08:41am 08 November 2026
NEWS
ദേവീ വിഗ്രഹത്തിൽ നനവ് കാണാഞ്ഞത് ഭരണാനുകൂല സംഘടനയുടെ പക കാരണമോ?
12/04/2025  01:44 PM IST
nila
ദേവീ വിഗ്രഹത്തിൽ നനവ് കാണാഞ്ഞത് ഭരണാനുകൂല സംഘടനയുടെ പക കാരണമോ?

കൊല്ലം: ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുന്നു. ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ഭരണാനുകൂല ദേവസ്വം സംഘടനയുടെ പ്രതികാര ബുദ്ധിയെന്ന ആരോപണമാണ് ഉയരുന്നത്. ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ചാണ് കൃഷ്ണകുമാറിനെ നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റിയത്. എന്നാൽ, താൻ ഭരണാനുകൂല സംഘടനയിൽ അം​ഗമാകാത്തതിലുള്ള വൈരാ​ഗ്യമാണ് ആരോപണത്തിനും സ്ഥലംമാറ്റത്തിനും പിന്നിലെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്.

2018ലാണ് കൃഷ്ണകുമാർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചത്. കൃഷ്ണകുമാർ ഇതുവരെ ഒരു യൂണിയനിലും ചേർന്നിട്ടില്ല. ഭരണാനുകൂല യൂണിയനിൽ ചേരാത്തതിലുള്ള പ്രതികാരമാണ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണർ സൈനുരാജ് ക്ഷേത്രം സന്ദർശിച്ചത്. താൻ ക്ഷേത്രത്തിലെത്തിയപ്പോൾ സംശയം തോന്നിയതിനാൽ ഉടയാട മാറ്റാൻ നിർദേശിക്കുകയായിരുന്നു എന്ന് സൈനുരാജ് പറയുന്നു. ഉടയാട മാറ്റിയതോടെ വിഗ്രഹത്തിൽ നനവില്ലെന്നു കണ്ടെത്തിയെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണർ പറയുന്നത്. ദേവീനടയിൽ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാർത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോൾ ബിംബത്തിൽ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.

പുലർച്ചെ 5.30നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാൽ ഈർപ്പം പിടിക്കാതിരിക്കാൻ അഭിഷേകം കഴിഞ്ഞാലുടൻ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാർ മറുപടിനൽകി. അന്നേദിവസം അരക്കാപ്പുള്ളതിനാൽ അഭിഷേകത്തിനുശേഷം മുഖംചാർത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി. ശിക്ഷാനടപടിയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെങ്കിലും മേൽശാന്തിയെ സ്ഥലംമാറ്റുകയായിരുന്നു. 

ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താൽ ദേവസ്വം ബോർഡിൽ ശിക്ഷിച്ചിട്ടില്ല. ഇതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നാണ് കൃഷ്ണകുമാർ ഹർജിയിൽ വ്യക്തമാക്കുന്നത്. ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കൃഷ്ണകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img