02:15am 22 November 2026
NEWS
മലങ്കരസഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു പരിശുദ്ധ കാതോലിക്കാ ബാവാ.പാത്രിയർക്കീസ് ബാവായെ മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഒത്താശചെയ്തു
18/11/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു പരിശുദ്ധ കാതോലിക്കാ ബാവാ.പാത്രിയർക്കീസ് ബാവായെ മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഒത്താശചെയ്തു

കോട്ടയം : കോടതി വിധികളെയും, സഭാഭരണഘടനയെയും മറികടന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായെ മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിപ്പിച്ച സർക്കാർ നടപടി സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സർക്കാർ ഒത്താശയോടെയാണ് എല്ലാം നടന്നത്. ഇത് തികച്ചും ഖേദകരമാണ്. സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ട്. ശാശ്വത സമാധാനത്തിനായുള്ള നീതിയുക്തമായ പരിശ്രമങ്ങളെ സർക്കാർ തലത്തിൽ ഔദ്യോഗികമായി അട്ടിമറിക്കാൻ ശ്രമം നടന്നതായി കരുതുന്നു. ദേവലോകം അമരനയിൽ ചേർന്ന സഭയുടെ വിവിധ സമിതികളുടെ അടിയന്തരയോ​ഗ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് സഭയെ ആശ്ചര്യപ്പെടുത്തുന്നതാണ്. സമാധാനശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നായിരുന്നു സർക്കാർ ഹൈക്കോടതിൽ സ്വീകരിച്ച നിലപാട്. അത്തരത്തിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ല എന്ന സത്യം മറച്ചുവെയ്ക്കുകയാണ്. സഭ എക്കാലത്തും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ ആ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത് ഖേദകരമാണ്.  ഇത്തരം നടപടികൾക്കിടയിലും സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി. 

മുൻഗാമികളായ പിതാക്കന്മാർ എക്കാലത്തും നിലകൊണ്ടതുപോലെ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും.  സമാധാനത്തിന് വേണ്ടി ആ​ഗ്രഹിക്കണമെന്നും അതിനായി നിലകൊള്ളണമെന്നുമാണ് പൂർവ്വപിതാക്കൻമാർ പഠിപ്പിച്ചിട്ടുള്ളത്. 'സത്യം ജയിക്കും, സത്യം ജയിക്കും, സത്യം ജയിക്കും' എന്ന മുൻഗാമികളുടെ വാക്കുകൾ ആവർത്തിച്ചാണ് മലങ്കരസഭാധ്യക്ഷൻ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img