
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്. ഖമനയിയുടെ കുടുംബത്തിന്റെയും ഇറാൻ ജനതയുടെയും ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ഖമനയിക്കെതിരെ നടത്തിയ ആക്രമണത്തെ ഖാർഗെ അപലപിച്ചു.
പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ഭരണകൂടമാറ്റത്തിന് വഴിയൊരുക്കാനുമുള്ള ഏകപക്ഷീയ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഖർഗെ വിമർശിച്ചു. ഇന്ത്യൻ ഭരണഘടനയിലെ 51-ാം അനുച്ഛേദം മുന്നോട്ട് വയ്ക്കുന്ന പോലെ, സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുമാത്രമേ തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം തേടാവൂവെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിനും ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ നയത്തിനും വിരുദ്ധമാണ് പശ്ചിമേഷ്യയിൽ ഉയരുന്ന സംഘർഷങ്ങളെന്നും ഖർഗെ കൂട്ടിച്ചേർത്തു.
അതേസമയം, ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഒരു പരമാധികാര രാജ്യത്തിന്റെ നേതാവിനെ ലക്ഷ്യമിടുന്നതും നിരപരാധികൾ കൊല്ലപ്പെടുന്നതും എന്ത് ന്യായീകരണങ്ങൾ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇറാൻ വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ മൗനം ലജ്ജാകരവും ഭീരുത്വപരവുമാണെന്നും, ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ നിന്ന് പിന്മാറുന്നതിന്റെ സൂചനയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അമേരിക്കയെയും ഇസ്രയേലിനെയും വിമർശിക്കാൻ നരേന്ദ്ര മോദി സർക്കാർ മടിക്കുന്നുവെന്ന വിമർശനവും അവർ ഉന്നയിച്ചു.











