05:19pm 09 November 2026
NEWS
നിലമ്പൂരിൽ പോരാട്ടച്ചൂട്: ആര് ചിരിക്കും, ആര് വിയർക്കും?
26/05/2025  09:16 AM IST
സുരേഷ് വണ്ടന്നൂർ
നിലമ്പൂരിൽ പോരാട്ടച്ചൂട്: ആര് ചിരിക്കും, ആര് വിയർക്കും?

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേ രള രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് അഭിമാന പ്രശ്നമാണ്. പി.വി. അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടതുമുന്നണിക്ക് നിലമ്പൂരിലെ വിജയം നിർണായകമാണ്.

യു.ഡി.എഫ്:  വികസനമില്ലായ്മ പ്രധാന ആയുധം .

കഴിഞ്ഞ ഒമ്പത് വർഷമായി എൽ.ഡി.എഫ് സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നും മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുന്നില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ചാലിയാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ഈ വാദങ്ങൾ ഉന്നയിക്കുന്നു. വന്യമൃഗ ശല്യം, പ്രളയ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. പി.വി. അൻവറിന്റെ രാജി ജനങ്ങളോടുള്ള വഞ്ചനയാണെങ്കിലും, അദ്ദേഹത്തിന്റെ പിന്തുണ യു.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം കരുതുന്നു. നിലമ്പൂർ ബൈപ്പാസ്, റെയിൽവേ, കർഷക പ്രശ്‌നങ്ങൾ, വിലക്കയറ്റം എന്നിവയിലെല്ലാം സർക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ്: ജനപിന്തുണ തങ്ങൾക്കെന്ന് വാദം

പി.വി. അൻവർ കാലാവധി പൂർത്തിയാക്കാതെ എം.എൽ.എ സ്ഥാനം രാജിവെച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ഇത് സാധാരണക്കാർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും സി.പി.എം നിലമ്പൂർ ബ്രാഞ്ച് സെക്രട്ടറി എം.വി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൽ.ഡി.എഫ് സർക്കാർ വീടുകൾ വെച്ച് നൽകിയത് വലിയ മാതൃകയാണെന്നും, ഭരണവിരുദ്ധ വികാരം ജനങ്ങളിലുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തവണത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാകുമെന്നും രാജേന്ദ്രൻ ഉറപ്പിച്ചുപറയുന്നു.

ബി.ജെ.പി: പുതിയ സാഹചര്യത്തിൽ സാധ്യതകൾ തേടുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ചതാണെന്ന് ബി.ജെ.പി അഭിപ്രായപ്പെടുന്നു. നിലമ്പൂരിലെ വ്യാവസായിക-വ്യാപാര മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും എൽ.ഡി.എഫും യു.ഡി.എഫുമാണ് ഈ തിരഞ്ഞെടുപ്പിന് കാരണമെന്ന അമർഷം ജനങ്ങൾക്കുണ്ടെന്നും ബി.ജെ.പി മുൻ നിലമ്പൂർ മണ്ഡലം പ്രസിഡന്റും ഈസ്റ്റ് ജില്ലാ ഉപാദ്ധ്യക്ഷനുമായ സുധീഷ് ഉൾപ്പടെ പറയുന്നു. എടക്കര ബൈപ്പാസ് മാത്രമാണ് ഇവിടെ നടന്ന ഏക വികസനമെന്നും മുണ്ടേരി-മേപ്പാടി റോഡിന്റെ പുനർനിർമ്മാണം, നഞ്ചൻകോടുമായി ബന്ധപ്പെട്ട നടപടികൾ, തടി വ്യവസായ മേഖലയിലെ തൊഴിലില്ലായ്മ, മുണ്ടേരി ഫാമിലെ വികസനമില്ലായ്മ എന്നിവയെല്ലാം ഈ സർക്കാരിന്റെ പോരായ്മകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ബി.ജെ.പിക്ക് മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും  പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ജനങ്ങൾ ആർക്കൊപ്പം നിൽക്കും? ആര് ചിരിക്കും, ആര് വിയർക്കും? കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img