
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ടവർക്ക് മാനഭംഗവും അപകടവും ജയിൽവാസവും നേരിടേണ്ടിവരുമെന്ന പ്രവചനം വർഷങ്ങൾക്കുമുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. 2014 ജൂൺ 18ന് ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അതീവ ജാഗ്രത പുലർത്തണമെന്നും ദേവപ്രശ്നത്തിൽ നിർദേശമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച രേഖകകൾ മലയാളത്തിലെ പ്രമുഖ വാർത്താചാനലാണ് പുറത്തുവിട്ടത്.
ഇതിനിടെ, ശബരിമലയിലെ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പുതിയ വിവരങ്ങളും പുറത്തുവന്നു. യുഡിഎഫ് ഭരണകാലത്ത് എം.പി. ഗോവിന്ദൻ നായർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡാണ് പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത്. പിന്നീട് പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്. കൊടിമരം മാറ്റിയത് ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
പഴയ കോൺക്രീറ്റ് കൊടിമരത്തിൽ അനധികൃതമായി പെയിന്റടിച്ചതും ജീർണാവസ്ഥയിലായതുമാണ് മാറ്റത്തിന് കാരണമായത്. കൊടിമരത്തിന്റെ മുകളിൽ നടത്തിയ ലേപനപ്രക്രിയ ദോഷകരമാണെന്നും ജീർണതയുടെ ലക്ഷണങ്ങൾ പ്രകടമാണെന്നും ദേവപ്രശ്ന ചാർത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കോൺക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 2014 ജൂൺ 18നുള്ള ദേവപ്രശ്നം. ആ സമയത്ത് എം.പി. ഗോവിന്ദൻ നായർ പ്രസിഡന്റായിരുന്ന ബോർഡാണ് ഭരണചുമതല വഹിച്ചിരുന്നത്. ഇതോടെ, കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് പിന്നിൽ പ്രയാർ ഗോപാലകൃഷ്ണന്റെ സമിതിയേ മാത്രമാണെന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുകയാണ്. അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവറെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി നേരത്തെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞുവെന്ന കാരണത്താൽ മുരാരി ബാബു സമർപ്പിച്ച ജാമ്യഹർജികളും കോടതിയുടെ പരിഗണനയിലാണ്. ഇരുകേസുകളിലും ജാമ്യം ലഭിച്ചാൽ മുരാരി ബാബു ജയിൽ മോചിതനാകും. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാകും.
ഇതിനിടയിൽ, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു നൽകിയ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാമ്യം നിഷേധിക്കുമ്പോൾ കോടതി കടുത്ത പരാമർശങ്ങൾ നടത്തി. “സ്വയം വിശ്വാസിയെന്ന് അവകാശപ്പെടുന്ന നിങ്ങൾ ദൈവത്തെ കൊള്ളയടിക്കുകയാണോ?” എന്നായിരുന്നു കോടതിയുടെ ചോദ്യം. ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ വീണ്ടും സ്വർണം പൂശേണ്ടതിന്റെ ആവശ്യകതയിലും ബെഞ്ച് സംശയം പ്രകടിപ്പിച്ചു.
വാസുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാജി പി. ചാലി, കഴിഞ്ഞ 77 ദിവസമായി വാസു ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും 75 വയസ്സിലധികം പ്രായമുണ്ടെന്നും കോടതിയെ അറിയിച്ചു. വാസു ദേവസ്വം കമ്മിഷണറായിരുന്നുവെന്നും തിരുവാഭരണം കമ്മിഷണറല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി, സ്വർണം പൂശൽ നടപടികളുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അഡ്വ. ആൻ മാത്യുവും വാസുവിന് വേണ്ടി ഹാജരായി.
എന്നാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, കീഴ്കോടതികളെ സമീപിക്കാനുള്ള അവകാശം നിലനിൽക്കുന്നതായി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശി കോടതിയിൽ ഹാജരായി.










