
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു
കേരളത്തിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും സി.പി.എമ്മിന് ഏറ്റവും വലിയ തിരിച്ചടിയും നൽകി യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ പത്തുവർഷത്തിനുശേഷം യു.ഡി.എഫ് തീർത്തത് മഹാവിസ്മയം. 99 സീറ്റിൽ നിന്നും 35 ലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂപ്പുകുത്തി വീണതിന് ബി.ജെ.പിയിലേക്കുള്ള സി.പി.എംന്റെ വോട്ടുചോർച്ച മുതൽ അതിശക്തമായ പിണറായി വിരുദ്ധ വികാരം വരെയുള്ള ഒട്ടനവധി കാരണങ്ങളുണ്ട്. ബി.ജെ.പി അക്കൗണ്ട് തുറന്നു എന്നുമാത്രമല്ല മൂന്ന് സീറ്റുമായി കേരള രാഷ്ട്രീയത്തിൽ ഇനി തങ്ങളും നിർണ്ണായക റോളിലുണ്ടാകും എന്ന് വരവ് അറിയിക്കുകയും ചെയ്തിരിക്കുന്നു.
ഒരു രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണം എന്ന നിലയിൽ 'കേരളശബ്ദം' എക്കാലവും നാടിന്റെ പുരോഗമന മതേതര മനസ്സ് നഷ്ടമാകാതിരിക്കാനാണ് ജാഗ്രത പാലിച്ചിട്ടുള്ളത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ നയസമീപനങ്ങൾ പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിലുള്ള സി.പി.എം പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ അതിനെ തിരുത്താൻ ഉത്തരവാദിത്വബോധമുള്ള പ്രസിദ്ധീകരണമെന്ന നിലയിൽ 'കേരളശബ്ദം' ശ്രമിച്ചിരുന്നു. അത്തരത്തിൽ സി.പി.എമ്മിന് സംഭവിച്ച നയവ്യതിയാനത്തിനെതിരെ പ്രതിരോധിച്ചവരുടെകൂടി വിജയമാണ് ഇത്തവണയുണ്ടായത്.
രാജ്യത്ത് എവിടേയും സി.പി.എം ഭരണപങ്കാളിത്തത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സി.പി.എം കേരളത്തിലും ജനമനസ്സുകളിൽ നിന്ന് തൂത്തെറിയപ്പെടാതിരിക്കണമെങ്കിൽ കേരളത്തിലെ സി.പി.എം അടിമുടി തിരുത്തേണ്ടിയിരിക്കുന്നു. അതിനാദ്യം വേണ്ടത് തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറയിലാണ്. എങ്ങനെയാണ് തങ്ങളുടെ ഭരണത്തിന് ജനം എതിരായതെന്നുള്ള തിരിച്ചറിയൽ. എന്നാൽ അതിനവർ തയ്യാറാകും എന്ന് തോന്നുന്നില്ല, ചില പ്രാഥമിക പ്രതികരണങ്ങൾ കണ്ടാൽ.
സി.പി.എമ്മുമായി ചേർന്നുനിൽക്കുന്ന സാംസ്‌ക്കാരിക പ്രമുഖർ പിണറായി വിജയനുശേഷം ഭാവി നേതാവായി വാഴ്ത്തുന്ന എം. സ്വരാജിന്റെ പ്രതികരണം തന്നെ ഉദാഹരണം: 'എൽ.ഡി.എഫ് നേരിടേണ്ടി വന്നത് അനർഹമായ പരാജയം. രണ്ട് തവണ അവർ ഭരിച്ചില്ലേ ഇനി ഒരു തവണ അവർ ഭരിക്കട്ടെ എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവും' എന്നായിരുന്നു സ്വരാജ് വിലയിരുത്തിയത്. ഡോ. തോമസ് ഐസക്ക് പ്രതികരിച്ചതു ഒരു കാലത്തുമില്ലാത്ത വികസനം 10 വർഷം കൊണ്ടുണ്ടാക്കിയ സർക്കാരിനെതിരെ യു.ഡി.എഫിന്റെ ദുഷ്പ്രചരണം മേൽക്കൈ നേടിയതുകൊണ്ടാണ് തിരിച്ചടി ഉണ്ടായെന്നാണ്. സി.പി.എം സെക്രട്ടറിയേറ്റ് പറയാൻ ശ്രമിച്ചത് അസാധാരണമായ നേട്ടമുണ്ടാക്കിയ എൽ.ഡി.എഫ് ഭരണത്തെ ജനങ്ങൾ അകാരണമായി തോൽപ്പിച്ചെന്നാണ്. ഈ പ്രതികരണങ്ങളെല്ലാം സൂചിപ്പിക്കുന്നത് സി.പി.എമ്മിന് ഇനിയും നേരം വെളുത്തിട്ടില്ലെന്നാണ്.
തെറ്റുപറ്റിയത് വോട്ടർമാർക്കല്ല നിങ്ങൾക്കാണ്. കേരളത്തിലെ വോട്ടർമാർ എക്കാലത്തേക്കാളും സൂക്ഷ്മമായി രാഷ്ട്രീയമായി വോട്ടുചെയ്ത തെരഞ്ഞെടുപ്പാണിത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഉയർന്ന ജനാധിപത്യ മതേതര നിലപാട് ജനങ്ങൾ ഉയർത്തിപ്പിടിച്ച തിരഞ്ഞെടുപ്പ്. ഒരുപാട് തെറ്റുതിരുത്തൽ രേഖകളിൽ എഴുതിവച്ചെങ്കിലും, ഏതെങ്കിലും തെറ്റ് നേതൃത്വം തിരുത്തിയിട്ടുണ്ടോ എന്ന് ആദ്യം നിങ്ങൾ ആലോചിക്കുക. വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ മാതൃകയിൽ പിണറായി വിജയന്റെ സമഗ്രാധിപത്യത്തിൽ മുന്നോട്ടുവെച്ച പുത്തൻ വർഗ്ഗത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-വികസന മാതൃകയെയാണ് കേരളത്തിലെ ഇടതുപക്ഷ മനസ്സ് ഉള്ള ജനം തിരസ്‌ക്കരിച്ചത്.
ആ തിരസ്‌ക്കാരം എത്ര മാരകമായിരുന്നുവെന്ന് പറയാതെ വയ്യ. സി.പി.എം സാമാജികരുടെ എണ്ണം 67 ൽ നിന്ന് 26 ലേക്ക് കൂപ്പുകുത്തി. 19 മന്ത്രിമാരിൽ 13 പേരും(പി. രാജീവ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ആർ. ബിന്ദു, ഒ.ആർ. കേളു, ജെ. ചിഞ്ചുറാണി, വീണാജോർജ്ജ്, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.അബ്ദുറഹിമാൻ) തോറ്റു. എൽ.ഡി.എഫ് കൺവീനറും തോറ്റു. എൽ.ഡി.എഫിലെ ഏഴ് ഘടകകക്ഷികൾക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. അതിൽ 12 പേരെ മത്സരിപ്പിച്ചു മൂന്നാമത്തെ ഘടകകക്ഷിയായ കേരളകോൺഗ്രസ് എമ്മും ഉൾപ്പെടുന്നു.
എൽ.ഡി.എഫിന്റെ 50 സിറ്റിംഗ് എം.എൽ.എമാർ തോറ്റു. സി.പി.എം മത്സരിപ്പിച്ച രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 56 പേരിൽ 21 പേർ മാത്രമാണ് ജയിച്ചത്. സി.പി.എം വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ജി. സുധാകരൻ 27935 വോട്ടിനും, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ 12551 വോട്ടിനും, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ 7457 വോട്ടിനുമാണ് ജയിച്ചത്. സി.പി.എം ഇന്നേവരെ തോറ്റിട്ടില്ലാത്ത തൃക്കരിപ്പൂരിലാണ് കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം, വയനാട്, മലപ്പുറം ജില്ലകളിൽ ഒരു സീറ്റുപോലും എൽ.ഡി.എഫിന് ലഭിച്ചില്ല.
എൽ.ഡി.എഫ് 2021 ൽ നേടിയ 45.28% എന്ന വോട്ടുവിഹിതം ഇത്തവണ പ്രാഥമിക കണക്കുകൾ പ്രകാരം 37.62% ആയി താണു. അതേസമയം യു.ഡി.എഫ് അവരുടെ വോട്ടുവിഹിതം 39.41 %ത്തിൽ നിന്നും 46.56% ആയി ഉയർത്തി. എൻ.ഡി.എയും അവരുടെ വോട്ടുവിഹിതം 12.52 ശതമാനത്തിൽ നിന്ന് 14.58% ആയി ഉയർത്തി. എൽഡിഎഫ് -യുഡിഎഫ് വ്യത്യാസം 8.94% ആണ്.
ഇത്രയും കനത്ത പ്രഹരം ജനങ്ങൾ നൽകിയിട്ടും, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ഓർത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ജനങ്ങൾ തിരസ്‌ക്കരിച്ചിട്ടും 2016 നുശേഷമാണ് കേരളത്തിൽ വികസനവും ഐശ്വര്യവും ഉണ്ടായെന്ന് സി.പി.എം നേതാക്കൾ മേനി പറയുന്നുവെങ്കിൽ അതിനർത്ഥം ശതകോടികൾ മുടക്കി നടത്തിയ ബഹുമുഖ പി.ആർ പ്രചാരണങ്ങളെയും പൊള്ളയായ അവകാശവാദങ്ങളെയും ജനങ്ങൾ വിശ്വസിച്ചില്ല, അവർ മാത്രം ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ്.
സി.പി.എംന്റെ കേഡർ സംവിധാനത്തിന്റെ മികവും എണ്ണയിട്ട യന്ത്രം പോലെയുള്ള തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും പഴങ്കഥയായി കഴിഞ്ഞു. സി.പി.എംന്റെ ബ്രാഞ്ച് കമ്മിറ്റികളും പാർട്ടി മെമ്പർമാരും അണികളും തിരഞ്ഞെടുപ്പുകാലത്ത് ഇത്ര ഉദാസീനരായി ഇത്ര നിസ്സംഗതയോടെ കാണപ്പെട്ട അനുഭവം മുമ്പില്ല. സൈബറിടത്ത് സമൂഹമാധ്യമങ്ങളിലെ പോരാളികൾ മാത്രമാണ് എല്ലുമുറിയെ പണിയെടുത്തത്. അതാവട്ടെ സാമാന്യജനങ്ങളെ വെറുപ്പിക്കുന്നതിന്റെ പരമാവധിയായിരുന്നു. പാർട്ടി അണികൾ ചെയ്യേണ്ട കാര്യങ്ങൾ 2016 മുതൽ പി.ആർ ഏജൻസികളേയും ഇവന്റ് മാനേജ്‌മെന്റുകളെയും ഏൽപ്പിച്ചപ്പോൾ കേഡർമാരും അണികളും ഈ വഴിക്ക് വിജയം വന്നോളും, ഇനി കേരളം ഭരിക്കാൻ തങ്ങളല്ലാതെ ആരുണ്ട് എന്ന് വിചാരിച്ചു.
2011-2016 ലെ ഉമ്മൻചാണ്ടി സർക്കാർ പുതിയ വികസനപദ്ധതികൾ കൊണ്ട് വരുന്നതിലും ജനസമ്പർക്ക ക്ഷേമപരിപാടികളിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് നടത്തിയത്. എന്നാൽ സോളാർകേസും ബാർകോഴ വിവാദവും ജനങ്ങൾ പൊറുത്തില്ല. അതിൽ ഉമ്മൻചാണ്ടിക്കെതിരായ സോളാർ കടന്നാക്രമണം ആസൂത്രിതവ്യക്തി ഹത്യയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും പിണറായി വിജയന് ഭരണത്തിന്റെ പ്രതാപകാലമായിരുന്നു.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായി പി.ആർ എജൻസികളുടെ നിർണ്ണായക ഇടപെടൽ ഉണ്ടാകുന്നത് 2016 ൽ പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലെത്തിക്കുന്നതിനാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മഹാപ്രളയവും കോവിഡ് മഹാമാരിയും ഉണ്ടായപ്പോൾ പ്രതിപക്ഷത്തിന് റോളില്ലാതായി. മഹാവിപത്തുകളിൽ നിന്ന് ജനത്തെ സംരക്ഷിച്ച ഏകരക്ഷകനായി പി.ആർ. ഏജൻസികൾ പിണറായി വിജയന്റെ ബിംബസൃഷ്ടി നടത്തി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സർക്കാർ നിലപാടും രാഹുൽ ഗാന്ധിക്കനുകൂലമായ ക്രിസ്ത്യൻ മുസ്ലീം ന്യൂനപക്ഷ ഏകീകരണവും 2019 ലെ ലോക്‌സഭ ഇലക്ഷനിൽ തിരിച്ചടിയായപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മതേതരനിലപാടിനേക്കാൾ പ്രധാനം പിണറായിയുടെ സി.പി.എംന് ഭരണത്തുടർച്ചയായി മാറി. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന പേരിൽ നടത്തിയ ആ കളികളിൽ ക്രിസ്ത്യൻ സമുദായത്തിനിടയിൽ കടുത്ത മുസ്ലീം വിരോധം പടർന്നു.
യു.ഡി.എഫിൽ ഉമ്മൻചാണ്ടിയെയും കെ.എം മാണിയെ അവർ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയെന്ന വികാരവും യു.ഡി.എഫ് വന്നാൽ ലീഗ് മുസ്ലീം ആധിപത്യമുണ്ടാകുമെന്ന വികാരവും മധ്യകേരളത്തിൽ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളെ യു.ഡി.എഫിൽ നിന്നകറ്റി. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിന്റെ സംഘടനാസംവിധാനമാകട്ടെ ഏറ്റവും ദുർബലവുമായിരുന്നു. ഹിന്ദുസമൂഹത്തിൽ ബി.ജെ.പി സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ 2021 വരെ ചോർച്ചയുണ്ടായതും കോൺഗ്രസിൽ നിന്നായിരുന്നു. ഇക്കാരണങ്ങളായെല്ലാം 2021 ൽ യു.ഡി.എഫ് 2021 ൽ തോറ്റമ്പി. ഭരണത്തുടർച്ചയുണ്ടായി.
2021 ൽ വിജയം മുന്നിൽ കണ്ട പിണറായി വിജയൻ സി.പി.എം എന്ന പാർട്ടിയിൽ തന്റെ സമഗ്രാധിപത്യം ഉറപ്പിച്ചു. പിണറായി നിശ്ചയിച്ച വ്യവസ്ഥകൾ, പിണറായി നിശ്ചയിച്ച മന്ത്രിമാർ. ഏതെങ്കിലും നിലയിൽ സ്വന്തമായി കഴിവ് തെളിയിച്ചവരും പരിചയസമ്പന്നരും ഒഴിവാക്കപ്പെട്ടു. 2021 നുശേഷം മന്ത്രിസഭയ്ക്കും പാർട്ടിക്കും തീർത്തും പ്രസക്തിയില്ലാതായി. തീരുമാനങ്ങൾ സകലതും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ചു മാത്രമായി.
പാർട്ടിയെന്നാൽ മുഖ്യമന്ത്രിയുടെ നിഴൽമാത്രമായി. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ ന്യായീകരിക്കുന്ന ജോലി മാത്രമേ പാർട്ടിക്കുള്ളൂ എന്ന സ്ഥിതിയായി. വിജയരാഘവൻ മുതൽ എം.വി. ഗോവിന്ദൻവരെ അതിനുപറ്റിയ ആളുകളെ മാത്രം പിണറായി പാർട്ടിയുടെ ചുമതലക്കാരായി നിയോഗിച്ചു. തെറ്റുതിരുത്തലും ഉൾപ്പാർട്ടി ചർച്ചകളും സ്വയം വിമർശനങ്ങളും പഴംകഥകളായി. തങ്ങല്ലാതെ ആരുണ്ട്, തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യും എന്ന ധാർഷ്ട്യം, എതിർശബ്ദങ്ങളോടുള്ള അസഹിഷ്ണുത, സേച്ഛാധിപത്യസമീപനം എല്ലാം ജനങ്ങൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സഞ്ചാരവഴികളിൽ പ്രതിഷേധിക്കാനിടയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കുന്ന നാടായി കേരളം മാറി. പ്രതിഷേധിച്ചവരെ മർദ്ദിച്ചൊതുക്കി.
മുഖ്യമന്ത്രിയുടെ ഉറ്റവരും പ്രിൻസിപ്പൽ സെക്രട്ടറിയും വരെ ഉൾപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ അനിവാര്യമായ അതിഗുരുതരമായ വിവിധ കുറ്റകൃത്യങ്ങൾ വെളിച്ചത്തുവന്നു. കേന്ദ്രത്തിലെ താക്കോൽ സ്ഥാനത്തുള്ളവരുമായി നടത്തിയ അതിസമർത്ഥമായ ഒത്തുതീർപ്പുകളിലൂടെ അതിലൊന്നും നടപടിയില്ലാതെ ഒതുക്കിത്തീർത്തു. പാർട്ടിയുടെ വർഗ്ഗക്കാഴ്ചപ്പാടും, പരിപാടിയും നയവും എല്ലാം തള്ളിക്കളഞ്ഞ്, മധ്യവർഗ്ഗ സമ്പന്നവർഗ്ഗ പിന്തുണയിലൂടെ സ്ഥിരമായി ഭരണത്തുടർച്ച എന്ന ലക്ഷ്യവും മറ്റ് ഭൗതിക നേട്ടങ്ങളും ലാക്കാക്കി ആഗോള കോർപ്പറേറ്റ് ബന്ധങ്ങളുള്ള റിട്ടയർ ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിണറായി വിജയൻ കെ.റെയിൽ പോലെയൊക്കെയുള്ള പുത്തൻ കോർപ്പറേറ്റ് വികസനം നവ വികസനമാതൃകയായി അവതരിപ്പിച്ചു. അതേസമയം ആശാവർക്കർമാർ മുതൽ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളെ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞു. എല്ലാം മനസ്സിലാക്കിയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും 2021 നുശേഷം സർക്കാരിനെതിരെ പ്രതികരിക്കാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല.
മറുവശത്ത് 2021 ഓടെ പരമ്പരാഗത വോട്ട് ബാങ്കുകൾ നഷ്ടപ്പെട്ട് മുന്നണി അടിത്തറ തകർന്ന് ബലാബലത്തിൽ എൽ.ഡി.എഫിനെക്കാൾ ബഹുദൂരം പിന്നിലായ കോൺഗ്രസിനെയും യു.ഡി.എഫിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം ഏൽപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി. സതീശനെ യു.ഡി.എഫ് ചെയർമാനാക്കുകയും കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കുകയും ചെയ്തു.
യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവും എന്ന നിലയിൽ വി.ഡി. സതീശൻ ആദ്യം ശ്രമിച്ചത് കോൺഗ്രസിൽ നിന്നകന്നുപോയിരുന്ന ജനവിഭാഗങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും അവരെയെല്ലാം തിരികെ കൊണ്ടുവരാനുമാണ്. മറ്റൊന്ന് യു.ഡി.എഫിനകത്തെ കക്ഷികൾ തമ്മിലുള്ള പരസ്പരവിശ്വാസവും അടുപ്പവും വർദ്ധിപ്പിച്ച് ഒറ്റടീമായി വാർത്തെടുത്തു എന്നതാണ്.
5 വർഷക്കാലം കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാടുകൾ എതിരാളികളെ ഭയപ്പെടുത്തുന്നതും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കെ. കരുണാകരനും ഉമ്മൻചാണ്ടിക്കും ശേഷം സി.പി.എം തങ്ങൾക്ക് വൻഭീഷണിയായി കണ്ട നേതാവ്. സി.പി.എമ്മിന്റെ ശക്തിയും ദൗർബല്യവും പി.ആർ. വർക്കിന്റെ വ്യാപ്തിയും തിരിച്ചറിഞ്ഞ സതീശൻ നിയമസഭയ്ക്കകത്തും പുറത്തും പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ പൊള്ളത്തരത്തെ, വർഗ്ഗീയതയ്‌ക്കെതിരായ പ്രസംഗങ്ങളുടെ കാപട്യത്തെ, ഇരട്ടത്താപ്പിനെ തുറന്നുകാട്ടി പൊളിച്ചടുക്കി.
ഉറച്ച മതേതര നിലപാടിലൂടെ ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളുടെ വിശ്വാസവും പിന്തുണയും യു.ഡി. എഫിനുവേണ്ടി സതീശൻ നേടിയെടുത്തു. 2024 ലെ ലോക്‌സഭാ ഇലക്ഷന് മുമ്പ് മുസ്ലീം പ്രീണനത്തിനായി മുഖ്യമന്ത്രിയും പാർട്ടിയും നടത്തിയ പ്രകടനങ്ങൾ ജനങ്ങളെല്ലാം കണ്ടതാണ്. അത് നിഷ്ഫലമായപ്പോൾ, പാർട്ടിയിലെ വോട്ടുകളും ബി.ജെ.പിക്കുചോരുന്നുണ്ട് എന്നുകണ്ടപ്പോൾ എന്നാലിനി കുറച്ചു ഹിന്ദുത്വ ലൈനിലേക്ക് നീങ്ങിക്കളയാം എന്ന നിലയിൽ മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയുമാണ് തങ്ങൾ വിമർശിക്കുന്നത് എന്ന മട്ടിൽ സംഘപരിവാറിനെപ്പോലും കടത്തിവെട്ടുംവിധം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വക്താക്കളായ വെള്ളാപ്പള്ളി നടേശൻ, വിജയരാഘവൻ, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ നടത്തിയ മുസ്ലീം വിദ്വേഷ പരാമർശങ്ങൾ യഥാർത്ഥ ഇടതുപക്ഷ പുരോഗമന മനസ്സുള്ളവർക്ക് സഹിക്കാവുന്നതിനപ്പുറത്തായിരുന്നു.
അങ്ങനെ വർഗ്ഗീയതയുടെ കാര്യത്തിലായാലും വികസന നയത്തിലായാലും സി.പി.എംനും മുന്നണിക്കും അവരുടെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടപ്പോൾ അവസരത്തിനൊത്ത് ഉയർന്ന വി.ഡി. സതീശൻ തങ്ങൾ നെഹ്‌റുവിയൻ ലെഫ്റ്റാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിൽ തോറ്റാലും മതേതര നിലപാട് കൈവിടില്ലെന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. സുകുമാരൻനായരും വെള്ളാപ്പള്ളി നടേശനും എസ്.ഡി.പി.ഐയും ഒരേപോലെ ഒരാളെ എതിർക്കുന്നുവെങ്കിൽ അയാളാണ് യഥാർത്ഥ മതേതരവാദി എന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് പ്രയാസം ഉണ്ടായില്ല.
സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ അപചയത്തിൽ മനംനൊന്ത, പാർട്ടി നിലനിൽക്കാൻ ഭരണത്തുടർച്ച ലഭിക്കരുതെന്നാഗ്രഹിക്കുന്ന, പിണറായി വിജയന്റെ അപ്രമാദിത്വത്തിൽ അമർഷമുള്ള അനേകം സി.പി.എമ്മുകാരും ഇടതുപക്ഷക്കാരുമായി ബന്ധം പുലർത്താനും അവരുടെ വോട്ടുകൾ കൂടി കരസ്ഥമാക്കാനുമുള്ള തന്ത്രപരമായ സമീപനവും ആവിഷ്‌ക്കരിക്കാൻ വി.ഡി. സതീശനായി.
കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ സമീപകാലത്ത് എ.ഐ.സി.സിക്ക് വിവരം കൊടുത്ത കനഗോലുവിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റും വിലയിരുത്തലും സമാനതകളില്ലാത്തതായി. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ 2024 ലെ ലോക്‌സഭാ ഇലക്ഷനിൽ 2025 ലെ തദ്ദേശ ഇലക്ഷനിൽ എല്ലാം കേരളം പ്രതിപക്ഷ നേതാവിന്റെ ആ മികവ് കണ്ടു.
ജനങ്ങൾക്കിടയിൽ വി.ഡി. സതീശനുള്ള മതിപ്പും വിശ്വാസ്യതയും തങ്ങൾക്ക് ഭീഷണിയാണെന്ന് കണ്ടിട്ടാണ് സി.പി.എം ഒരു തീരുമാനത്തിന്റെയടിസ്ഥാനത്തിൽ ആസൂത്രിതവും സംഘടിതവുമായി സതീശൻ നുണേശനാണ് പറയുന്നതെല്ലാം നുണയാണ് എന്ന ഒരു നരേറ്റീവ് പ്രചരിപ്പിച്ചത്.
വെള്ളാപ്പള്ളിയും മറ്റും യു.ഡി.എഫ് ചെയർമാനായ വി.ഡി. സതീശനെ നികൃഷ്ടമായി കടന്നാക്രമിച്ചിട്ടും ഒരു വാക്കുകൊണ്ടുപോലും പ്രതിരോധിക്കാതിരുന്ന എ.ഐ.സി.സി, കെ.പി.സി.സി നേതാക്കൾ സതീശനെ നുണയനെന്ന് സി.പി.എം അധിക്ഷേപിച്ചപ്പോഴും തങ്ങൾ മാവിലായിക്കാരനാണെന്ന സമീപനമാണ് സ്വീകരിച്ചത്.
പുതുയുഗയാത്ര എന്ന പരിപാടിയിലൂടെ അണികളെ ആവേശം കൊള്ളിക്കുക മാത്രമല്ല ചെയ്തത്, തങ്ങൾ അധികാരത്തിൽ വന്നാൽ ഇപ്പോഴത്തെ ഭരണവീഴ്ചകൾക്ക് ബദലായി എന്തായിരിക്കും തങ്ങളുടെ സമീപനം എന്ന് വ്യക്തമാക്കാനും പ്രതിപക്ഷ നേതൃത്വത്തിന് സാധിച്ചപ്പോൾ ഭരണവിരുദ്ധ ചിന്താഗതിയുള്ളവർക്ക് മുഴുവൻ പ്രതിപക്ഷത്തോട് ആഭിമുഖ്യവും വർദ്ധിച്ചു. ഒരു നേതാവെന്ന നിലയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ നേടാനും വി.ഡി. സതീശന്റെ നിലപാടുകൾ, പ്രഭാഷണങ്ങൾ സഹായിച്ചു.
യു.ഡി.എഫ് രാഹുൽഗാന്ധിയെ ക്കൊണ്ട് ചില സൗജന്യഗ്യാരണ്ടികൾ പ്രഖ്യാപിപ്പിച്ചു. അതേത്തുടർന്ന് എൽ.ഡി.എഫും പല സൗജന്യങ്ങളും പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിലെ പ്രബുദ്ധതരായ ജനം ഈ സൗജന്യങ്ങൾ കണ്ടുകൊണ്ടല്ല മതേതര കേരളം നിലനിൽക്കണം എന്ന് രാഷ്ട്രീയമായി ചിന്തിച്ചുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
മൂന്ന് എം.എൽ.എമാരെ വിജയിപ്പിച്ചുകൊണ്ട് കേരളരാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത മൂന്നാം മുന്നണിയായി ബി.ജെ.പി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
കുടുതൽ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിച്ചുകൊണ്ട് ബി.ജെ.പിയുടെ വളർച്ച തടയാം എന്ന് സി.പി.എം കരുതുന്നുവെങ്കിൽ, അതിനേക്കാൾ വലിയ മൗഢ്യം ഇല്ല. ജനങ്ങൾ എത്രമാത്രം രാഷ്ട്രീയമായി ചിന്തിക്കുന്നവരാണെന്നതിനുള്ള തെളിവാണ് നാളെ യു.ഡി.എഫ് ഭരണത്തിന് ബാധ്യതയാകുമായിരുന്ന ഒറ്റപ്പാലത്തെ പി.കെ. ശശിയുടെയും ബേപ്പൂരിലെ പി.വി. അൻവറിന്റെയും പരാജയം.
യു.ഡി.എഫിന്റെ ഈ ഐതിഹാസിക വിജയത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, ക്രൗഡ് പുള്ളറായ ഷാഫിപറമ്പിലുമടക്കം നിരവധിപ്പേർ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫ് വിജയത്തിന്റെ മുഖ്യശിൽപ്പി വി.ഡി. സതീശനാണെന്നതിൽ ജനങ്ങൾക്ക് തർക്കമുണ്ടാവില്ല.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഫെബ്രുവരി ആദ്യം മുതൽ മാർച്ച് ആദ്യം വരെ 25 ദിവസങ്ങളിലായി കേരളത്തിലങ്ങോളം ഇങ്ങോളം പ്രതിപക്ഷ നേതാവ് നടത്തിയ യാത്രയിൽ 121 പൊതുസമ്മേളനങ്ങളിലും അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. 100 ലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും പലതവണ തന്റെ കണക്ക് ആവർത്തിച്ചു. ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടും, ചിലപ്പോൾ ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ മാറാം. എന്നാൽ മുഖ്യമന്ത്രിയടക്കം എല്ലാവരും അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. എൽ.ഡി.എഫിന് ഭൂരിപക്ഷം പ്രഖ്യാപിച്ച പെയ്ഡ് പ്രീപോൾ സർവ്വേകൾ ഒപ്പത്തിനൊപ്പം എന്നുപറഞ്ഞ എക്‌സിറ്റ് പോൾ ഫലങ്ങൾ ഒന്നും ജനങ്ങളുടെ പൾസ് അറിയുന്ന നേതാവിനെ ബാധിച്ചില്ല.
ഭരണവിരുദ്ധ വികാരം മാത്രമായിരുന്നെങ്കിൽ അത് യു.ഡി.എഫിനും എൻ.ഡി.എക്കുമായി വിഭജിക്കപ്പെടുമ്പോൾ ഇടതുമുന്നണിക്ക് കഷ്ടിച്ചെങ്കിലും തുടരാനാകുമായിരുന്നു. എന്നാലുണ്ടായത് അത് മാത്രമല്ല, മതേതര വോട്ടുകളുടെ യു.ഡി.എഫിന് അനുകൂലമായ കേന്ദ്രീകരണം, സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള വോട്ടുചോർച്ച, സി.പി.എം അണികളും ഇടതുചിന്താഗതിക്കാരും സി.പി.എംനെ തിരുത്താനാഗ്രഹിച്ചത്, സർവ്വോപരി ഒരു വലിയ ബിംബമായി അവതരിപ്പിച്ച പിണറായി വിജയനോടുള്ള വിരോധം അങ്ങനെ പല കാരണങ്ങളാണ്.











