03:33pm 26 May 2026
NEWS
കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ അപക്വതയും കേരളത്തിന് ബാധ്യതയാകുന്ന ഇന്ദിരാ ഗ്യാരണ്ടിയും
26/05/2026  10:24 AM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ അപക്വതയും കേരളത്തിന് ബാധ്യതയാകുന്ന ഇന്ദിരാ ഗ്യാരണ്ടിയും
HIGHLIGHTS

രാഹുൽ ഗാന്ധിയുടെ സൗജന്യ പ്രഖ്യാപനം അധികപ്പറ്റായോ? 

ഏറെക്കാലം നമ്മുടെ രാജ്യം ഭരിച്ച, ഇപ്പോൾ കേരളം ഉൾപ്പെടെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉന്നതാധികാര സമിതിയാണ് ഹൈക്കമാണ്ട്. മുമ്പൊക്കെ കോൺഗ്രസ്സ് ഹൈക്കമാണ്ടിന് അതിന്റെതായ വിലയും ബൗദ്ധിക നിലവാരവും ഉണ്ടായിരുന്നു. നെഹ്റു കുടുംബമാണ് ശരിയ്ക്കും പറഞ്ഞാൽ കോൺഗ്രസ്സിന്റെ ഹൈക്കമാണ്ട്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഒരു പരിധിവരെ സോണിയ ഗാന്ധിയും അതിന്റെ ഔന്നത്യം നിലനിർത്തിയിരുന്നു. സോണിയയ്ക്ക് പ്രായമായി. ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് അവർ പാർട്ടി പ്രശ്‌നങ്ങളിൽ നിന്ന് കഴിയുന്നത്ര മാറിനിൽക്കുന്നത്. സോണിയയുടെ മകനും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണ് നിലവിൽ ഹൈക്കമാണ്ട്. സഹായിയായി വയനാട് എംപിയായ സഹോദരി പ്രിയങ്ക ഗാന്ധിയും കൂടെയുണ്ട്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമൊക്കെ ഹൈക്കമാണ്ടിന്റെ ഭാഗമാണെങ്കിലും അവരൊക്കെ രാഹുലിന്റെ വിശ്വസ്ത സഹായികൾ മാത്രം. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് രാഹുൽ ഗാന്ധിയാണ്. അതിനാൽ രാഹുൽഗാന്ധിയാണ് കോൺഗ്രസ്സിന്റെ ഹൈക്കമാണ്ട് എന്ന് നിസ്സംശയം പറയാം. 

കേന്ദ്രത്തിൽ അധികാരമില്ലെങ്കിലും ദേശീയ തലത്തിൽ പ്രധാന പ്രതിപക്ഷമാണ് കോൺഗ്രസ്സ്. തീരുമാനങ്ങൾ എടുക്കുന്നതിൽ രാഹുൽഗാന്ധി ഒരു പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തനം സൂക്ഷ്മായി നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ്സ് ദുർബലമായിക്കൊണ്ടിരിക്കുന്നു. ആ പാർട്ടി നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ശിഥിലമായിരിക്കുകയാണ്. ദേശീയതലത്തിൽ തടിച്ചുവീർക്കുന്ന ബിജെപിയെ പരാജയപ്പെടുത്തി അടുത്ത കാലത്തൊന്നും കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ കഴിയുമെന്ന് തോന്നുന്നില്ല. അടിസ്ഥാനപരമായി രാജ്യത്ത് രാഷ്ട്രീയ മാറ്റമുണ്ടാകാതെ കോൺഗ്രസ്സിന്റെ നില മെച്ചപ്പെടുക പ്രയാസമാണ്. 

കെ സിയുടെ പിൻവാതിൽ മോഹം 

രാഹുൽ ഗാന്ധിയ്ക്ക് കെ സി വേണുഗോപാലുമായി വളരെ അടുത്ത സൗഹൃദമുണ്ട്. 2019 മുതൽ വേണുഗോപാൽ എ ഐ സിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. അതിന് മുമ്പ് കേന്ദ്രമന്ത്രിയും, പിന്നീട് കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായിരുന്നു. രാഹുലും വേണുഗോപാലും തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രിയുണ്ട്. രാഹുൽ ഗാന്ധി വിശ്വാസത്തിൽ എടുത്തിട്ടുള്ള കോൺഗ്രസ്സ് നേതാക്കളിൽ ഒന്നാമൻ വേണുഗോപാൽ ആണെന്ന് പറയാം. രാഹുലിന്റെ പല തീരുമാനങ്ങൾക്ക് പിന്നിലും വേണുഗോപാലിന്റെ സ്വാധീനമുണ്ടെന്ന് കരുതേണ്ടി വരും.

ഒരു ഘട്ടത്തിൽ, കേരളത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം വേണുഗോപാൽ പങ്കുവെച്ചപ്പോൾ രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചിരിക്കാം. വേണുഗോപാൽ ആ മോഹവുമായി മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ പിന്നീടുള്ള നീക്കങ്ങളെല്ലാം ആ മോഹം ഉള്ളിൽ വെച്ചുകൊണ്ടായിരുന്നോ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ സംശയിക്കാവുന്നതാണ്. അനുയായികൾക്കും പുതുമുഖങ്ങൾക്കും നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കുമ്പോഴും, തെരഞ്ഞെടുപ്പ് ഫണ്ട് അനുവദിക്കുമ്പോഴും പ്രത്യുപകാരം ചെയ്യണമെന്ന സൂചന അദ്ദേഹം പരോക്ഷമായും ചിലരോട് പ്രത്യക്ഷമായി തന്നെയും പ്രകടിപ്പിച്ചിരുന്നതായി പിന്നീട് വാർത്തകൾ വന്നിരുന്നു. പക്ഷെ ഔപചാരികമായി വേണുഗോപാൽ ഹൈക്കമാണ്ടിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നില്ല. അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഏതാനും എം പി മാർ നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. യു ഡി എഫ് ഇത്തവണ അധികാരത്തിൽ എത്തുമെന്ന് അവർക്ക് അറിയാമായിരുന്നു.  

കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ കെ.സുധാകരൻ അതിന്റെ പേരിൽ ഹൈക്കമാണ്ടിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ആ സാഹചര്യത്തിലാണ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന് ഹൈക്കമാണ്ട് ഉറച്ച തീരുമാനമെടുത്തത്. ആ നിമിഷം തന്നെ മുഖ്യമന്ത്രിമോഹം ഉപേക്ഷിക്കാൻ എം പിയായ വേണുഗോപാലിനോട് രാഹുൽ ഗാന്ധി പറയണമായിരുന്നു. ആത്മസൗഹൃദത്തിന്റെ പേരിൽ അത് സാധ്യമായില്ലെങ്കിൽ വേണുഗോപാൽ ഹൈക്കമാണ്ടിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളോടെങ്കിലും രാഹുൽ സൂചിപ്പിക്കണമായിരുന്നു. അതൊന്നുമുണ്ടായില്ല. ഹൈക്കമാണ്ടായ രാഹുൽ ഗാന്ധിയുടെ നിസ്സഹായതയും ദൗർബ്ബല്യവും അവിടെ ആരംഭിക്കുന്നു. ഭൂരിപക്ഷം എം എൽഎമാരുടെ പിന്തുണയും ഹൈക്കമാണ്ടിന്റെ സമ്മതവുമുണ്ടെങ്കിൽ മുഖ്യമന്ത്രിയാകാം എന്നത് പഴയ തലമുറയിലെ കോൺഗ്രസ്സ് നേതാക്കൾ കൊണ്ടുനടക്കുന്ന തിയറിയാണ്. അതാണ് വേണുഗോപാലിനെയും സ്വാധീനിച്ചതെന്ന് തോന്നുന്നു. ഭൂരിപക്ഷം കോൺഗ്രസ്സ് എം എൽ എമാരുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കിയിരുന്നു. ഹൈക്കമാണ്ടായ രാഹുൽഗാന്ധി അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടല്ലോ.എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയും രാഹുൽഗാന്ധിയെ കൂടെ നിർത്തിയും ഒരു സർപ്രൈസ് പിൻവാതിൽ പ്രവേശമാണ് വേണുഗോപാൽ ആസൂത്രണം ചെയ്തത്. 

മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള കോൺഗ്രസ്സ് നേതാവാണ് വേണുഗോപാൽ. പഴയ തിയറി പ്രകാരം പരിശോധിച്ചാൽ അദ്ദേഹത്തിന് വളരെ എളുപ്പത്തിൽ മുഖ്യമന്ത്രിയാകാമായിരുന്നു.എന്നാൽ കാലവും രീതികളും മാറിയത് അദ്ദേഹം മനസ്സിലാക്കിയില്ല. പിൻവാതിൽ പ്രവേശനത്തിന് രഹസ്യമായി ശ്രമിച്ചത് വിനയാവുകയും ചെയ്തു. പ്രതിപക്ഷനേതാവായ വി ഡി സതീശൻ കേരളത്തിൽ ഒരു പുത്തൻ പ്രവർത്തന ശൈലി രൂപപ്പെടുത്തിയതും അതിന് നേരിട്ടും സോഷ്യൽ മീഡിയ വഴിയും വൻ ജനപിന്തുണ ലഭിച്ചതും ഉൾക്കൊള്ളാൻ വേണുഗോപാലിന് കഴിഞ്ഞിരുന്നില്ല. കേരളത്തിലെ ജനഹിതം വി ഡി സതീശന് അനുകൂലമാണെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കിയത് വൈകിയാണ്. എ കെ ആന്റണി, വി എം സുധീരൻ, കെ മുരളീധരൻ എന്നിവർ അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് രാഹുൽ ഗാന്ധി ആശയക്കുഴപ്പത്തിലായത്. ഹൈക്കമാണ്ട് പ്രതിസന്ധിയിലായതും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ വൈകിയതും രാഹുൽ ഗാന്ധിയുടെ നിസ്സഹായാവസ്ഥ മൂലമായിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ വളരെ പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവാണ് ഹൈക്കമാണ്ട് പ്രകടമാക്കേണ്ടത്. വൈകിപ്പോയ തീരുമാനം ഹൈക്കമാണ്ടിനെ മാത്രമല്ല, അതിന്റെ ഭാഗമായി നിന്ന് മുഖ്യമന്ത്രിപദവിയിലേക്ക് പിൻവാതിൽ പ്രവേശനത്തിന് ശ്രമിച്ച വേണുഗോപാലിനെയുമാണ് കുഴപ്പത്തിലാക്കിയത്. 'എന്നെ പിച്ചിച്ചീന്തിയത് മതിയായില്ലേ' എന്ന് വേണുഗോപാലിന് അരിശത്തോടും വേദനയോടും മാധ്യമങ്ങളോട് ചോദിക്കേണ്ടിവന്നത് അതുകൊണ്ടാണ്. ഹൈക്കമാണ്ടിന്റെ പാളിച്ചയാണ് വേണുഗോപാൽ വിഷയത്തിൽ പ്രതിഫലിച്ചത്. 

ഇന്ദിരാ ഗ്യാരന്റി കുരുക്കായോ? 

കേരളത്തിൽ ഇത്തവണ യു ഡി എഫ് ഭരണത്തിലെത്തുമെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാമായിരുന്നു. എത്ര സീറ്റ് കിട്ടും എന്നതിലേ സംശയമുണ്ടായിരുന്നുള്ളൂ. ഭരണവിരുദ്ധ വികാരം അത്രയേറെ ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം കൊടുത്ത ടീം യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. പൊതുസമൂഹത്തിന്റെ പിന്തുണ വി ഡി സതീശനായിരുന്നു. ആത്മാർത്ഥവും മനുഷ്യത്വപരവുമായ പ്രവർത്തനത്തിലൂടെ നേരിട്ടും സോഷ്യൽ മീഡിയ മുഖേനയുമാണ് സതീശൻ ജനപിന്തുണയാർജ്ജിച്ചെടുത്തത്. യു ഡി എഫിന് ഭരണം കിട്ടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപിക്കാൻ പാടില്ലായിരുന്നു. കാരണം സാമ്പത്തികമായി തകർന്നുകിടക്കുന്ന സംസ്ഥാനമാണ് കേരളം. വർധിച്ച കടബാധ്യതയും കിഫ്ബി പോലുള്ള കുരുക്കുകളും ഇടതുമുന്നണിയുടെ ആഡംബര ഭരണശൈലിയും സംസ്ഥാനത്തെ തള്ളിവിട്ടിരിക്കുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. സാമ്പത്തിക സാഹചര്യം എത്രത്തോളം ഞെട്ടിക്കുന്നതാണെന്ന് പുതിയ ഗവണ്മെന്റ് ധവളപത്രം ഇറക്കുമ്പോഴേ അറിയാനൊക്കൂ. നില അല്പമെങ്കിലും മെച്ചപ്പെടുത്തണമെങ്കിൽ നാനാ മേഖലയിലും ചെലവ് ചുരുക്കൽ നിർബന്ധമാക്കേണ്ടിവരും. വരുമാനം വർധിപ്പിക്കാൻ പുത്തൻ വഴികൾ ആരായേണ്ടതുണ്ട്. ശൈലീമാറ്റത്തിലൂടെ മുഖ്യമന്ത്രി സതീശൻ വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുമെന്ന് ഉറപ്പാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പുതിയ ഗവണ്മെന്റിന് മേൽ സൗജന്യ പദ്ധതികളുടെ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ ഹൈക്കമാണ്ടിന് കഴിയേണ്ടതായിരുന്നു. 

ഇന്ദിരാ ഗ്യാരണ്ടികൾ പ്രഖ്യാപിച്ചതോടെ അക്കാര്യത്തിലും ഹൈക്കമാണ്ട് അപക്വതയാണ് പ്രകടമാക്കിയത്. കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, വയോജന വകുപ്പ്, ഉമ്മൻചാണ്ടി ആരോഗ്യ പരിരക്ഷാ പദ്ധതി(25 ലക്ഷം രൂപവരെ),  യുവാക്കൾക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ എന്നിവയാണ് ഇന്ദിരാ ഗ്യാരണ്ടിയിൽ ഉൾപ്പെടുന്നത്. കോൺഗ്രസ്സ് ഹൈക്കമാണ്ട് പ്രഖ്യാപിച്ച ഈ സൗജന്യ പദ്ധതി സതീശൻ ഗവണ്മെന്റിന് ബാധ്യതയായി മാറുകയാണ്. മറ്റു ക്ഷേമ- വികസന പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇന്ദിരാ ഗ്യാരണ്ടികൾ രണ്ടെണ്ണം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ആദ്യ പത്രസമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. 

കർണാടകത്തിലെ സൗജന്യ പ്രശ്‌നങ്ങൾ 

2023 ലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കർണാടകത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കർണാടകത്തിൽ പഞ്ച സൗജന്യ പദ്ധതി പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്നും അധികാരം പിടിച്ചെടുക്കാൻ അത്തരം സൗജന്യ പദ്ധതിയുടെ പ്രഖ്യാപനം ആവശ്യമായിരുന്നു. ശക്തി (സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര), ഗൃഹജ്യോതി (മാസം 200 യുണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യം), ഗൃഹലക്ഷ്മി (ഗൃഹനാഥകൾക്ക് മാസം രണ്ടായിരം രൂപ പോക്കറ്റ് മണി), അന്നഭാഗ്യ(പാവപ്പെട്ട കുടുംബങ്ങൾക്ക് 10 കിലോ അരി സൗജന്യം), യുവനിധി (തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമകാർക്ക് 1500 രൂപയും മാസവേതനം) എന്നിവയാണ്
പഞ്ചസൗജന്യ പദ്ധതികൾ. മൂന്നാം വർഷത്തിലെത്തിയ സിദ്ധരാമയ്യ ഗവണ്മെന്റ് കടമെടുത്തും വികസന പദ്ധതികൾ നിർത്തിവെച്ചും സൗജന്യങ്ങൾ തുടരുന്നുണ്ട്. 

ഗുണഭോക്താക്കളുടെ   പട്ടിക ശുദ്ധീകരിച്ചും ചിലത് ഇടയ്ക്ക് നിർത്തിയുമാണ് കർണാടകം സൗജന്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ത്രീജനങ്ങളുടെ സമ്പാദ്യം വർധിപ്പിക്കാനും സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം ഉയർത്താനും സൗജന്യ പദ്ധതികൾ ഉതകിയിട്ടുണ്ട് എന്നത് ശരിയാണ്. കൂട്ടായുള്ള സ്ത്രീകളുടെ ബസ്‌യാത്ര പതിന്മടങ് വർധിച്ചിട്ടുണ്ട്. എന്നാൽ അതിനായി ഗവണ്മെന്റ് ചുമക്കുന്ന സാമ്പത്തിക ഭാരം വളരെ വലുതാണ്. 2024-25 ൽ സൗജന്യങ്ങൾ നൽകുന്നതിനായി കർണാടകം 52250 കോടി രൂപ ചെലവിട്ടിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. വികസനപദ്ധതികൾ പലതും നിലച്ചുപോയിട്ടുണ്ടെന്നും കട ബാധ്യത വർധിച്ചിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൗജന്യങ്ങൾ നൽകുന്നത് പടിപടിയായി നിർത്തണമെന്നാണ് സിഎജി ശുപാർശ ചെയ്തത്. വരുമാന മാർഗങ്ങൾ പലതുള്ള സംസ്ഥാനമാണ് കർണാടകം. 

ഇക്കഴിഞ്ഞ മെയ് 19നാണ് സിദ്ധരാമയ്യ ഗവൺമെന്റ് ഭരണത്തിൽ മൂന്നു വർഷം പൂർത്തിയാക്കിയത്. ഇതിനകം സൗജന്യ ഗ്യാരണ്ടികൾ ഉൾപ്പെടെ 1.40 ലക്ഷം കോടിയുടെ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ പ്രഖ്യാപിച്ചു. എന്നാൽ അതിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയതെങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വർഷം മൂന്നായിട്ടും സൗജന്യങ്ങൾ നിറവേറ്റാനായി പ്രത്യേക വരുമാനമാർഗ്ഗം കണ്ടെത്താൻ കർണാടക ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല എന്നതാണ് കേരളം അടിയന്തരമായി കണക്കിലെടുക്കേണ്ട യാഥാർഥ്യം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img