരണമെന്ന് വരാപ്പുഴ അതിരൂപത  രാഷ്ട്രീയകാര്യ സമിതിയുടെ ( പിഎസി) ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രസ്താവിച്ചു. മഞ്ഞുമ്മൽ 3 എഫ് ഹാളിൽ ചേർന്ന കുടുംബങ്ങളുടെ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി കുടുംബങ്ങൾ ഉയർന്ന ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിച്ചാൽ പാക്കേജിന്റെ എല്ലാ അംശങ്ങളും തീർച്ചയായിട്ടും നേടിയെടുക്കാം എന്നും  വ്യക്തമാക്കി. കോർഡിനേഷൻ കമ്മിറ്റിയുടെ  ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എലൂർ സമിതി കൺവീനർ വി.പി വിൽസൺ, സിലിയ അലക്സ്, പി ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, ജോർജ് അമ്പാട്ട്, ആൻറണി പി.എം, കെ എൻ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.  വിവര ശേഖരണത്തിന്റെ ഭാഗമായി  പിഎസി വിതരണം ചെയ്തിട്ടുള്ള ഫോർമ്മുകൾ സമയബന്ധിതമായി പൂരിപ്പിച്ചു നൽകുവാൻ യോഗം തീരുമാനിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങളെ ക്രോഡീകരിക്കുവാനും ശക്തിപ്പെടുത്തുവാനും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img