07:54am 13 November 2026
NEWS
ഹൈക്കോടതിയുടെ നടപടി നടി ഹണി റോസിന് കൂടുതൽ വിനയാകും
18/02/2026  11:34 AM IST
nila
ഹൈക്കോടതിയുടെ നടപടി നടി ഹണി റോസിന് കൂടുതൽ വിനയാകും

കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നടി ഹണി റോസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും താരത്തിന് ജിഎസ്ടി വകുപ്പിന്റെ കുരുക്കിൽ നിന്നും അത്ര വേ​ഗം രക്ഷപെടാനാകില്ലെന്ന് സാമ്പത്തിക വിദ​ഗ്ധർ. വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ആവശ്യപ്പെട്ട് ഒന്നിച്ച് നൽകിയ നോട്ടീസാണ് ഇപ്പോൾ ഹൈക്കോടി റദ്ദാക്കിയിരിക്കുന്നത്. എന്നാൽ, ഓരോ വർഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്നും കോടതി നിർദേശിച്ചു. ഇതോടെ താരത്തിന് കുരുക്ക് കൂടുതൽ മുറുകും എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകാത്തതിന് ആയിരുന്നു ജിഎസ്ടി വകുപ്പ് നടിക്ക് നോട്ടീസ് നൽകിയത്. 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ല എന്നാണ് സംസ്ഥാന ജി എസ് ടി വകുപ്പ്  കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്. ഇതേ ചോദ്യം ചെയ്ത് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി നോട്ടീസ് റദ്ദാക്കിയതും ഓരോ വർഷത്തെയും  നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് ജിഎസ്ടി വകുപ്പിനോട് ആവശ്യപ്പെട്ടതും. 

ആറു വർഷത്തെ നികുതി 34,73,000 രൂപ 

ഹണി റോസ് 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും ജിഎസ്ടി വകുപ്പ് ആരോപിക്കുന്നു. ആറ് സാമ്പത്തിക വർഷത്തെ നികുതിയായ 34,73,000 രൂപ അടയ്ക്കണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2017ൽ മാത്രം 11 ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ എട്ട് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെന്ന വിവരമായിരുന്നു താരം നൽകിയത്. 

ഉദ്ഘാടനങ്ങളും വിനയാകും

സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്ന നടിയാണ് ഹണി റോസ്. ഈ ഇനത്തിൽ താരത്തിന് വലിയ തുക പ്രതിഫലമായി ലഭിക്കാറുമുണ്ട്. പ്രതിഫലം നൽകുന്ന സ്ഥാപനങ്ങൾ ഈ തുക തങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയാൽ താരത്തിന് കൂടുതൽ വിനയാകും. ഉദ്ഘാടനത്തിന് പ്രതിഫലമായി നൽകുന്ന പണം ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് ആദായനികുതി ഇളവുകൾ ലഭിക്കും. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ ജിഎസ്ടി ഉൾപ്പെടെയുള്ള തുക എന്ന നിലയിലാകും ഹണി റോസിന് പ്രതിഫലം നൽകുന്നത്. ഈ തുകയും ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തുകയും നികുതി നൽകുകയും ചെയ്തില്ലെങ്കിൽ നടിക്ക് അതും പണിയാകും.

ബോബി ചെമ്മണ്ണൂരും വിവാദവും


വ്യവസായി ബോബി ചെമ്മണ്ണൂർ നടി ഹണി റോസിനെ കുറിച്ച് പരസ്യമായി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നത് 2025ന്റെ വർഷത്തിന്റെ തുടക്കത്തിൽ വലിയ വിവാദമായിരുന്നു. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയെ കുന്തിദേവി എന്ന് ബോബി ചെമ്മണ്ണൂർ വിളിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ആ ഇടയ്ക്ക് ശരീര ഘടനയുടെ പേരിൽ ഹണി റോസ് സൈബർ ബുള്ളിയിങ് അനുഭവിക്കുന്ന സമയമായിരുന്നു. അതിനിടയിലാണ് വിളിച്ച് വരുത്തി ദ്വയാർഥ പ്രയോ​ഗത്തോടെ നടിയെ കുറിച്ച് ബോബി ചെമ്മണ്ണൂർ സംസാരിച്ചത്. സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img