02:49am 07 November 2026
NEWS
ആനയെ കൊന്ന് തിന്നാൻ നിർദ്ദേശിക്കുന്ന ഭരണകൂടം
09/06/2025  01:22 PM IST
nila
ആനയെ കൊന്ന് തിന്നാൻ നിർദ്ദേശിക്കുന്ന ഭരണകൂടം

മലയാളികൾക്ക് ആനകളോടുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആനക്കമ്പം മൂത്ത മലയാളികൾക്കിടയിൽ ആനപ്രേമി സംഘങ്ങൾ തന്നെയുണ്ട്. പല ​ഗജരാജന്മാർക്കും വലിയ ആരാധകവൃന്ദം ഈ നാട്ടിലുണ്ട്. നാട്ടാനകൾക്ക് മാത്രമല്ല, കൊലയാളികളായ പല കാട്ടാനകൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്. അരിക്കൊമ്പനും ചക്കക്കൊമ്പനും പടയപ്പയുമൊക്കെ പല മലയാളികളുടെയും ആരാധനാ പാത്രങ്ങളാണ്. ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ആനകളോട് ഇഷ്ടമുള്ള ആളുകളുണ്ടെങ്കിലും ആനകളെ മലയാളികളോളം ഹൃദയത്തിലേന്തുന്ന ജനത വേറെയുണ്ടോ എന്ന് സംശയമാണ്. നിരവധി മനുഷ്യരെ നിലത്തടിച്ചും ചവിട്ടിയരച്ചും കൊന്നിട്ടും അവയെ വെറുക്കാത്തതിന് കാരണം ആ ഹൃദയബന്ധമാണുതാനും. എന്നാൽ, ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് സിംബാബ്‌വെ എന്ന രാജ്യത്തെ അവസ്ഥ. ആനകളെ കൊന്ന് അവയുടെ മാംസം ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകാനൊരുങ്ങുകയാണ് ഈ രാജ്യം. 

കേൾക്കുമ്പോൾ തന്നെ അമ്പരപ്പും അത്ഭുതവും അറപ്പും അമർഷവുമൊക്കെ നിങ്ങളുടെ മനസ്സിൽ ഉയരുന്നില്ലേ? എന്തിനാണ് ഒരു സർക്കാർ തന്നെ ഇത്തരമൊരു തീരുമാനം എടുത്തത് എന്ന ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയരുന്നില്ലേ? മനുഷ്യരെ ക്രൂരമായി വേട്ടയാടുന്ന തെരുവ് നായകളെയും കാട്ടുപന്നികളെയും പോലും കൊല്ലാൻ നിയന്ത്രണമുള്ളൊരു നാട്ടിൽ നിന്നാണ് നാം സിംബാബ്വെയുടെ പുതിയ തീരുമാനത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്നോർക്കണം. ഇനി നമുക്ക് സിംബാബ്വെയിലെ ആനകളുടെ അവസ്ഥയൊന്നറിഞ്ഞുവരാം..

ഇത് സിംബാബ്വെയിലെ സേവ് വാലി കൺസർവൻസി ഗെയിം റിസർവ്. രാജ്യത്തിന്റെ രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ സംരക്ഷിത വനമേഖല സ്ഥിതി ചെയ്യുന്നത്. സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്റ് അതോറിറ്റി പ്രകാരം ഇവിടെ നിലവിൽ ഏകദേശം 2,550 ആനകളുണ്ട്. രണ്ടായിരത്തഞ്ഞൂറ് ആനകളൊരു പ്രശ്നമാണോ എന്ന് ചോദിക്കാൻ വരട്ടെ. സേവ് വാലി കൺസർവൻസി ഗെയിം റിസർവിന്റെ പാരിസ്ഥിതിക വാഹക ശേഷി എത്രയെന്ന് അറിഞ്ഞാൽ മാത്രമേ ഇതെത്ര കൂടുതലാണെന്ന് നമുക്ക് മനസ്സിലാകൂ. 800 ആനകളാണ് ഈ കാടിന്റെ പാരിസ്ഥിതിക വാഹക ശേഷി.  800 നെക്കാൾ എത്രയോ വളരെ കൂടുതലാണ് 2,550 എന്നാലോചിച്ചു നോക്കൂ. ഈ സാഹചര്യം സുസ്ഥിരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റി പുതിയ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ആനകളുടെ ഈ ബാഹുല്യം ആവാസവ്യവസ്ഥയിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മനുഷ്യ-വന്യജീവി സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

ഒന്നോ രണ്ടോ ആന കാടിറങ്ങി വന്നാൽ കേരളത്തിലെ വനാതിർത്തി പ്രദേശങ്ങളിലുണ്ടാകുന്ന പുകില് നമുക്കറിയാം. നമ്മുടെ കാടുകളിൽ ആനകൾ അത്ര കൂടുതലല്ല എന്നോർക്കണം. എന്നിട്ടും കാടിറങ്ങി വരുന്ന ആനകൾ ജനവാസ മേഖലയിൽ മനുഷ്യരുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കാറുണ്ട്. അപ്പോൾ നൂറുകണക്കിന് ആനകൾ തിങ്ങിഞെരുങ്ങി കഴിയുന്നൊരു കാടും അതിനോട് ചേർന്നുള്ള ജനവാസ മേഖലകളും നേരിടുന്ന പ്രശ്നങ്ങൾ ഒന്നാലോചിച്ച് നോക്കൂ. 

ആനകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് പരിഹാരമായാണ് ആനകളെ കൊന്ന് മാംസം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സിംബാബ്‌വേ. തീരുമാനിച്ചിരിക്കുന്നത്. സേവ് വാലി കൺസർവൻസി ഗെയിം റിസർവിൽ അമ്പതോളം ആനകളെയാണ് ആദ്യഘട്ടത്തിൽ കൊലപ്പെടുത്തുക. സിംബാബ്‌വെ പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് അതോറിറ്റിയെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ബോട്‌സ്വാന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്‌വേ. ആനകളുടെ ക്രമാതീത വർധനവിൽ പൊറുതിമുട്ടുകയാണ് ഈ രാജ്യം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, സമ്മർദ്ദം ലഘൂകരിക്കുന്നതിനായി അധികൃതർ 200 ആനകളെ മറ്റ് പാർക്കുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. എന്നാൽ ആ ശ്രമങ്ങൾ പര്യാപ്തമായില്ല.  കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരൾച്ചയും സ്ഥിതി കൂടുതൽ വഷളാക്കി. ഭക്ഷണവും വെള്ളവും തേടി കാടിറങ്ങി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയാൻ ആനകൾ നിർബന്ധിതരായി. 

കാര്യങ്ങൾ കയ്യിൽനിൽക്കാതെ വന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണം. മാംസം പ്രദേശവാസികൾക്കും ആനക്കൊമ്പ് വൈൽഡ് ലൈഫ് അതോറിറ്റിക്ക് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സിംബാബ്വെയ്ക്ക് ആനക്കൊമ്പുകളുടെ ശേഖരം വിൽക്കാൻ കഴിയില്ല. ആനക്കൊമ്പ് വ്യാപാരത്തിന് ആഗോളതലത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് ആനക്കൊപ്പ് വിൽപ്പന സാധിക്കാതെ വരുന്നത്. നിയമപരവും ധാർമ്മികവുമായ കാരണങ്ങളാൽ ആനമാംസം കഴിക്കുന്നവരും വിരളമാണ്.

സമീപ വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് സിംബാബ്‌വെ ആനകളെ കൊല്ലുന്നത്. 2024-ൽ രാജ്യം ചരിത്രത്തിൽ അന്നുവരെ നേരിട്ടിട്ടില്ലാത്ത വരൾച്ചയെ നേരിട്ടപ്പോഴാണ് 200 ആനകളെ കൊല്ലാൻ അനുമതി നൽകിയത്. 1988 ന് ശേഷം ആദ്യമായായിരുന്നു സിംബാബ്വെയിൽ അന്ന് ആനകളുടെ കൂട്ടക്കൊല നടന്നത്. 

അതേസമയം,  ആനകളെ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള സിംബാബ്വെ സർക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകം ഇവിടുത്തെ ആനകളാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു രാജ്യം ആനകളെ കൊല്ലുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുമെന്നും ദീർഘകാല സംരക്ഷണ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നും സംരക്ഷകരും ടൂറിസം വക്താക്കളും വാദിക്കുന്നു.

ഹരാരെയിൽ 230 കിലോഗ്രാമിൽ കൂടുതൽ അനധികൃത ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചതിന് നാല് പേർ അറസ്റ്റിലായത് അടുത്തിടെയാണ്. ആനകളെ കൊല്ലാനുള്ള തീരുമാനം ആനവേട്ട സജീവമാക്കുമെന്നും വേട്ടയാടലിന്റെയും കരിഞ്ചന്ത കടത്തിന്റെയും തുടർച്ചയായ വെല്ലുവിളികൾ ഉയരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ആനകളെ കൊന്നൊടുക്കൽ പരിപാടി എത്ര കാലം നീണ്ടുനിൽക്കുമെന്നോ എത്ര ആനകളെ ഒടുവിൽ കൊല്ലാൻ കഴിയുമെന്നോ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ആവാസവ്യവസ്ഥയെയും ചുറ്റുമുള്ള സമൂഹങ്ങളെയും സംരക്ഷിക്കാൻ നടപടി ആവശ്യമാണെന്ന് സർക്കാർ പറയുന്നു. സിംബാബ്വെയിലെ ആനകൾക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img