
കൊച്ചി: പ്രതിപക്ഷ നേതാവിനെ പോലും അകാരണമായി വിമർശിക്കുന്ന അമ്മാവൻ സിൻഡ്രം ആണ് പി. രാജീപിന് ഉള്ളതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാടിന്റെ പുരോഗതിയും സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും അനുസരിച്ചുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്ന കാര്യത്തിലും നടത്തികൊണ്ടുപോകുന്ന കാര്യത്തിലും സംസ്ഥാന സർക്കാരിനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിയായ പി. രാജീവിനും താൽപര്യമില്ലാത്തതുകൊണ്ടാണ് ഇ. ശ്രീധരന്റെ പദ്ധതിയായ അതിവേഗ റെയിൽവേ നടപടികൾ തങ്ങൾക്കിഷ്ടമില്ല എന്ന് അവർ പറയുന്നത്. ഇ. ശ്രീധരന്റെ പ്രവർത്തനങ്ങൾ കേരളത്തിന് ആവശ്യമാണെന്ന് നിരന്തരം ആവശ്യപ്പെട്ട നേതാവായിരുന്നു പി. രാജീവ്. കൊച്ചി മെട്രോയുടെ നിർമാണ സമയത്ത് ഇ. ശ്രീധരനെ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ല എന്നുള്ള വ്യക്തമായ നിലപാട് സ്വീകരിച്ച് യുഡിഎഫ് സർക്കാരിന് എതിരായി വലിയ വിവാദങ്ങൾ ഉണ്ടാക്കിയ പി. രാജീവ് എന്തുകൊണ്ടാണ് അതിവേഗ റെയിൽവേ പദ്ധതിയെ എതിർക്കുന്നത്. പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ട് എന്ന് പറഞ്ഞ് അത് പരിശോധിക്കാൻ ഇ. ശ്രീധരനെ കൊണ്ട് വരുകയും ലോഡ് ടെസ്റ്റ് പോലും നടത്താതെ പാലം പൊളിക്കാനുള്ള റിപ്പോർട്ട് എഴുതി വാങ്ങുകയും ചെയ്ത സിപിഎം നേതാവായിരുന്നു പി. രാജീവ്. അന്ന് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ നടത്തിയ ബോധപൂർവമായ ശ്രമമാണ് അന്ന് നടന്നത്. അന്ന് ഇ. ശ്രീധരന്റെ സഹായം പി. രാജീവിന് ആവശ്യമായിരുന്നു. എന്നാൽ ഇന്ന് നേർ വിപരീതമായാണ് പ്രവർത്തിക്കുന്നത്. ഗയിൽ ഗ്യാസ് ലൈൻ പദ്ധതിയുമായി ബന്ധപെട്ട് ഭൂമിക്കടിയിൽ ബോംബാണെന്ന് പറഞ്ഞു സമരം ചെയ്ത ആളാണ് രാജീവ്. ഇന്ന് അതിന്റെ മുഴുവൻ പിതൃത്വവും ഏറ്റെടുക്കാൻ നടക്കുകയാണ്. ഇ. ശ്രീധരനെ പോലൊരു വ്യക്തിയുടെ രാഷ്ട്രീയമോ വ്യക്തിപരമായ താൽപര്യങ്ങളോ അല്ല മറിച്ച് അദ്ദേഹത്തിന്റ സാങ്കേതിക പരിജ്ഞാനം നാടിന് ആവശ്യമാണ്. അദ്ദേഹത്തിന്റെ അതിവേഗ റെയിൽ പോലെയുള്ള വലിയ പദ്ധതികൾ നടപ്പിലാക്കാൻ കേരളത്തിലെ ഭരണ സമിതി എന്ത്‌കൊണ്ടാണ് മടിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച കെ. റെയിൽ എവിടെയാണ്. മഞ്ഞകുറ്റികൾ എല്ലാം എടുത്തു കളയേണ്ട സാഹചര്യമാണിപ്പോഴുള്ളത്. കരാർ കമ്പനികൾ പണം നൽകാത്തതിന്റെ പേരിൽ കൊച്ചി മെട്രോക്ക് എതിരെ സമരം നയിച്ച ആളാണ് പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ ലക്ഷകണക്കിന് സംരംഭങ്ങൾ ആരംഭിച്ചു എന്ന് ഊറ്റം കൊള്ളുന്ന രാജീവ് എന്തുകൊണ്ട് ആ പട്ടിക പുറത്ത് വിടുന്നില്ല എന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി 9 ആം തീയതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന കളമശ്ശേരി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല എന്ന് മാത്രമല്ല, 100 രോഗികൾക്ക് പോലും ചികിത്സ കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് തട്ടിക്കൂട്ട് ഉദ്ഘാടന മാമാങ്കങ്ങൾ നടത്താനാണ് ഇപ്പോൾ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Photo Courtesy - Google








