08:52am 13 November 2026
NEWS
ജിനീഷ് ജെറോണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആവുന്നത്ര സഹായമേകി ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
18/02/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജിനീഷ് ജെറോണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആവുന്നത്ര സഹായമേകി ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി : 2018 ലെ മഹാപ്രളയ വേളയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച് സംസ്ഥാനത്തിന്റെ സ്‌നേഹപാത്രമായിരിക്കേ വാഹനാപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി യുവാവിന്റെ ആശ്രിതര്‍ക്കായി സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായ നടപടികളും എടുത്തിട്ടുള്ളതായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പൂന്തുറ സ്വദേശി ജിനീഷ് ജെറോണിന്റെ മരണത്തോടെ ജീവിതം  ഇരുളടഞ്ഞുപോയ കുടുംബത്തോടുള്ള സാമൂഹിക ബാധ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജി ഇതോടെ ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാരെപ്പോലെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള നിയമപരവും ഭരണഘടനാപരവുമായ കടമകള്‍ നിറവേറ്റാനും  പ്രത്യേകിച്ച് ജിനീഷ് ജെറോമിന്റെ ആശ്രിതര്‍ക്കു മതിയായ തുണയേകാനും  സംസ്ഥാനത്തോടും അതിനു കീഴിലുള്ള സ്ഥാപനങ്ങളോടും കല്‍പ്പിക്കണമെന്നായിരുന്നു അഡ്വ. മാത്യൂസ്. ജെ. നെടുമ്പാറ വഴി മൈക്കിള്‍ വര്‍ഗീസ് ചെങ്ങാടക്കരി സമര്‍പ്പിച്ചിരുന്ന പൊതു നിയമ പരിഹാരം തേടുന്ന ഹര്‍ജിയിലെ അപേക്ഷ.

ജിനീഷ് മരിച്ചതിന് തൊട്ടുപിന്നാലെ  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി 10,000 രൂപ അനുവദിച്ച് കുടുംബത്തിന് നല്‍കിയെന്ന് സത്യവാംഗ്മൂലം വഴി കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷണല്‍ സെക്രട്ടറി ബിന്ദു സി വര്‍ഗീസ് കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,00,000 രൂപ ധനസഹായം നല്‍കി. തുടര്‍ന്ന്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, 9,90,000 രൂപ ജീനീഷിന്റെ  അമ്മയ്ക്ക് കൈമാറി.ജിനീഷ് ജെറോമിന്റെ മരണത്തിന് മുമ്പ് ചികിത്സാ ചെലവുകള്‍ക്കായി 70,000 രൂപ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിക്ക് നേരിട്ട് അനുവദിച്ചു.മരിച്ചയാളുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കി.  

പുനരധിവാസ നടപടികളുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയില്‍ പ്രത്യാശ/പുനര്‍ഗേഹം ഭവന പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ അനുവദിക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടികയില്‍ മരണപ്പെട്ടയാളുടെ പിതാവ് ജെറോം കമാലിയാസിന്റെ പേര് സീരിയല്‍ നമ്പര്‍ 130 ആയി ഉള്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ഗുണഭോക്തൃ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് നമ്പര്‍ 17 അദ്ദേഹത്തിന് അനുവദിച്ചുവെന്നും അഡീഷണല്‍ സെക്രട്ടറി  കോടതിയെ ബോധിപ്പിച്ചു. ഇതിനപ്പുറമായി ഫിഷറീസ് വകുപ്പിന്റെയോ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയോ നിലവിലുള്ള പദ്ധതികള്‍, നിയമങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കൂടുതല്‍ സാമ്പത്തിക സഹായം അനുവദനീയമല്ലെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.
   
ചെങ്ങന്നൂര്‍ മേഖലയില്‍ ജീവാപായ ഭീതിയില്‍പ്പെട്ട നൂറു കണക്കിന് പേരെ രക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്ന പൂന്തുറ പള്ളിയിടംപുരയിടത്തില്‍ ജെറോണ്‍ - സെല്‍വി ദമ്പതികളുടെ മകന്‍ ജിനീഷ് ജെറോണ്‍  (24) പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനകമാണ് മരണത്തിനു കീഴടങ്ങിയത്. കൊല്ലങ്കോട് തിരുമന്നം ജംഗ്ഷനിലായിരുന്നു അപകടം.നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ജിനീഷ് മരിച്ചു.ജിനീഷിനൊപ്പം ബൈക്കിന് പിന്നിലിരുന്ന പുന്തുറ സ്വദേശി ജഗന് പരിക്കേറ്റു.ജോലി തേടി തമിഴ്നാട്ടിലെ രാമന്തുറയിലേക്ക് പോവുകയായിരുന്ന ജിനീഷും ജഗനും സഞ്ചരിച്ച ബൈക്ക് വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

മൂത്തമകനായ ജീനീഷായിരുന്നു കുടുംബത്തിന്റെ ആശ്രയം. മത്സ്യത്തൊഴിലാളിയായ ജെറോണിന് ശാരീരിക അവശത കാരണം പണിക്ക് പോകാന്‍ കഴിയാതായതോടെയാണ് പ്ലസ്ടുവിന് ശേഷം ജിനീഷ് കടലില്‍പോകാന്‍ തുടങ്ങിയത്. അനുജന്‍മാരെ പഠിപ്പിക്കുന്നതും ജിനീഷായിരുന്നു. രാമന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളില്‍ ജോലി തേടിയാണ് ജനീഷും ജഗനും പുന്തുറയില്‍ നിന്ന് പുറപ്പെട്ടത്.

പളയകാലത്ത് അഞ്ചു ദിവസമാണ് ജിനീഷ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. രക്ഷയ്‌ക്കെത്തിയ ആദ്യ മത്സ്യത്തൊഴിലാളി സംഘത്തില്‍ അംഗമായിരുന്നു. പുതിയതുറ സ്വദേശിയായ ജോണി ചെക്കിട്ടയുടെ നേതൃത്വത്തിലാണ് ജിനീഷുള്‍പ്പെടെ ആറുപേര്‍ 'കോസ്റ്റല്‍ വാരിയേഴ്‌സ്' എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആഗസ്റ്റ് 17ന് പാണ്ടനാടെത്തിയ സംഘം 21 നാണ് മടങ്ങിയത്. 850 പേരെ രക്ഷിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img