11:46pm 15 September 2026
NEWS
ലോകത്തിലെ ഏക യഹൂദ രാജ്യത്തിന്റെ പോരാട്ട ചരിത്രം
16/06/2025  09:12 PM IST
nila
ലോകത്തിലെ ഏക യഹൂദ രാജ്യത്തിന്റെ പോരാട്ട ചരിത്രം

പശ്ചിമേഷ്യയിൽ അശാന്തി പരന്നിട്ട് നാളുകളേറെയായി. ഇസ്രയേൽ - ഇറാൻ സംഘർഷമാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ ആശങ്കയായി മാറുന്നത്. മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് പോകാവുന്ന അവസ്ഥ. ഈ സാഹചര്യത്തിൽ ലോകം ചർച്ച ചെയ്യുന്നത് ഇസ്രയേൽ എന്ന ചെറു രാജ്യത്തിന്റെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും ചരിത്രമാണ്. ആരെയും ഒന്ന് ആവേശം കൊള്ളിക്കാൻ ശേഷിയുള്ള ആ ചെറു രാജ്യത്തിന്റെ ചരിത്രം നമുക്കൊന്ന് അറിഞ്ഞു വന്നാലോ...

 ചുറ്റിനും അറബ് - ഇസ്ലാമിക രാജ്യങ്ങൾക്കു നടുവിൽ ഒരു യഹൂദ രാജ്യം. അതാണ് ഇസ്രയേൽ. ലോകത്തിലെ ഏക യഹൂദരാജ്യം. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെന്നാണ് ഇസ്രയേലികളെ, അതായത് യഹൂദരെ ലോകം അടയാളപ്പെടുത്തന്നത്. ലോകത്ത് ഏറ്റവും മികച്ച ജനതയെന്നാണ് പൊതുവെ പറയപ്പെടുന്നത്. സാങ്കേതിക വിദ്യയിലും സയൻസിലും മറ്റെല്ലാ മേഖലകളിലും കഴിവുതെളിയിച്ചവരിൽ നല്ലൊരുപങ്കും യഹൂദരാണ് എന്നത് തന്നെയാണ് ലോകത്ത് ഏറ്റവും മികച്ച ജനത എന്ന വിശേഷണത്തിന് അവരെ അർഹരാക്കുന്നത്. 

ഇസ്രയേലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നമുക്കൊന്ന് അറിഞ്ഞുവരാം.. 

വടക്ക് ലെബനാൻ, സിറിയ എന്നീ രാജ്യങ്ങളുമായാണ് ഇസ്രയേൽ അതിരു പങ്കിടുന്നത്. കിഴക്ക് ജോർദാനും പടിഞ്ഞാറൻ അതിർത്തിയിൽ ഈജിപ്തും മെഡിറ്ററേനിയൻ കടലും.  തെക്ക് ഭാഗത്ത് ചെങ്കടലിലെ അഖബ ഉൾക്കടലും ഈ വാ​ഗ്ദത്ത ഭൂമിയുടെ അതിരുപങ്കിടുന്നു. ചരിത്രപരമായി കാനാൻ, പലസ്തീൻ എന്നൊക്കെ വിളിക്കപ്പെടുന്ന ഈ ഭൂപ്രദേശത്ത് വിവിധ ജൂതഗോത്രങ്ങൾ, അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമക്കാർ, ബൈസാന്റിയക്കാർ തുടങ്ങിയവരെല്ലാം ഭരണം നടത്തിയിരുന്നു. പിന്നീട് ഇസ്‌ലാമിക ഖിലാഫത്തുകളുടെയും തുർക്കിയിലെ ഒട്ടോമൻ ഖിലാഫത്തിന്റെയും കീഴിലായിരുന്നു ഈ പ്രദേശം. ഇടക്കാലത്ത് കുരിശുയുദ്ധക്കാരും ഈ ഭൂമികയിൽ വെന്നിക്കൊടി നാട്ടി. 1948ലാണ് ലോകത്തിലെ ഏക യ​ഹൂദ രാഷ്ട്രമായി ഇസ്രയേൽ പിറവിയെടുക്കുന്നത്. അതിന് തൊട്ടുമുൻപ് ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിലായിരുന്നു ഈ ഭൂപ്ര​ദേശം.

ഇസ്രയേലിന്റെ ചരിത്രം പറയണമെങ്കിൽ ക്രിസ്തുവിനും മുന്നേ, ഉൽപത്തി കാലത്തോളം പഴക്കമുള്ള കഥ പറയേണ്ടി വരും. യഹൂദ, ക്രിസ്ത്യൻ പാരമ്പര്യങ്ങളുടെ ഗോത്രപിതാവായിരുന്നു അബ്രാഹാമിന്റെ പുത്രൻ ഇസഹാ​ക്കിന്റെ​യും റിബെ​ക്ക​യുടെ​യും മകനായ യാക്കോബ്. പിന്നീട്‌ ദൈവം യാക്കോ​ബിന്‌ ഇസ്രയേൽ എന്നു പേര്‌ നൽകി. യാക്കോ​ബ്‌, ഇസ്രാ​യേൽ ജനത്തിന്റെ ഗോ​ത്ര​ത്ത​ല​വ​നാ​യി​ത്തീർന്നു. ഇസ്രയേൽ ജനം പിന്നീട് ഇസ്രായേ​ല്യരെ​ന്നും തുടർന്ന് ജൂതന്മാരെ​ന്നും അറിയ​പ്പെട്ടു.  യാക്കോ​ബിന്‌ 12 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. ഇവരിൽനി​ന്നും ഇവരുടെ വംശജ​രിൽനി​ന്നും ആണ്‌ ഇസ്രാ​യേൽ ജനതയു​ടെ 12 ഗോ​ത്രങ്ങൾ രൂപംകൊ​ണ്ടത്‌. മതവിശ്വാസം അനുസരിച്ചുള്ള വിവരണമാണിത് കേട്ടോ. ഇനി നമുക്ക് ജൂതന്മാരുടെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാം...

ക്രിസ്തുവും ഒരു യഹൂദനായിരുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ. ക്രിസ്തുവിന്റെ ജനനവും ജീവിതവും കുരിശുമരണവുമെല്ലാം ഈ മണ്ണിലായിരുന്നു. ക്രിസ്തുവിന്റെ കാലത്തും പിന്നീടും ഈ മണ്ണിലെ പ്രതാപികൾ ജൂതന്മാരായിരുന്നു. പല ഭരണത്തിന് അടിപ്പെട്ട് ജീവിച്ചെങ്കിലും യഹൂദർ തങ്ങളുടെ രക്തത്തിലും പാരമ്പര്യത്തിലും അഭിമാനം കൊണ്ടു. 

എ.ഡി. 66ലാണ് ഇന്നത്തെ രക്തപങ്കിലമായ ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നത്. റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു അന്ന് ഇവിടുത്തെ ജനത. ആ കാലഘട്ടത്തിൽ ഈ ഭൂപ്രദേശത്ത് കൊടിയ ക്ഷാമം നേരിട്ടു. ജനം റോമൻ ഭരണാധികാരികൾക്കെതിരെ കലാപത്തിനിറങ്ങി. റോമാ സാമ്രാജ്യത്തിന്റെ സർവസൈന്യധിപനായിരുന്ന ടൈറ്റസ് ഫ്ളാവിയസ്സിന്റെ നേതൃത്വത്തിൽ റോം ജൂതൻമാരുടെ കലാപംഅടിച്ചമർത്തി. പിന്നീട് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായതും ഇതേ  ടൈറ്റസ് ഫ്ളാവിയസായിരുന്നു. 

അന്ന് റോമൻ പട്ടാളം ജറുസലേം നഗരം തകർത്തു. രണ്ടാം ദേവാലയത്തിന്റെ ചുവർ മാത്രമാണ് അവശേഷിച്ചത്. രണ്ടാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ഹഡ്രിയൻ ജൂതാരാധനക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ സൈമൺ ബാർകോ ഖ്ബയുടെ നേത്യത്വത്തിൽ യഹൂദർ കലാപത്തിനൊരുങ്ങി. അഞ്ചു ലക്ഷത്തോളം യഹൂദർ കൊല്ലപ്പെട്ടു. ജറുസലേമിൽ നിന്ന് ജൂതർ പുറത്താക്കപ്പെടുകയും മതാരാധന നിരോധിക്കപ്പെടുകയും ചെയ്തു. ഒട്ടേറെ ജൂതരെ റോമാക്കാർ അടിമകളാക്കി വിറ്റതോടുകൂടി ഇസ്രയേൽ ജനതയുടെ തകർച്ച പൂർത്തിയായി. അങ്ങനെ ജൂത പ്രവാസത്തിന് ആരംഭമായി. പിന്നീട് 1920 വരെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ജറുസലേം.

ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നു. ഇതോടെ ജൂതരും അറബികളും താമസിച്ചിരുന്ന പലസ്തീൻ പ്ര​ദേശം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടൻ അവിടം ജൂത പൈതൃക ഭൂമിയാക്കി മാറ്റിയതോടെ അറബികളും യഹൂദരും തമ്മിലുള്ള പകയും പോരാട്ടവും കൂട്ടുതൽ ശക്തമാകുകയായിരുന്നു. ചരിത്രവും വിശ്വാസവും ചേർന്ന് വൈരികളാക്കിയ രണ്ട് സമൂഹങ്ങളുടെ പോരിന്റെ ചരിത്രമാണ് പിന്നിട് പശ്ചിമേഷ്യയിലെ ഈ വിശുദ്ധ നാടിന്റെ ചരിത്രമായി മാറിയത്. 

വേട്ടയാടലുകളിൽ നിന്നും രക്ഷതേടി ഇതിനിടെ നിരവധി യഹൂദർ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് ചേക്കേറിയിരുന്നു. അപ്പോഴും അവരുടെയെല്ലാം മനസ്സിൽ ദൈവം തങ്ങൾക്ക് വാ​ഗ്ദാനം ചെയ്ത ആ ഭൂമികയിലേക്ക് തിരികെ പോകണം എന്നുതന്നെയായിരുന്നു. 1920-40 കാലഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ യഹൂദരെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചതോടെ പലസ്തീനിലേക്ക് വലിയ തോതിൽ യഹൂ​ദ കുടിയേറ്റമുണ്ടായി. പിന്നാലെ, ഭൂപ്രദേശത്ത് ജൂതരും അറബികളും തമ്മിലുള്ള തർക്കം രൂക്ഷമായി. പലസ്തീൻ പ്രശ്നം പരിഹാരമില്ലാത്ത ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറുകയായിരുന്നു. 

1947 ൽ പലസ്തീനെ രണ്ടായി മുറിക്കാൻ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂതർക്കും അറബികൾക്കും വ്യത്യസ്ത രാജ്യം എന്നതായിരുന്നു ആശയം. അതേസമയം ജൂത - അറബ് - ക്രിസ്ത്യൻ വിശ്വാസങ്ങളുടെ വാഗ്ദത്ത ഭൂമിയായ ജെറുസലേം രണ്ട് വിഭാഗത്തിനൊപ്പവുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളും എന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജൂതനേതൃത്വം ഈ നീക്കത്തിൽ പൂർണ്ണ തൃപ്തരായിരുന്നു. എന്നാൽ അറബികൾ ഇതിനെ എതിർത്തു. അതുകൊണ്ട് തന്നെ ഇതുവരെ അത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ആധുനിക ചരിത്രത്തിലെ ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങൾക്ക് ഇതോടെ തുടക്കമാവുകയായിരുന്നു.

1948 ൽ ബ്രിട്ടീഷുകാർ പലസ്തീൻ വിട്ടു. 1948 മെയ് 14-ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഡേവിഡ് ബെൻഗൂറിയനായിരുന്നു ആദ്യ പ്രധാനമന്ത്രി. ഈ രാജ്യം പിറന്നുവീണതേ യുദ്ധഭൂമിയിലേക്കായിരുന്നു. പിച്ചവെച്ചതും യുദ്ധഭൂമിയിൽ തന്നെ. പക്ഷേ ഒരിക്കൽ പോലും ഈ ജനത മുട്ടിലിഴഞ്ഞില്ല. നിവർന്നുനിന്ന് പൊരുതി. പല പ്രദേശങ്ങളും പിടിച്ചെടുത്തു. ഒരിക്കൽ വേട്ടയാടപ്പെട്ട ഒരു ജനത പിന്നീട് വേട്ടക്കാരായി മാറിയെന്ന് അറബ് ലോകം കുറ്റപ്പെടുത്തി. 

ജന്മം കൊണ്ടതിന് തൊട്ടുപിന്നാലെ അറബ് രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനൻ, ഇറാഖ്, എന്നിവർ ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു. ജോർദ്ദാൻ സൈന്യം കിഴക്കൻ ജറുസലേം കീഴടക്കി. എന്നാൽ, ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങാൻ യ​ഹൂ​ദർ തയ്യാറായിരുന്നില്ല. യുദ്ധ ഫലമായി ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തിന്റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. ജൂദിയായിലെ പർവ്വത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദ്ദാനും കൈവശപ്പെടുത്തി. ഗാസാ മുനമ്പിൽ ഈജിപ്ത് അവകാശം സ്ഥാപിച്ചു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഇസ്രയേലിലെ പാലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബിനാടുകളിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടു. ഏഴു ലക്ഷത്തിലേറെ പലസ്തീനികൾ അന്നു അഭയാർത്ഥികളായന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇസ്രയേൽ രൂപവൽക്കരിച്ചതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ജൂതന്മാർ അങ്ങോട്ടേക്ക് ഒഴുകി. അറബ് - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അറബിരാജ്യങ്ങളിലും ഇറാനിലും നിന്നും പുറത്താക്കപ്പെട്ട ആറ് ലക്ഷത്തോളം മിസ്രാഹി ജൂതരും ഇസ്രയേലിലെത്തി. നമ്മുടെ കൊച്ചിയിലുണ്ടായിരുന്ന ജൂതന്മാർ ഉൾപ്പെടെ വാ​ഗ്ദത്ത ഭൂമിയിലേക്ക് തിരികെ പോയി. ചിലർ മാത്രം ദൈവത്തിന്റെ സ്വന്തം രാജ്യം ഉപേക്ഷിച്ച് വാ​ഗ്ദത്ത ഭൂമിയിലേക്ക് പോകാൻ തയ്യാറായില്ല. 

കിട്ടിയ ഒരു തുണ്ട് മണ്ണിൽ യഹൂദർ സ്വർ​ഗം പണിതു. കൃഷിയും സാങ്കേതിക വിദ്യയും ശാസ്ത്രവും മതവിശ്വാസവുമെല്ലാം യഹൂദർ ഒരുമിച്ച് കൊണ്ടുപോയി. തങ്ങളുടെ വംശത്തിന്റെ മഹിമയിൽ ഊറ്റംകൊള്ളാൻ ഭരണകൂടം ജനതയെ പരിശീലിപ്പിച്ചു.   എന്നാൽ, ചുറ്റിനും ശത്രുക്കൾ തന്നെയെന്ന ബോധ്യം ഇസ്രയേലിനുണ്ടായിരുന്നു. 1967 ൽ അറബ് രാജ്യങ്ങളും ഇസ്രയേലുമായി വീണ്ടും യുദ്ധം. ഇക്കുറിയും യഹൂദന്റെ പോരാട്ട വീര്യത്തെ കെടുത്താൻ അറബ് സംയുക്ത സൈന്യത്തിനായില്ല.  ഇത്തവണ വെസ്റ്റ് ബാങ്കിലും, ഗാസയിലും ഇസ്രയേൽ തങ്ങളുടെ കൊടിപാറിച്ചു. പിന്നീടൊരിക്കലും അറബ് രാജ്യങ്ങൾ നേരിട്ടൊരു പോരിന് ധൈര്യം കാണിച്ചില്ല. പകരം പലസ്തീനെന്ന രാജ്യത്തിന് ആളും ആയുധവും നൽകി. ലോകം ഭീകരരെന്ന് മുദ്രകുത്തിയ സായുധ സംഘങ്ങളെ വിശ്വാസങ്ങളുടെ മറയിൽ വളർത്തി ഇസ്രയേലിനെതിരെ ഉപയോ​ഗിച്ചു. ​ഗാസയിലെ ​​ഹമാസും വെസ്റ്റ് ബാങ്കിലെ പിഎൽഒയും ലെബനനിലെ ഹിസ്ബുള്ളയും അടക്കമുള്ള സായുധ സംഘങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പലസ്തീനെ ആക്രമിച്ചുകൊണ്ടേയിരുന്നു. 

അന്നുതൊട്ടിന്നുവരെ ഇസ്രായേലും പലസ്തീനും തമ്മിൽ ഒളിഞ്ഞും മറഞ്ഞുമുള്ള യുദ്ധങ്ങളാണ്. പക്ഷേ സാങ്കേതിക വിദ്യകൊണ്ട് യ​ഹൂദൻ തന്റെ രാജ്യത്തിന് കണ്ണും കവചവുമൊരുക്കി. അടികൾക്കെല്ലാം തിരിച്ചടി നൽകി. 

ഇൻതിഫാദ എന്ന പദത്തിന്റെ അർഥം 'വിപ്ലവം' എന്നാണ്. രണ്ടുവട്ടം ഇൻതിഫാദ  നടത്താൻ നോക്കിയിട്ടുണ്ട് പലസ്തീൻ. ഒരിക്കൽ എൺപതുകളിൽ, രണ്ടാമത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ. ആദ്യത്തെ തവണ നിരന്തരമായ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. അന്ന് ഹമാസ് രംഗത്തില്ല. സമാധാനത്തിന്റെ പാതയിലായിരുന്നു നീക്കങ്ങളൊക്കെയും. അങ്ങനെയാണ് ഓസ്ലോയിൽ ചർച്ച നടക്കുന്നതും, രണ്ടു രാജ്യങ്ങളുണ്ടാകാനുള്ള നിർദേശം വരുന്നതുമൊക്കെ. അത് ഇരുപക്ഷത്തിനും സമ്മതമായിരുന്നില്ല. അങ്ങനെ പോകുമ്പോഴാണ് പലസ്തീനിൽ നിന്നും രണ്ടാം ഇൻതിഫാദ വരുന്നത്. അത് ചോരചിന്തിയ വിപ്ലവമായിരുന്നു. കാരണം അപ്പോഴേക്കും പലസ്തീൻ സായുധശേഷി ആർജിച്ചിരുന്നു. ചാവേർ ബോംബിങ്, റോക്കറ്റ് ആക്രമണങ്ങൾ അങ്ങനെ പലതും തുടർച്ചയായി നടന്നു. 

തൊണ്ണൂറുകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ ഒരു സന്ധിയുടെ വക്കുവരെ എത്തിയിരുന്നതാണ്. ആ ഉടമ്പടിക്ക് ഒരേയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ. ഇസ്രായേലും പലസ്തീനും പരസ്പരം രാജ്യങ്ങളായി അംഗീകരിക്കണം. എന്നാൽ, ഈ നിബന്ധനയ്ക്ക് പലസ്തീൻ വഴങ്ങിയില്ല. ഇസ്രായേൽ അധിനിവേശ ശക്തിയാണെന്നും അവരെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊടുക്കാനാവില്ല എന്നതായിരുന്നു പലസ്തീന്റെ നിലപാട്. പലസ്തീൻ കേന്ദ്രമാക്കി പല സായുധ സംഘടനകളും ഇസ്രയേലിനെതിരെ ആയുധമൊരുക്കി കാത്തിരുന്നു. അവരിൽ ഒരു കൂട്ടരായിരുന്നു ഹമാസ്. ഹമാസിനെ പൂർണമായും ഇല്ലാതാക്കാൻ ​ഗാസയിൽ സൈനിക നടപടികൾ പുരോ​ഗമിക്കുന്നതിനിടെ തന്നെ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയും യെമനിലെ ഹൂതികൾക്കെതിരെയും ഇസ്രയേൽ പടനയിച്ചു. ഇപ്പോഴിതാ, ഇസ്ലാമിക ലോകത്തെ സർവശക്തരായ ഇറാനെതിരെ നേരിട്ട് ഏറ്റുമുട്ടുന്നു..

 ഒരു യുദ്ധവും മാനവരാശിക്ക് ​ഗുണം ചെയ്യുന്നതല്ല. കൊല്ലപ്പെടുന്നതും അനാഥരാകുന്നതും ആയിരക്കണക്കിന് സാധാരണ മനുഷ്യരാണ്. ഇസ്രയേൽ - ഇറാൻ യുദ്ധം തുടക്കത്തിലേ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ലോകമഹായുദ്ധത്തിനാകും നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഇസ്രയേലും പാശ്ചാത്യ സഖ്യകക്ഷികളും ഒരുവശത്തും ഇറാനും ഇസ്ലാമിക രാജ്യങ്ങളും മറ്റൊരുവശത്തും അണിനിരന്നാൽ ആ യുദ്ധം അവസാനിക്കുക ഒരുപക്ഷേ മാനവരാശിയുടെ തന്നെ സർവനാശത്തോടെയായിരിക്കും. ഒരിക്കലും അങ്ങനെയൊരു മഹായുദ്ധം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img