02:02am 07 November 2026
NEWS
വിശുദ്ധ ഗർഭവാഗ്ദാനം: 'ചെറുപാണക്കാടൻ' തിന്മയിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായെത്തിയ രക്ഷകനോ?
02/01/2026  08:40 PM IST
നെല്ലിക്കുത്ത് ഹനീഫ
വിശുദ്ധ ഗർഭവാഗ്ദാനം: ചെറുപാണക്കാടൻ തിന്മയിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായെത്തിയ രക്ഷകനോ?

'പൊലിയാട്ട്' അഥവാ വ്യഭിചാരം ആരോപിക്കപ്പെടുന്നതും അത് പ്രചരിക്കുന്നതുമെല്ലാം മുൻകാല സമൂഹത്തിൽ അത്യന്തം അപമാനകരമായിരുന്നു. ഇന്ന് അത്തരം സംഭവങ്ങൾക്ക് ഒരു പുതുമയും ഇല്ലെന്ന് മാത്രമല്ല, സ്ത്രീപീഡന സംഭവങ്ങൾ ഇല്ലാത്ത ഒരുദിനം പോലുമില്ല എന്നിടത്താണ് കാര്യങ്ങൾ നിലകൊള്ളുന്നത്.  ക്രിമിനൽ വാസനയുളളവരുടെ മാത്രം പ്രത്യേകതയല്ല ഇത്. പകൽ സംസ്‌കാരത്തിന്റെ എല്ലാ അപ്പോസ്തലൻമാരും ഇക്കാര്യത്തിൽ മുന്നേറി വരികയാണ്. സാംസ്‌കാരിക പ്രവർത്തകർ,  നിയമപാലകർ, സിനിമാതാരങ്ങൾ, അധ്യാപകർ, രാഷ്ട്രീയക്കാർ, ജനപ്രതിനിധികൾ എന്ന് വേണ്ട സമൂഹത്തിന്റെ എല്ലാ പരിഛേദവും ഈ വിഷയത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കീഴ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ അകമ്പടിയോടെ, നിശാവേട്ട പതിവാക്കുകയും അതിന് വിയോജിപ്പ് പ്രകടിപ്പിച്ച കീഴുദ്യോഗസ്ഥനെ മാനസികമായി തളർത്തി അയാളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവം ഇയ്യിടെ ഉണ്ടായി. 32 പേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയാണ് ബിനുതോമസ് എന്ന സർക്കിൾ ഇൻസ്‌പെക്ടർ മരണം വരിച്ചത്. ആത്മഹത്യാക്കുറിപ്പ് പുറത്തറിയിക്കാതെ രണ്ടാഴ്ച പൂഴ്ത്തി വച്ചെങ്കിലും, പിന്നീടത് പുറത്തായതോടെ, ആരോപണ വിധേയനായ ഡിവൈ.എസ്.പി സസ്‌പെൻഷനിലാണിപ്പോൾ. കാര്യങ്ങൾ ഇനിയെന്താകും എന്ന കാര്യവും സസ്‌പെൻസ് തന്നെ.  

ദിവ്യഗർഭ വാഗ്ദാനം

അത്ഭുതസിദ്ധി അവകാശപ്പെട്ട് കൊണ്ട്, എല്ലാ മതവിശ്വാസികൾക്കിടയിലും യഥേഷ്ടം 'സിദ്ധൻമാർ' പ്രബുദ്ധ കേരളത്തിൽ ഇന്ന് വാഴുന്നുണ്ട്.  'ഇമാം മഹ്ദി' ആണെന്ന് അവകാശപ്പെട്ട് മലപ്പുറം-കാളികാവിൽ അവതരിച്ച സജിൽ (37) എന്ന കപടൻ ഇയ്യിടെ പോലീസ് പിടിയിലായി. വിശ്വാസികളായ യുവതികൾക്ക് 'ദിവ്യഗർഭം വാഗ്ദാനം' നൽകി അവരെ പ്രാപിയ്ക്കുകയാണ് ടിയാന്റെ പ്രധാന മാസ്റ്റർപീസ്. ''സജിൽ ഷറഫുദ്ദീൻ, ശൈഖുനാ സജിൽ, ചെറു പാണക്കാട്'' എന്നിങ്ങനെ പലതരം പേരുകളിലും ടിയാൻ അറിയപ്പെടുന്നു. മലപ്പുറം-കാളികാവിനടുത്ത ഉദിരംപൊയിലാണ് ഇയാളുടെ ദേശം. 'മഹ്ദി ഇമാം' ആണെന്ന് അവകാശപ്പെട്ട് ആത്മീയവിഷയങ്ങളും, അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന 'മിറാക്കിൾ പാത്ത്'' എന്ന യൂട്യൂബ് ചാനലും, ധാരാളം ഫോളോവേഴ്‌സും ഇയാൾക്കുണ്ട്. തിരുവനന്തപുരം-നെടുമങ്ങാട്ട് ഒളിവിൽ കഴിയവെ, മലപ്പുറം-കൊളത്തൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇസ്ലാം വിശ്വാസ പ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 'അന്ത്യനാളും, മഹ്ദി ഇമാമിന്റെ ആഗമനവും.' ലോകാവസാനം അടുക്കുന്നതോടെ, ഭരണനേതൃത്വം അന്യായം കയ്യാളുകയും, ലോകത്ത് അന്ധതയും, അജ്ഞതയും, ദുഷിപ്പും വർദ്ധിക്കുകയും ചെയ്യുന്നതോടെ ഇമാം മഹ്ദിയുടെ ആഗമനമുണ്ടാകുമെന്നും ഇസ്ലാം അനുശാസിക്കുന്നു. തിന്മയിൽ നിന്നും, അനീതിയിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി ലോകാവസാന കാലത്ത് പ്രത്യക്ഷപ്പെടുന്ന രക്ഷകനാണത്രെ 'ഇമാം മഹ്ദി'. 'ശരിയായ മാർഗ്ഗദർശി' എന്നാണ് ഈ പദത്തിന്റെ വിവക്ഷ. ഇമാം മഹ്ദി ലോകം മുഴുവൻ ഏഴ്‌വർഷം ഭരിക്കുകയും, നീതി സ്ഥാപിക്കുകയും 'ഈസാനബി അഥവാ യേശുക്രിസ്തു' മടങ്ങി വരുന്ന കാലത്താണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക എന്നുമാണ് ഇസ്ലാമിക പ്രമാണങ്ങൾ പറയുന്നത്. ഇപ്രകാരം ഇസ്ലാം പ്രമാണങ്ങൾ അനുശാസിക്കുന്ന ഇമാം മഹ്ദിയാണ് താനെന്ന് അവകാശപ്പെട്ടാണ് 'ചെറുപാണക്കാട്' എന്ന സജിൽ വിശ്വാസികളെ കബളിപ്പിച്ചിരുന്നത്. ആഭിചാര ക്രിയകൾ നടത്തുന്നതിൽ വിദഗ്ധനായും ഇയാൾ അവകാശപ്പെടുന്നു.

ആത്മീയ വീഡിയോകളാണ് ഇയാൾ ''മിറാക്കിൾ പാത്ത്'' എന്ന യൂട്യൂബ് ചാനലിൽ ഇട്ടിരുന്നത്. ഈ വീഡിയോകളിൽ അകൃഷ്ടരായ വിശ്വാസികളാണ് ഇയാളുടെ ഫോളോവേഴ്‌സും. അതിൽ കൂടുതലും സ്ത്രീകളാണ്. യൂട്യൂബ് ചാനൽ വഴി പരിചയത്തിലായ യുവതിക്ക് ദിവ്യഗർഭമാണ് ഇയാൾ വാഗ്ദാനം ചെയ്തത്. അതിനായി കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതി താമസിക്കുന്ന വാടക വീട്ടിലെത്തിയ ടിയാൻ ആകാവുന്നത്ര ആസ്വദിച്ചു. ദിവസങ്ങളോളം ബന്ധം പിന്നേയും തുടർന്നു. പിന്നീട് പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി ഉണ്ടാകുന്നത്. മലപ്പുറം-കൽപ്പകഞ്ചേരി സ്റ്റേഷനിൽ സമാനമായി രജിസ്റ്റർ ചെയ്ത മറ്റൊരു കേസ്സിലും ഇയാൾ പ്രതിയാണ്. ഇവിടെ പരാതിക്കാരുടെ അടുത്ത ബന്ധുവായ യുവതിക്കായിരുന്നു ദിവ്യഗർഭ വാഗ്ദാനം നൽകിയത്. ഒന്നിൽ തുടക്കം കുറിച്ചാൽ പിന്നീങ്ങോട്ട് തുടരും എന്ന മട്ടിലാണ് കാര്യങ്ങളിപ്പോൾ. കൊളത്തൂർ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് മുങ്ങിയ ചെറുപാണക്കാടനെതിരെ കൂടുതൽ ഇരകൾ പരാതി പറയാൻ ഒരുങ്ങുന്നതായും പോലീസ് അറിയിച്ചു. അറസ്റ്റിലായിട്ടും അൽപ്പം പോലും കൂസാതെ 'ഒരു കുഴപ്പവുമില്ല .. ഇത് കള്ളക്കേസ്സാണ് .. ഞാൻ രക്ഷപ്പെട്ട് വരും' എന്നിങ്ങനെയാണ് മാധ്യമ പ്രവർത്തകരെ നോക്കി ഇയാൾ പോലീസ് വണ്ടിയിലിരുന്ന് മൊഴിഞ്ഞത്.

പോലീസിലെ ആത്മഹത്യാ പ്രവണത

കേരളത്തിലെ ഉയർന്ന പൗരബോധം മൂലം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചിട്ടയിലും, അച്ചടക്കത്തിലും കേരളാ പോലീസ് ഏറെ മുന്നിലാണ്. ഉയർന്ന അച്ചടക്ക സംവിധാനങ്ങളുള്ള സംസ്ഥാന പോലീസിൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ഉഴപ്പി ജോലിയെടുക്കലും അസാധ്യമാണ്. ഇക്കാര്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതാണെങ്കിലും, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെറികേടുകൾ അരങ്ങേറുന്ന സംസ്ഥാന ഏജൻസിയും കെരളാ പോലീസ് തന്നെയാണെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. 

ജോലിസമ്മർദ്ദം, മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവ് അനുവദിക്കാതിരിക്കൽ, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം എന്നിങ്ങനെ പല കാരണങ്ങൾ ഉന്നയിച്ച് ജോലിയിൽ നിന്ന് സ്വയം വിരമിക്കുന്ന പ്രവണതയും വർദ്ധിച്ചു. ഈ നിലപാട് ഏറി വന്നതോടെ, ഈ പദ്ധതി ഇപ്പോൾ അനുവദിക്കുന്നില്ല. മുൻ കാലങ്ങളിൽ മെഡിക്കൽ ബിരുദധാരികൾ ഉൾപ്പടെ ഉയർന്ന യോഗ്യത ഉള്ള പലരും പോലീസിൽ ചേർന്നിരുന്നു. ആ ജോലി ചെയ്യാനുള്ള താത്പ്പര്യം മൂലമായിരുന്നു അത്. നിലവിൽ പ്രൊഫഷണൽ ബിരുദധാരികൾ പോലീസ് സേനയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രൊഫഷണലുകൾ പോലീസിലേക്ക് എത്താത്ത കാരണം സേനയുടെ ബൗദ്ധികമായ ശേഷിയിൽ കുറവുണ്ടാക്കുന്നുമുണ്ട്. 

പത്ത് വർഷത്തിനിടെ 138 പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ട് ഇതിൽ താഴേത്തട്ടിലുള്ള ജീവനക്കാരാണ് കൂടുതൽ. മാനസിക സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, മദ്യപാനം തുടങ്ങിയ കാരണങ്ങളാണ് ആഭ്യന്തര വകുപ്പിന്റെ  പഠന റിപ്പോർട്ടിൽ ആത്മഹത്യക്ക് കാരണമായി പറയുന്നതെങ്കിലും മേലുദ്യോഗസ്ഥരിൽ നിന്നുള്ള മോശം പെരുമാറ്റവും, പീഡനവും പ്രധാന കാരണമായി പറയപ്പെടുന്നുണ്ട്. മേലുദ്യോഗസ്ഥർക്ക് നീരസം തോന്നിയാൽ മാനസികമായും ശാരീരികമായും പീഡന മേൽക്കേണ്ടി വരുന്നതായും പറയപ്പെടുന്നുണ്ട്. അമിതജോലി ഭാരവും, രാഷ്ട്രീയ സമ്മർദ്ദങ്ങളും പോലീസുകാരെ പ്രയാസത്തിലാക്കുന്നതായി പോലീസ് അസ്സോസിയേഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ സർക്കാറിന്റെ കാലത്തും ഭരണ കക്ഷികളുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പോലീസ് നിർബന്ധിതരാകുന്നു. അതിന് തയ്യാറായില്ലെങ്കിൽ ആഭ്യന്തര വകുപ്പിന്റെ അനിഷ്ടവും ഉണ്ടാകും. പോലീസ് സേനയിൽ ആത്മഹത്യാ പ്രവണത വർദ്ധിച്ച പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തിനിടെ ആത്മഹത്യ ചെയ്ത പോലീസുകാരുടെ ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ, സഹപാഠികൾ, അയൽവാസികൾ എന്നിവരെ കേന്ദ്രീകരിച്ച് തൃശൂർ പോലീസ് അക്കാദമി ഗവേഷണ വിഭാഗം സർവ്വേ നടത്താനായിരുന്നു തീരുമാനം. സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം ഉൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്തി പരിഹാരം കണ്ടത്തുക എന്നതായിരുന്നു ആഭ്യന്തര വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. 

പോലീസ് കാവലിൽ പൊലിയാട്ട്

പോലീസ് സേനയിൽ ആത്മഹത്യ പെരുകുന്നത് സംബന്ധിച്ചുള്ള പരാതികൾ നിലനിൽക്കെ, ആറ് മാസം മുമ്പ് ചെർപ്പുളശ്ശേരി സർക്കിളിൽ ചുമതലയേറ്റ കോഴിക്കോട് സ്വദേശിയായ ചെർപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനുതോമസ് (52) പോലീസ് ക്വാർട്ടേഴ്‌സിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതായി  സഹപ്രവർത്തകർ കണ്ടെത്തി. ഡ്യൂട്ടിക്കിടെ വിശ്രമിക്കാൻ ക്വാർട്ടേഴ്സിലേക്ക് പോയ ബിനുതോമസ് തിരികെ എത്താത്തതിനാൽ, ഏറെ വൈകി സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ അദ്ദേഹത്തെ കാണപ്പെടുന്നത്. കുടുംബ പ്രശ്‌നവും, ജോലിസമ്മർദ്ദവും കൊണ്ടാണ് ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്‌പെക്ർ ബിനുതോമസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ 32 പേജുകളിലായി അദ്ദേഹം കുറിച്ച് വെച്ച ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് ഒരു വിവരവും യഥാസമയം പുറത്ത് വന്നിട്ടില്ലായിരുന്നു. വിവരം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. 

2014-ഏപ്രിലിൽ സർവ്വീസിലിരിക്കെ  നടന്ന അശുഭ കാര്യങ്ങളാണ് ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ വിശദീകരിക്കുന്നത്. അനാശാസ്യത്തിന് പിടിയിലായ യുവതിയേയും, സംഘത്തേയും സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്ന് വടക്കാഞ്ചേരി സി.ഐ ആയിരുന്ന ഉമേഷ് കേസ്സെടുക്കാൻ സമ്മതിക്കാതെ പണം വാങ്ങി സംഘത്തെ വിട്ടയക്കുകയും, യുവതിയെ വെറുതെ വിടുകയും ചെയ്തു. ഇവൾ ആള് കൊള്ളാമല്ലോ.. നമുക്ക് രണ്ട് പേർക്കും ഇവളുടെ അടുത്തേയ്ക്ക് പോയാലോ.. എന്ന് സി.ഐ ഉമേഷ് ചോദിച്ചതായും, താൻ അതിന് വിമുഖത കാണിച്ചതായും, സി.ഐ യുവതിയുടെ വീടും, സ്ഥലവും ചോദിച്ച് മനസ്സിലാക്കിയതായും ആത്മഹത്യാ ക്കുറിപ്പിൽ പറയുന്നു. സി.ഐ ഉമേഷ് നിർബന്ധിച്ചത് കാരണം, അന്ന് യുവതിയെ പോയി കണ്ട്, തന്റെ മേലുദ്യോഗസ്ഥൻ ഇവിടെ വരുമെന്നും, വേണ്ടത് ചെയ്യണമെന്നും യുവതിയോട് പറയേണ്ടി വന്നു. അവിഹിതകേസ്സിൽ പോലീസ് പിടികൂടിയ വിവരം മാധ്യമങ്ങളെ അറിയിക്കില്ലെന്ന് പറഞ്ഞാണ് യുവതിയെ വലയിൽ  കുരുക്കിയത്. അമ്മയും, രണ്ട് മക്കളുമുള്ള യുവതിയുടെ വീട്ടിൽ രാത്രിസമയം ചെന്ന്, അവരുടെ വീടിന് മുകളിലുള്ള ടെറസ്സിൽ വെച്ച് സി.ഐ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവത്രെ. വീടിന് പുറത്ത് വെളിയിൽ കാറിൽ കാത്തിരുന്ന താൻ, കാര്യം സാധിച്ച ശേഷം സി.ഐ വിളിച്ചപ്പോൾ  അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാൻ ചെന്നതായും, തന്നോടും യുവതിയെ പ്രാപിക്കാൻ സി.ഐ ആവശ്യപ്പെട്ടുവെങ്കിലും താൻ അതിന് മുതിർന്നില്ലെന്നും, ഇക്കാരണത്താൽ കാര്യങ്ങൾ പുറത്തറിയുമോ എന്ന് ഭയന്ന്, തന്നെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്. അന്ന് എസ്.ഐ ആയിരുന്ന ബിനു തോമസിനെ കാവലിനായാണ് സി.ഐ ഉമേഷ് കൂടെക്കൂട്ടിയത്.  

ബിനുതോമസ് മരണപ്പെട്ട്, രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളെല്ലാം പുറത്ത് വരുന്നത്. ഈ വിവരങ്ങളെല്ലാം ശരി വെച്ച് യുവതി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ട്. രാത്രി തന്റെ വീട്ടിലെത്തിയ സി.ഐ ഉമേഷ് അമ്മയുടേയും, രണ്ട് മക്കളുടേയും മുന്നിൽ വെച്ച് ടെറസ്സിന്റെ മുകളിലേക്ക് തന്നെ വലിച്ചിഴച്ച് കൊണ്ട് പോവുകയും, കേസ്സിൽ നിന്ന് ഒഴിവാക്കിത്തരാമെ ന്നും, വഴങ്ങിയില്ലെങ്കിൽ മാധ്യമങ്ങൾക്ക്  വാർത്ത നൽകും എന്ന് പറഞ്ഞ് ഭീഷണി കടുപ്പിച്ചപ്പോൾ വഴങ്ങേണ്ടിവന്നു എന്നുമാണ് യുവതി അന്വേഷണ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി യ്ക്ക് മൊഴി നൽകിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് നിലവിൽ വടകര ഡി.വൈ.എസ്.പി ആയ ഉമേഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പി യ്ക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശയും ചെയ്തിട്ടുണ്ട്. സി.ഐ ബിനുതോമസിന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണം തുടങ്ങിയതോടെ, വടകര ഡി.വൈ.എസ്.പി ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഉമേഷിനെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഔദ്യോഗികപദവി ദുരുപയോഗം നടത്തി ഗുരുതരമായ കുറ്റകൃത്യമാണ് ഉമേഷ് നടത്തിയതെന്നും, പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ചുവെന്നുമാണ് സസ്പൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ മേലുള്ള ആരോപണങ്ങൾ  അടിസ്ഥാനരഹിതമാണെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് വടകര ഡി.വൈ.എസ്.പി ഉമേഷ് പ്രതികരിച്ചിട്ടുള്ളത്.

ജലരേഖയാകുന്ന നിർദ്ദേശങ്ങൾ

പോലീസിലെ ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കം സ്വാഗതാർഹമെങ്കിലും, പോലീസിന്റെതന്നെ ഭാഗമായ തൃശൂർ പോലീസ് അക്കാദമി ഈ വിഷയത്തിൽ  പഠനം നടത്തിയാൽ, മേലുദ്യോഗസ്ഥരുടെ പീഡനം പോലുള്ള വിഷയങ്ങൾ പുറത്ത് വരും എന്നുള്ളത് സംശയാസ്പദമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ പഠന റിപ്പോർട്ടിൽ ഉണ്ടായാൽ അത് വെളിച്ചം കാണുകയുമില്ല. പോലീസിന് പുറത്തുള്ള മറ്റേതെങ്കിലും ഏജൻസികളെ വേണ്ടിയിരുന്നു പഠനത്തിന് നിയോഗിക്കേണ്ടത്. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ചില നിർദ്ദേശങ്ങൾ നേരത്തെ ഡി.ജി.പി ദർവേഷ് സാഹബ് നടത്തിയിരുന്നു. ആഴ്ചയിൽ ഓഫും, ജന്മദിനത്തിനും, വിവാഹവാർഷികത്തിനും, മറ്റുമുള്ള അവധികൾ പരമാവധി പരിഗണിയ്ക്കുകയും, മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹപ്രവർത്തകരുടെ ഇടപെടലും, യോഗാ പരിശീലനവും വ്യാപകമാക്കണമെന്നും എന്നുമൊക്കെ ആയിരുന്നു ഡി.ജി.പി യുടെ നിർദ്ദേശങ്ങൾ. എന്നാൽ അതൊന്നും പ്രായോഗികതലത്തിൽ നടപ്പായില്ല. പല സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവാണ് അതിന് വിലങ്ങുതടിയായി മാറിയത്. അവധി കൃത്യമായി നൽകാൻ, സേനയിലെ അംഗബലം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img