
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ശമനമാകുന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദിവസങ്ങൾ കണക്കാക്കി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
മുന്നറിയിപ്പ് ഇങ്ങനെ
സെപ്റ്റംബർ 18ന് ഇടുക്കിയിലും 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉൾപ്പെടെ സെപ്റ്റംബർ 18 വരെ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നും നാളെയും മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിനാൽ മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ള മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം.










