
വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്നത് തന്നെയാണ്. ഇന്ത്യൻ പെൺകരുത്തിന്റെ പ്രകടനവും പ്രഖ്യാപനവും തന്നെയായിരുന്നു ആ വിജയം. നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ഇന്ത്യ വനിതാ ടീം ലോകകപ്പ് കിരീടം ഉയർത്തിയ നിമിഷം പുതു ചരിത്രം പിറന്നെങ്കിലും അതിനിടയിലും ചില കല്ലുകടികളുണ്ടായി എന്നത് ദൗർഭാഗ്യകരമാണ്. വിശ്വവിജയിയായി നിന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി ചെയർമാൻ ജയ്‍ഷായുടെ കാലിൽ തൊട്ടു വന്ദിക്കാൻ ശ്രമിച്ച സംഭവമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.
മുതിർന്നവരോള്ള ബഹുമാനം നമ്മുടെ സാംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാൽ ബഹുമാനം സ്വാഭിമാനത്തെ നഷ്ടപ്പെടുത്തുന്ന വിധത്തിലാകരുത്. അതും രാജ്യത്തെ പ്രതിനിധീകരിച്ച് ലോക വേദിയിൽ നിൽക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും അത്തരമൊരു പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു. വനിതാ ക്രിക്കറ്റിന്റെ ശക്തിയും തുല്യതയും പ്രതിനിധീകരിക്കുന്ന ക്യാപ്റ്റനിൽ നിന്ന് ഇത്തരമൊരു ദൃശ്യത്തിന് പകരം ആത്മവിശ്വാസവും സ്വാതന്ത്ര്യവുമാണ് പ്രതീക്ഷിക്കേണ്ടത്.
ഹർമൻപ്രീതിന്റെ നടപടി കേവലമൊരു സ്ത്രീയുടെ വൈകാരിക പ്രകടനമായി വിലയിരുത്താനാകില്ല. കാരണം, ലോകകിരീടം സ്വന്തമാക്കിയ ടീമിന്റെ നേതാവായിരുന്നു ആ യുവതി. ആ പദവിയ്ക്ക് യോജിച്ചതായ പെരുമാറ്റം ആയിരുന്നില്ല അവരിൽ നിന്നും ഉണ്ടായതെന്ന വിമർശനം വ്യാപകമാകുകയാണ്.
തന്റെ കാൽതൊട്ട് വന്ദിക്കാനുള്ള ഹർമൻപ്രീതിന്റെ ശ്രമത്തെ ജയ്‍ഷാ തന്നെ തടഞ്ഞിരുന്നു. തുടർന്ന് ട്രോഫി നേരിട്ട് കൈമാറുകയും ചെയ്തു. വനിതാ താരങ്ങൾക്കും പുരുഷന്മാർക്കും തുല്യമായ മാച്ച് ഫീസ് ഉറപ്പുവരുത്തി വനിതാ ക്രിക്കറ്റിന് തുല്യതയുടെ കാലം സമ്മാനിച്ച വ്യക്തിയാണ് ജയ്ഷാ. അതേ തുല്യതയുടെ ആത്മാവാണ് ആ വേദിയിൽ മങ്ങിയതെന്നത് വിരോധാഭാസമായിരുന്നു.
പഞ്ചാബി ചുവടുകളോടെ ഹർമൻപ്രീത് പോഡിയത്തിലേക്ക് എത്തിയതും, ആ ആവേശപൂർണമായ ആനന്ദ നിമിഷങ്ങളും കാണുമ്പോൾ ഒരു അഭിമാനനിമിഷമായിരുന്നു അത്. പക്ഷേ അതിനു പിന്നാലെ സംഭവിച്ചത് ആ ചിത്രത്തിന് ഒരു അസ്വസ്ഥത നിറച്ചു. ലോകത്തിനുമുന്നിൽ ഇന്ത്യൻ വനിതാ താരങ്ങൾ നിൽക്കേണ്ടത് തല ഉയർത്തിയാണ്, ആരുടെയും മുന്നിൽ കുനിയേണ്ടവരല്ല ഇന്ത്യൻ വനിതകൾ എന്ന സന്ദേശമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ തന്റെ പ്രവർത്തിയിലൂടെ നൽകേണ്ടിയിരുന്നത്.











