
ദോഹ: ശനിയാഴ്ചമുതൽ കടുത്ത ചൂടിലേക്ക് കടന്നതായി കാലാവസ്ഥാ വകുപ്പ്.
ഖത്തറിന്റെ കരപ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം അതികഠിനമായ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Department of Meteorology) അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ മങ്ങൽ മൂടിയ (Hazy) അന്തരീക്ഷമായിരിക്കുമെങ്കിലും പകൽ സമയങ്ങളിൽ ചൂട് കടുക്കാനാണ് സാധ്യത. കടൽപ്രദേശങ്ങളിലും ഇടയ്ക്കിടെ മൂടൽ അനുഭവപ്പെട്ടേക്കാം.
കഴിവതും പകൽസമയങ്ങളിൽ കടുത്ത വെയിലും ചൂടും ഏൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.കരപ്രദേശങ്ങളിൽ തുടക്കത്തിൽ ദിശമാറി വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ/വടക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 3 മുതൽ 12 നോട്ടിക്കൽ മൈൽ വേഗതയിൽ വീശും. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 21 നോട്ട് വരെ ഉയർന്നേക്കാം. കടൽപ്രദേശങ്ങളിൽ പ്രധാനമായും തെക്കുകിഴക്കൻ/വടക്കുകിഴക്കൻ ദിശയിൽ നിന്ന് 3 മുതൽ 13 നോട്ട് വേഗതയിലായിരിക്കും കാറ്റ് വീശുക.











